ചരിത്ര’ഹൃദയ’ത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി

കോട്ടയം: ഹൃദയമാറ്റ ശസ്ത്രക്രിയ രംഗത്ത് ചരിത്രത്തിൽ ഇടം നേടി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. ആലുവ കടുങ്ങല്ലൂർ സ്വദേശി വിനയകുമാറിന്റെ ഹൃദയം പത്തനംതിട്ട സ്വദേശി പൊടിമോന്റെ ശരീരത്തിൽ ചേർത്ത് വച്ചാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ചരിത്രത്തിൽ ഇടം നേടിയത്. സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചത് ഡോ ടികെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള 40 അംഗസംഘമാണ്.

ഏലൂരിലുണ്ടായ വാഹനാപകടത്തെ തുടർന്ന് എറണാകുളം ലൂർദ്ദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് വിനയകുമാറിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. വിനയകുമാറിന്റെ ഭാര്യ ബിന്ദുവും ബന്ധുക്കളും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധമാണന്നറിയിച്ചതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗം മേധാവി ഡോ ടികെ ജയകുമാർ എറണാകുളം ലൂർദ് ആശുപത്രിയിലെത്തി രാത്രി 12 മണിയോടെ ഹൃദയം വേർപെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അതിനുമുമ്പെ കോട്ടയത്ത് പൊടിമോനെ ശസ്ത്രക്രിയയ്ക്കായി കയറ്റിയിരുന്നു.

എറണാകുളത്തുനിന്നും 65 കിലോമീറ്റർ ദൂരം 52 മിനിട്ടുകൾ കൊണ്ട് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച് പുലർച്ചെ 4.30ഓടെ തുടങ്ങിയ ശസ്ത്രക്രിയ രാവിലെ 7.30ഓടെ വിജയം കണ്ടു. ഹൃദയമിടിച്ച് തുടങ്ങിയതോടെ പൊടിയനെ വെന്റിലേറ്ററിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടേയും കൂട്ടായ്മയുടെയും വിജയമായിട്ടാണ് ഇതിനെ കാണുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ ടികെ ജയകുമാർ വ്യക്തമാക്കി. ഹൃദയം ദാനം നൽകാൻ സമ്മതിച്ച വിനയകുമാറിന്റെ കുടുംബാംഗങ്ങൾക്ക് ഹൃദയം സ്വീകരിച്ച പൊടിമോന്റെ ഭാര്യ ഓമന നന്ദി പറഞ്ഞു.

പതിനൊന്നുമാസത്തിനിടെ ഹൃദ്രോഗം മൂലം മരണത്തിലേക്ക് നടന്നടുത്ത ആയിരം പേരെയാണ് ഈ കാലയളവിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയത്. ഈ നേട്ടവുമായി കുതിക്കുമ്പോഴാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്ക്ൽ ശത്രക്രിയയിലൂടെ ഡോ. ടികെ ജയകുമാറും സംഘവും ചരിത്രം രചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here