ഇരട്ടിമധുരവുമായി സാനിയ മിര്‍സ; വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ്സ്ലാം പോരാട്ടത്തില്‍ ഇരട്ടിമധുരം പകര്‍ന്ന് സാനിയ മിര്‍സ. വിംബിള്‍ഡണിനു പിന്നാലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടവും ലോക ഒന്നാം സീഡായ ഇന്തോ-സ്വിസ് സഖ്യം നേടി. യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സ് കിരീടം സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് ഓസ്‌ട്രേലിയയുടെ കാസേ ഡെല്ലക്വ-യരോസ്ലാവ ഷ്വേദോവ സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ കിരീടനേട്ടം. സ്‌കോര്‍ 6-3, 6-3. സാനിയ-ഹിംഗിസ് സഖ്യത്തിന്റെ ഈ വര്‍ഷത്തെ രണ്ടാം ഗ്ലാന്‍ഡ്സ്ലാം കിരീട നേട്ടമാണിത്. ഇതോടെ സാനിയയുടെ ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടം അഞ്ചായി. ജയം ഹിംഗിസിന് യുഎസ് ഓപ്പണില്‍ ഇരട്ട നേട്ടമായി. ഇന്ത്യന്‍ ജോഡിയായ ലിയാന്‍ഡര്‍ പേസിനൊപ്പം മിക്‌സഡ് ഡബിള്‍സിലും ഹിംഗിസ് കിരീടം നേടിയിരുന്നു.

അനായാസമായിരുന്നു ഓസീസ്-കസാഖ് സഖ്യത്തിനു മേല്‍ സാനിയ-ഹിംഗിസ് സഖ്യത്തിന്റെ ജയം. രണ്ട് സെറ്റുകളും ഏകപക്ഷീയമെന്ന രീതിയിലാണ് സാനിയ സഖ്യം നേടിയത്. സെര്‍വുകള്‍ ഭേദിക്കുന്നതില്‍ ഓസീസ്-കസാഖ് സഖ്യം തുടര്‍ച്ചയായി പരാജയപ്പെട്ടു. ഇത് സാനിയ സഖ്യത്തിന് ജയം അനായാസമാക്കുകയും ചെയ്തു. 70 മിനിറ്റാണ് പോരാട്ടം നീണ്ടുനിന്നത്. കഴിഞ്ഞ മാസം നടന്ന വിംബിള്‍ഡണ്‍ കിരീടവും ചൂടിയ സാനിയയ്ക്ക് സീസണില്‍ ഇത് ഇരട്ടിമധുരമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News