വികസനത്തിനായി ആരാധനാലയവും സ്‌കൂളും സെമിത്തേരിയും വിട്ടുകൊടുത്തു; അഞ്ച് പതിറ്റാണ്ട് കഴിഞ്ഞിട്ടും പട്ടയം ലഭിക്കാത്ത പള്ളിത്തുറ ഗ്രാമവാസികളുടെ വാഗ്ദാന ലംഘനത്തിന്റെ കഥ

തിരുവനന്തപുരം: ഇതൊരു വാഗ്ദാന ലംഘനത്തിന്റെ കഥയാണ്. സര്‍ക്കാരിന്റെ മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങി വാഗ്ദത്ത ഭൂമിക്ക് വേണ്ടി ഇന്നും അലയുന്ന ഇവരുടെ കഥ ഇന്നൊരു പഴകിത്തേഞ്ഞൊരു പഴങ്കഥയാണ്. 53 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിനു വേണ്ടി പളളിയും, സ്‌കൂളും, സെമിത്തേരിയും വിട്ടുകൊടുത്തവരാണ് പളളിത്തുറ ഗ്രാമവാസികള്‍. എന്നാല്‍, കാലമിത്ര കഴിഞ്ഞിട്ടും ഈ സ്ഥലത്തിന് പട്ടയം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. വികസനത്തിനായി ആരാധനാലയം വിട്ടു കൊടുത്തതിന്റെ പെരുമയുമായി പട്ടയം ഇല്ലാതെ ഇവര്‍ ഇന്നും ജീവിക്കുന്നു.

ISRO-1

ബഹിരാകാശ രംഗത്ത് ഇന്ത്യ പിച്ചവെച്ചു തുടങ്ങുന്ന 1960-കളുടെ തുടക്കം. ഇന്ത്യന്‍ സ്വപ്നത്തിന് കിളിക്കൂടൊരുക്കാന്‍ വിക്രം സാരാഭായ് തെരഞ്ഞെടുത്തത് ഭാരതത്തിന്റെ തെക്കേ അതിര്‍ത്തിയിലെ ഒരു തീരദേശ ഗ്രാമത്തെ. നക്ഷത്രങ്ങള്‍ക്ക് മുകളിലേക്ക് പറക്കാന്‍ വെമ്പല്‍ കൊളളുന്ന ഒരു രാജ്യത്തിനായി സ്വന്തം പളളിയും, പളളിക്കൂടവും മാത്രമല്ല പൂര്‍വികര്‍ അലിഞ്ഞു ചേര്‍ന്ന സെമിത്തേരിയും വിട്ടുകൊടുത്തു പളളിത്തുറക്കാര്‍. വീടും സ്ഥലവും നഷ്ടപെടുന്നവര്‍ക്ക് തുമ്പ റോക്കറ്റ് വിക്ഷേപണ ക്രേന്ദത്തില്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പില്ലാതെ അവര്‍ സ്വന്തം മണ്ണില്‍ നിന്ന് ഇറങ്ങിക്കൊടുത്തു.

ISRO-2

ഭവനങ്ങള്‍ നിര്‍മ്മിച്ച് പട്ടയം നല്‍കാം എന്ന കരാര്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടി ഒപ്പിടാന്‍ സാക്ഷാല്‍ വിക്രം സാരാഭായ് തന്നെ നേരിട്ടെത്തി. എന്നാല്‍ 53 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പളളിത്തുറ പളളിക്കും സെമിത്തേരിക്കും ഇന്നും പട്ടയം ഇല്ല. പട്ടയത്തിനായി സര്‍ക്കാരിനെ സമീപിക്കുമ്പോള്‍ തൊടുന്യായങ്ങല്‍ പറഞ്ഞ് തങ്ങളെ ഒഴിവാക്കുകയാണെന്ന് പളളിവികാരി ഫാദര്‍ ജോണ്‍ ബോസ്‌കോ പറയുന്നു. വിഴിഞ്ഞം നിര്‍ദ്ദിഷ്ട തുറമുഖത്തിനായി ഒരിക്കല്‍ കൂടി ജനങ്ങളെ കുടിയൊഴിപ്പിക്കുമ്പോള്‍ 53 വര്‍ഷത്തെ അനുഭവം ഒരു പേക്കിനാവായി ഇവരെ ഇന്നും പേടിപ്പിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News