നേപ്പാൾ മതേതര രാഷ്ട്രമായി തുടരും; ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കം പരാജയപ്പെട്ടു.

കാഠ്മണ്ഡു: നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കം പാർലമെന്റിൽ പരാജയപ്പെട്ടു. പുതിയ ഭരണഘടനയുടെ കരട് വോട്ടിനിട്ടപ്പോഴാണ് അംഗങ്ങൾ മതേതര രാജ്യത്തിന് പകരം ഹിന്ദു രാഷ്ട്രമാക്കാനുള്ള ഭേദഗതിയെ എതിർത്തു വോട്ട് ചെയ്തത്. 601 അംഗ നിയമ നിർമാണ സഭയിൽ 21 പേർ മാത്രമാണ് ഹിന്ദു രാഷ്ട്രത്തിന് അനുകൂലമായി വോട്ടു ചെയ്തത്. 61 വോട്ടാണ് ഭരണഘടനയുടെ കരട് പാസാക്കാൻ വേണ്ടിയിരുന്നത്.

രാജഭരണകാലത്ത് ഹിന്ദു രാഷ്ട്രമായിരുന്ന നേപ്പാൾ അതു തകർന്നതിനു ശേഷം, 2006ലാണ് മതേതര രാഷ്ട്രമായത്. തിരികെ ഹിന്ദു രാഷ്ട്രമാക്കണമെന്ന നിർദേശമാണ് ഇപ്പോൾ തള്ളിയത്. ഹിന്ദു അനുകൂല ഗ്രൂപ്പായ രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി നേപ്പാൾ ആണ് നിർദേശം മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ നാലാം വകുപ്പായ മതേതരത്വം എടുത്തു കളഞ്ഞ് പകരം ഹിന്ദു രാഷ്ട്രം പുനസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം, നിർദേശം തള്ളിയതിനു പിന്നാലെ ചില ഹിന്ദു അനുകൂല സംഘടനകൾ വിവിധയിടങ്ങളിൽ പൊലീസുമായി ഏറ്റുമുട്ടി. കാഠ്മണ്ഡുവിൽ യു.എൻ വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിവെപ്പും നടത്തി.
27 ദശലക്ഷം ജനസംഖ്യയുള്ള നേപ്പാളിൽ 81.3 ശതമാനവും ഹിന്ദുക്കളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here