സച്ചിന്റെയും വോണിന്റെയും ടി-20 പരമ്പരയ്ക്ക് ഐസിസിയുടെ പച്ചക്കൊടി; മത്സരങ്ങള്‍ നവംബറില്‍ അമേരിക്കയില്‍

ദില്ലി: വിരമിച്ച ക്രിക്കറ്റ് താരങ്ങളെ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ഷെയ്ന്‍ വോണും സംഘടിപ്പിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പച്ചക്കൊടി നല്‍കി. സീസണില്‍ അല്ലാത്തതിനാലും നവംബറിലാണ് മത്സരങ്ങള്‍ എന്നതിനാലും ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് ഐസിസി വ്യക്തമാക്കി. ഐസിസിയുടെ നിര്‍ദേശങ്ങള്‍ സച്ചിനും വോണും അംഗീകരിച്ചതായി ഐസിസി അറിയിച്ചു. നവംബറില്‍ അമേരിക്കയിലാണ് മത്സരങ്ങള്‍ നടക്കുക. എന്നാല്‍, യുഎസ്എ ക്രിക്കറ്റ് അസോസിയേഷന്റെ അംഗീകാരം അടുത്തിടെ റദ്ദാക്കിയ ഐസിസി സമാന്തര ഭരണസംവിധാനം അവിടെ ഏര്‍പ്പാടാക്കിയിരുന്നു.

മൂന്ന് മത്സരങ്ങളാണ് ട്വന്റി-20 പരമ്പരയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ഐസിസിക്ക് നല്‍കണം. ഇത് അമേരിക്കയില്‍ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കും. 26 മുതിര്‍ന്ന താരങ്ങള്‍ പരമ്പരയുടെ ഭാഗമായി കളിക്കും. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ഗ്ലെന്‍ മഗ്രാത്ത്, ജാക്ക് കാലിസ്, ആദം ഗില്‍ക്രിസ്റ്റ്, വസിം അക്രം തുടങ്ങിയവരൊക്കെ പരമ്പരയില്‍ കളിക്കും. ഇവരുടെ താരമൂല്യം അമേരിക്കക്കാരെ ടൂര്‍ണമെന്റിലേക്ക് ആകര്‍ഷിക്കുമെന്നാണ് നിഗമനം.

ചിക്കാഗോയിലെ റിഗ്ലി ഫീല്‍ഡ് സ്റ്റേഡിയം, ന്യൂയോര്‍ക്കിലെ യാങ്കീ സ്‌റ്റേഡിയം, ലോസ് ആഞ്ചലസിലെ ഡോഡ്ഗര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. എന്നാല്‍, പച്ചക്കൊടി നല്‍കിയതല്ലാതെ മത്സരങ്ങള്‍ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഐസിസി ഏര്‍പ്പാടാക്കില്ല. അതെല്ലാം സച്ചിനും വോണും തന്നെ നടത്തേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here