തിരുവനന്തപുരം: ഉരുട്ടികൊല കേസിൽ വിചാരണ നടപടികൾ വീണ്ടും ഹൈക്കോടതി തടഞ്ഞു. നടപടി ക്രമങ്ങളിൽ പാളിച്ച ഉണ്ടായി എന്ന് എന്നാരോപിച്ച് കേസിലെ പ്രതിയായ ഇകെ സാബു സമർപ്പിച്ച ഹർജി പരിശോധിച്ചാണ് ഈ മാസം 19 വരെ വിചാരണ തടഞ്ഞത്. കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ച ഉടനെയാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. കേസ് ഈ മാസം 20ന് സിബിഐ വീണ്ടും പരിഗണിക്കും.
മുഖ്യസാക്ഷിയായ സുരേഷ്‌കുമാറിന്റെ മൊഴി പ്രത്യേക സിബിഐ കോടതിയിൽ രേഖപ്പെടുത്തി കൊണ്ടിരിക്കെയാണ് വിചാരണ തടഞ്ഞ് കൊണ്ട് ഹൈക്കോടതി ഉത്തരവ് എത്തിയത്. കേസിൽ പ്രതിപട്ടികയിൽ ഇല്ലാത്ത സുരേഷ്‌കുമാറിനെ മാപ്പ് സാക്ഷിയാക്കിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതിയല്ലാത്ത വ്യക്തിയെ മാപ്പ് സാക്ഷിയാക്കാൻ കഴിയില്ല എന്ന സാങ്കേതികത കേസിലെ പ്രതിയായ എൻആർഐ സെൽ എസ്പി ഇകെ സാബു ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടി.
നടപടി ക്രമങ്ങളിലെ പാളിച്ച സംബന്ധിച്ച വിസ്താരം ഈ മാസം പതിനാറിന് ഹൈക്കോടതിയിൽ ജഡ്ജി കമാൽപാഷ മുൻപാകെ നടക്കും. ഇതിൻ മേലുളള ഹൈക്കോടതിയുടെ തീർപ്പ് പറയുന്നതിനാണ് വിചാരണ ഈ മാസം 19 വരെ സ്റ്റേ ചെയ്തത്. നേരത്തെ പൊലീസ് ഉദ്യോഗസ്ഥരായ ഇകെ ഹരിദാസ്, സോമൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് മുൻപും വിചാരണ തടഞ്ഞിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കേസിന്റെ വിചാരണ ഹൈക്കോടതി തടയുന്നത്.
2005 സെപ്റ്റംബർ 25നാണ് മോഷണകുറ്റം ആരോപിച്ച് ഉദയകുമാറിനെ ഫോർട്ട് പോലീസ് കസ്റ്റ്ഡിയിൽ എടുത്തത്. തുടർന്ന് ഉദയകുമാറിനെ ഉരുട്ടികൊല്ലുകയും, ഉന്നത ഉദ്യോഗസ്ഥർ തെളിവ് നശിപ്പിക്കുകയും ചെയ്തുവെന്നാണ് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here