തിരുവനന്തപുരം: അനുപമയും പ്രശാന്തും അടക്കം പല യുവ ഐഎഎസ് ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് പ്രീതിയുള്ളവരാകുകയും സര്‍ക്കാരിന് തലവേദനയാവുകയും ചെയ്തതോടെ പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. ഇതിനായി സര്‍വീസിലിരുന്ന സമയത്ത് സ്വജനപക്ഷപാതം കാണിക്കുകയും സര്‍ക്കാരിന്റെ പലതരം കൊള്ളത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതാകട്ടെ ഖജനാവിന് വന്‍തോതിലുള്ള നഷ്ടം വരുത്തിവയ്ക്കുകയും ചെയ്യുന്നു. വിരമിച്ച ഈ ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നതിലൂടെ തങ്ങളുടെ അപ്രമാദിത്വം വീണ്ടും സ്ഥാപിക്കാമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സര്‍ക്കാരിന്റെ ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ ലഭിച്ച ഉദ്യോഗസ്ഥരുടെ പേരും പഴയ പോസ്റ്റും പുനര്‍ നിയമിക്കപ്പെട്ട തസ്തികയും താഴെപറയുന്നു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് എ.എല്‍ രാധാകൃഷ്ണന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സേവനം അവസാനിപ്പിച്ച ഉടന്‍ തന്നെ എ.എല്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചു. ഇപ്പോള്‍ കെഎംഎംഎല്‍ മാനേജിംഗ് ഡയറക്ടറായാണ് അദ്ദേഹത്തെ പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഐജിയായി റിട്ടയര്‍ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനാണ് എസ് ഗോപിനാഥ്. ഇദ്ദേഹം ഇപ്പോള്‍ റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടറായി പുനര്‍നിയമനം നല്‍കി. ചീഫ് സെക്രട്ടറി പദവിയുണ്ടായിരുന്ന മൈക്കല്‍ വേദശിരോമണിക്ക് മാര്‍ക്കറ്റ്‌ഫെഡ് എംഡിയായാണ് വീണ്ടും നിയമനം നല്‍കിയത്.
ടി ബാലകൃഷ്ണന്‍ സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ഇദ്ദേഹത്തെ വൈകാതെ ഇന്‍കെലിന്റെ എംഡിയായി നിയമിച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ഇന്‍കെല്‍ മാനേജിംഗ് ഡയറക്ടറാണ് ടി ബാലകൃഷ്ണന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു കെ.ജി വത്സലകുമാരി. മൂന്നു വര്‍ഷം മുമ്പ് വിരമിച്ച വത്സലകുമാരിയെ കുടുംബശ്രീയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാക്കിയാണ് പുനര്‍നിയമനം നല്‍കിയത്. മറ്റൊരു പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ് സുബ്ബയ്യയെ ട്രൈബല്‍ മെഡിക്കല്‍ കോളജിന്റെ സ്‌പെഷ്യല്‍ ഓഫീസറായാണ് നിയമിച്ചത്.
സംസ്ഥാന പൊലീസ് ഡിജിപിയായിരുന്ന ജേക്കബ് പുന്നൂസിനും ലഭിച്ചു സര്‍ക്കാരിന്റെ ഈ ഔദാര്യം. ദേശീയ ഗെയിംസിന്റെ മേധാവിയായി നിയമിച്ചു കൊണ്ടായിരുന്നു ആദ്യത്തെ നിയമനം. ഗെയിംസ് സമാപിച്ചതോടെ ഇപ്പോള്‍ കെല്‍ട്രോണ്‍ ചെയര്‍മാനായി പുനര്‍നിയമനം നല്‍കി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ താല്‍പര്യത്തിന് അനുസൃതമായി പ്രവര്‍ത്തിച്ചതിന്റെ നന്ദിസൂചകമായാണ് ജേക്കബ് പുന്നൂസിന്റെ നിയമനം എന്ന് ആരോപണമുണ്ട്.
ഡിജിപിയായി വിരമിച്ച പി.ചന്ദ്രശേഖരന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ മേധാവിയാണിപ്പോള്‍. ഐഎഎസ് ഉദ്യോഗം രാജിവച്ച എം.ഡി ജോസഫിനെ ഭവന പ്രൊജക്ടിന്റെ വൈസ് ചെയര്‍മാനായി നിയമിച്ചു. ഡിജിപിയായി തന്നെ വിരമിച്ച എം.എന്‍ കൃഷ്ണമൂര്‍ത്തിയെ നിര്‍ദിഷ്ട പൊലീസ് യൂണിവേഴ്‌സിറ്റിയുടെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചാണ് സര്‍ക്കാരിന്റെ കള്ളക്കളികള്‍ക്ക് കൂട്ടുനിര്‍ത്തുന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ നിഷാം കേസില്‍ ജേക്കബ് ജോര്‍ജിന്റെ ടെലിഫോണ്‍ സംഭാഷണത്തില്‍ കൃഷ്ണമൂര്‍ത്തിയുടെ പേരും ഉള്‍പ്പെട്ടിരുന്നു.
മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിനെ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ ഡയറക്ടറായി നിയമിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. ഡിജിപിയായിരുന്ന കെഎസ് ബാലസുബ്രഹ്മണ്യത്തെ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയുടെ മെമ്പറായി പരിഗണിക്കുന്നു. അര്‍ധ ജുഡീഷ്യല്‍ പദവിയാണിത്. ബാലസുബ്രഹ്മണ്യത്തെ നേരത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മെമ്പറായി പരിഗണിച്ചിരുന്നു. ഇപ്പോള്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് ഈ നിയമനങ്ങള്‍ എല്ലാം നടന്നത്. അധികാരത്തില്‍ ഇരിക്കുമ്പോള്‍ സര്‍ക്കാരിന് ഉപകാരപ്രദമായ ഒട്ടേറേ കാര്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥരായിരുന്നു ഇവരെല്ലാം. അക്കാര്യങ്ങളെല്ലാം അക്കാലങ്ങളില്‍ വാര്‍ത്തയായി പുറത്തുവരികയും ചെയ്തിരുന്നു. അതേസമയം സത്യസന്ധരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. സ്വജനപക്ഷപാതം കാണിക്കുന്നവരെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇവരെക്കാള്‍ ജൂനിയറായ ഐഎഎസ് ഉദ്യോഗസ്ഥരുടെ കീഴിലുള്ള സ്ഥാപനങ്ങളുടെ മേധാവിയായിട്ടാണ് വിരമിച്ചവരെല്ലാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ വകുപ്പ് സെക്രട്ടറിമാരായ ജൂനിയര്‍ ഉദ്യോഗസ്ഥര്‍ക്ക്, ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കാറില്ല. ഇത് പലപ്പോഴും ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്.
കോഴിക്കോട് ജില്ലാകളക്ടറായ എന്‍ പ്രശാന്തിനെ മാറ്റണമെന്ന് ഒരിക്കല്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബു കെപിസിസി യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ ജനസമ്മതിയായിരുന്നു ഇതിന് കാരണം. അതോടൊപ്പം അടുത്ത ദിവസങ്ങളില്‍ നിറപറയുടെ കള്ളത്തരം പിടിച്ച അനുപമ ഐഎഎസ് ജനസമ്മതി നേടിയതും സര്‍ക്കാരിന് തലവേദനയാകുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here