10,000 രൂപയില്‍ താഴെ വിലയുള്ള അഞ്ച് മികച്ച സ്മാര്‍ട്‌ഫോണുകള്‍; തിരഞ്ഞെടുക്കാന്‍ ചില കാരണങ്ങള്‍

സ്മാര്‍ട്‌ഫോണ്‍ പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്ക് വാങ്ങാന്‍ 10,000 രൂപയില്‍ താഴെ വിലയുള്ള, എന്നാല്‍ നല്ല കോണ്‍ഫിഗറേഷനോട് കൂടിയ ചില സ്മാര്‍ട്‌ഫോണുകളെ കുറിച്ച് അറിയാം.  അഞ്ച് മികച്ച സ്മാര്‍ട്‌ഫോണുകളുടെ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു. ബജറ്റ് സ്മാര്‍ട്‌ഫോണുകള്‍ തിരഞ്ഞെടുക്കാന്‍ ഈ വിവരങ്ങള്‍ നിങ്ങളെ സഹായിക്കും.

മൈക്രോമാക്‌സ് കാന്‍വാസ് എക്‌സ്പ്രസ് ടു

ബജറ്റ് സ്മാര്‍ട്‌ഫോണുകളിലെ രാജാവായ മൈക്രോമാക്‌സിന്റെ കാന്‍വാസ് എക്‌സ്പ്രസ് ടുവിന്റെ പ്രത്യേകത അതിന്റെ സ്റ്റോറേജ് തന്നെയാണ്. 8 ജിബിയാണ് ഫോണിന്റെ സ്‌റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് വഴിയും യുഎസ്ബി ഒടിജി വഴിയും മെമ്മറി വര്‍ധിപ്പിക്കാം. കോണിംഗ് ഗൊറില്ല ഗ്ലാസുള്ള 5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.4 ജിഗാഹെഡ്‌സ് മീഡിയാടെക് ഒക്ടാകോര്‍ പ്രോസസര്‍, 1 ജിബി റാം എന്നിവയും ഇതിന്റെ പ്രത്യേകതകളാണ്. ചിത്രങ്ങള്‍ക്ക് മിഴിവു പകരാന്‍ എല്‍ഇഡി ഫ് ളാഷോടു കൂടിയ 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്. ഫ്രണ്ട് ക്യാമറയുടെ റസല്യൂഷന്‍ 2 മെഗാപിക്‌സലാണ്. 3ജി സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം ഫോണാണ് കാന്‍വാസ് എക്‌സ്പ്രസ് ടു. 5,999 രൂപയാണ് ഫോണിന്റെ വില.

ഷവോമി റെഡ്മി ടു പ്രൈം

കൂടുതല്‍ മികച്ച സ്റ്റോറേജുള്ള ഫോണാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഷവോമി റെഡ്മി ടു എടുക്കാം. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാവാം. 4.7 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസിപ്ലേയാണ് ഫോണിന്റേത്. 1.2 ജിഗാഹെഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍, ടു ജിബി റാം എന്നിവയാണ് ഫോണിന് കരുത്ത് പകരുന്നത്. എല്‍ഇഡി ഫ് ളാഷോട് കൂടിയ 8 മെഗാപിക്‌സലാണ് റിയര്‍ ക്യാമറ, 2 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറയുടെ റസല്യൂഷന്‍. ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ഒഎസാണ് ഫോണില്‍ പ്രവര്‍ത്തിക്കുന്നത്. വില വെറും 6,999 രൂപ.

അസൂസ് സെന്‍ഫോണ്‍ 2 ലേസര്‍

മിഴിവേറിയ ഫോട്ടോകള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഫോണാണ് അസൂസിന്റെ സെന്‍ഫോണ്‍ ടു ലേസര്‍ എന്നു പറയേണ്ടിവരും. 13 മെഗാപിക്‌സല്‍ ഡ്യുവല്‍ എല്‍ഇഡി ഫ് ളാഷോട് കൂടിയതാണ് റിയര്‍ ക്യാമറ. 5.5 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത വരുത്തും. 1.2 ജിഗാഹെഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, എസ്ഡി കാര്‍ഡ് വഴി 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കാം എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. 5 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഫോണിലുണ്ട്. 9,999 രൂപയാണ് ഫോണിന്റെ വില.

ലെനോവോ കെ3 നോട്ട്

അടുത്തിടെ ലെനോവോ പുറത്തിറക്കിയ ബജറ്റ് സ്മാര്‍ട്‌ഫോണുകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഫോണാണ് കെ3 നോട്ട്. പ്രൊസസറും സ്റ്റോറേജും ക്യാമറയും തന്നെയാണ് ഹൈലൈറ്റ്. 1.7 ജിഗാഹെഡ്‌സ് മീഡിയാടെക് ഒക്ടാകോര്‍ പ്രൊസസര്‍, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജിബി വരെ മെമ്മറി കാര്‍ഡ് വഴി വര്‍ധിപ്പിക്കാം എന്നിവയും കെ 3 നോട്ടിന്റെ പ്രത്യേകതകളാണ്. ത്രീഡി ഗെയിം ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച രീതിയില്‍ ത്രീ ഡി ഗെയിം ആസ്വദിക്കാം എന്നതാണ് എടുത്തു പറയാനുള്ളത്. സ്‌ക്രീനിന് സ്‌ക്രാച്ച് റസിസ്റ്റന്റ് ഇല്ല എന്നുള്ളതും ക്യാമറ ലോ ലൈറ്റില്‍ പ്രവര്‍ത്തിക്കില്ല എന്നുള്ളതും ന്യൂനതയായി പറയാം എങ്കിലും അടുത്തിടെ ഏറ്റവുമധികം വില്‍പന നേടിയ ഫോണാണ് കെ3 നോട്ട്. 9,999 രൂപയാണ് വില.

മൈക്രോമാക്‌സ് യു യുറേക പ്ലസ്

ആന്‍ഡ്രോയ്ഡിന്റെ പുതുക്കിയ വേര്‍ഷനായ ക്യാനോജെനില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്‌ഫോണാണ് യു യുറേക പ്ലസ്. കസ്റ്റം ചെയ്യാന്‍ കൂടുതല്‍ എളുപ്പമാണ് എന്നതാണ് യു യുറേക പ്ലസിന്റെ പ്രത്യേകത. ആപ് പെര്‍മിഷന്‍, കോണ്ടാക്ട് ബ്ലോക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ഏറെ എളുപ്പമാണ്. 5.5 ഇഞ്ച് ഡിസ്‌പ്ലേ ഫുള്‍ എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയാണ്. 1.5 ജിഗാഹെഡ്‌സ് സ്‌നാപ്ഡ്രാഗണ്‍ 615 ഒക്ടാകോര്‍ പ്രൊസസര്‍, 2ജിബി റാം എന്നിവയുള്ള ഫോണില്‍ 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 32 ജിബി വരെ മെമ്മറി വര്‍ധിപ്പിക്കുകയുമാവാം. 13 മെഗാപിക്‌സല്‍ റിയര്‍ക്യാമറയ്ക്ക് എല്‍ഇഡി ഫ് ളാഷുണ്ട്. 5 മെഗാപിക്‌സലാണ് ഫ്രണ്ട് ക്യാമറ. 4ജി സപ്പോര്‍ട്ട് ചെയ്യുന്ന ഡ്യുവല്‍ സിം ഫോണാണ് യു യുറേക പ്ലസ്. 8,999 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here