ഏതന്‍സ്: അയ്‌ലന്‍ കുര്‍ദിയെന്ന മൂന്നുവയസ്സുകാരന്‍ ലോകത്തിന്റെ കണ്ണുനനയിച്ചിട്ട് അധികം നാളായില്ല. ഗ്രീസിന്റെ തീരത്ത് അടുത്തിടെയുണ്ടായ ഏറ്റവും വലിയ ദുരന്തത്തില്‍ നിന്നുള്ള ചിലദൃശ്യങ്ങള്‍ ആരുടെയും ഹൃദയം തകര്‍ക്കും. മുഴുവനായി വസ്ത്രങ്ങളാല്‍ മറച്ച് തന്റെ രണ്ടുമാസം മാത്രം പ്രായമായ കുഞ്ഞിനെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ വെള്ളത്തിന് മുകളില്‍ ഉയര്‍ത്തിപ്പിടിച്ച് നീന്തുന്ന പിതാവിന്റെ ചിത്രം. ഗ്രീക്ക് തീരത്ത് അഭയാര്‍ത്ഥി ബോട്ട് മുങ്ങിയുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ തീരത്തേക്ക് നീന്തുന്ന ചിത്രങ്ങള്‍ ആരുടെയും കരളലിയിക്കും. ഫാര്‍മകോണിസി തീരത്ത് ബോട്ട് മുങ്ങി 34 അഭയാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ഗ്രീസിലെ ഹോളിഡേ ദ്വീപിന് 100 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്.
നാല് പിഞ്ചുകുഞ്ഞുങ്ങളും അഞ്ച് പെണ്‍കുട്ടികളും അടക്കം 15 കുട്ടികള്‍ മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിലെ അഭയാര്‍ത്ഥികള്‍ക്കു നേരെ ഗ്രീസ് മുഖം തിരിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടാകുന്നത്. ഗ്രീ്‌സ് തീരത്ത് അടുത്തിടെ ഒരു അപകടത്തില്‍ മാത്രം ഇത്രയധികം പേര്‍ കൊല്ലപ്പെടുന്നത് ഇതാദ്യമാണ്. 68 പേരെ കടലില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ സംഘം രക്ഷപ്പെടുത്തി.
മറ്റു 28 പേര്‍ നീന്തിക്കയറിയതായി അധികൃതര്‍ അറിയിച്ചു. തുര്‍ക്കി തീരത്തുനിന്ന് 12 മൈല്‍ അകലെയാണ് അപകടം ഉണ്ടായത്. കാണാതായ നാല് കുട്ടികള്‍ക്കായി കോസ്റ്റ്ഗാര്‍ഡ് ഇപ്പോഴും തെരച്ചില്‍ നടത്തുകയാണ്.
ആഭ്യന്തര കലഹം രൂക്ഷമായ സിറിയയില്‍ നിന്നും അഫ്ഗാനിസ്താനില്‍ നിന്നും പതിനായിരങ്ങളാണ് അഭയാര്‍ത്ഥികളായി യൂറോപ്യന്‍ തീരത്തേക്ക് കടക്കുന്നത്. ഇതിനകം തന്നെ 3,80,000 പേര്‍ കടല്‍ മാര്‍ഗം യൂറോപ്പിലെത്തിയിട്ടുണ്ട്. 2,60,000 പേര്‍ ഗ്രീസിലേക്കും 1,21,000 പേര്‍ ഇറ്റലിയിലേക്കുമാണ് കടന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകളിലാണ് ഇതുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here