നാല് പ്രധാന മേഖലകളില്‍ ഇന്ത്യ – ശ്രീലങ്ക കരാര്‍; ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം തുടരുന്നു

ദില്ലി: ഇന്ത്യയും ശ്രീലങ്കയും പരസ്പര സഹകരണത്തിനുള്ള നാല് സുപ്രധാന കരാറുകളില്‍ ഒപ്പു വച്ചു. ആരോഗ്യം, ശാസ്ത്ര സാങ്കേതികം തുടങ്ങിയ മേഖലകളില്‍ സംയുക്ത സഹകരണത്തിനാണ് കരാര്‍. മത്സ്യബന്ധന മേഖലകളിലെ പ്രശനങ്ങള്‍ പരിഹരിക്കാനും ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ധാരണയായി. ദില്ലിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു പ്രധാന മന്ത്രി നരേന്ദ്ര മോഡിയും ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. സംയുക്ത സഹകരണത്തിനുള്ള നിര്‍ണ്ണായകമായ മറ്റ് രണ്ട് കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

ശ്രീലങ്കയിലെ തമിഴ് വംശജരുടെ നീതിയും, അന്തസും പരിഗണിച്ചുള്ള വികസനം ദക്ഷിണേഷ്യന്‍ സമാധാനത്തിന് ആവശ്യമാണെന്നും നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ആഴക്കടല്‍ മത്സ്യ ബന്ധനം പ്രോത്സാഹിപ്പിക്കുമെന്നും ആരോഗ്യ, ശാസ്ത്ര സാങ്കേതിക മേഖലകളില്‍ സഹകരിക്കുമെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു. സമുദ്രാതിര്‍ത്തിയിലെ മത്സ്യബന്ധന പ്രശനങ്ങള്‍ പരിഹരിക്കുമെന്നും ശ്രീലങ്കയിലെ ആഭ്യന്തര കലഹത്തില്‍ ഇരകളായവര്‍ക്ക് ഇന്ത്യ സംരക്ഷണം നല്‍കിയതില്‍ കടപ്പാട് ഉണ്ടെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.

നേരത്തെ വിദേശകാര്യ മന്ത്രി സുഷമാസ്വരാജുമായി റെനില്‍ വിക്രമസിംഗെ കൂടിക്കാഴ്ച്ച നടത്തി. ശ്രീലങ്കന്‍ പ്രധാനമന്ത്രി നാളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നാളെ ഉച്ചയോടെ റെനില്‍ വിക്രമസിംഗെ ശ്രീലങ്കയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ വിദേശസന്ദര്‍ശനത്തിനാണ് റെനില്‍ വിക്രമസിംഗെ ഇന്ത്യയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here