മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ട് ക്വിഡ്; പ്രീബുക്കിംഗ് ആരംഭിച്ചു

മാരുതിയോടും ഹ്യുണ്ടായിയോടും മത്സരിക്കാന്‍ റെനോള്‍ട്ടിന്റെ ക്വിഡ് വരുന്നു. ക്വിഡ് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. 98 ശതമാനവും തദ്ദേശീയമായി നിര്‍മ്മിച്ചതാണ് റെനോള്‍ട്ടിന്റെ ക്വിഡ്. ചെറുകാര്‍ വിപണിയില്‍ മത്സരം സൃഷ്ടിക്കാനാണ് ക്വിഡിന്റെ വരവ്. മാരുതി ഓള്‍ട്ടോ 800, ഹ്യുണ്ടായ് ഇയോണ്‍ എന്നിവയാകും വിപണിയില്‍ ക്വിഡിന്റെ എതിരാളികള്‍. തികച്ചും പുതിയ പ്ലാറ്റ്‌ഫോമിലാണ് ക്വിഡ് നിര്‍മ്മിച്ചിട്ടുള്ളത്. നിസാനും റെനോള്‍ട്ടും സംയുക്തമായി നിര്‍മ്മിച്ച സിഎംഎഫ്-എ പ്ലാറ്റ്‌ഫോമായിരിക്കും ക്വിഡില്‍ ഉപയോഗിക്കുക. ഡാറ്റ്‌സന്റെ വരും കാറുകളില്‍ ഇതേ പ്ലാറ്റ്‌ഫോമായിരിക്കും ഉപയോഗിക്കുക.

799 സിസിയില്‍ 3 സിലിണ്ടര്‍ എഞ്ചിനാണ് ക്വിഡില്‍ ഉപയോഗിക്കുന്നത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. 799 സിസിയില്‍ 54 കുതിരശക്തിയില്‍ 72 എന്‍എം ടോര്‍ക്ക് നല്‍കും. മികച്ച മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 25 കിലോമീറ്റര്‍ മൈലേജാണ് റെനോള്‍ട്ട് വാഗ്ദാനം ചെയ്യുന്നത്. അതായത് രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോള്‍ കാറായിരിക്കും ക്വിഡ് എന്ന് കമ്പനി അവകാശപ്പെടുന്നു.

നാല് വേരിയന്റുകളില്‍ ക്വിഡ് വിപണിയില്‍ ലഭ്യമാകും. എസ്ടിഡി, ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി വേരിയന്റുകളിലാണ് റെനോള്‍ട്ട് ക്വിഡ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്. ഇന്റീരിയറില്‍ ഒട്ടേറെ പുതുമകള്‍ കൊണ്ടുവരാന്‍ റെനോള്‍ട്ട് ശ്രദ്ധിച്ചിട്ടുണ്ട്. 7 ഇഞ്ച് ടച്ച് സ്‌ക്രീനുള്ള മീഡിയ നാവാണ് ഇതിന്റെ പ്രത്യേകത. നാവിഗേഷന്‍ സിസ്റ്റം, ഡിജിറ്റല്‍ ക്ലസ്റ്റര്‍, 300 ലീറ്റര്‍ ബൂട്ട് സ്‌പേസ് തുടങ്ങിയവയും ക്വിഡിന്റെ പ്രത്യേകതകളാണ്. എയര്‍ബാഗുകള്‍ ഇല്ലെന്നത് ഒരു ന്യൂനതയായി എടുത്തു പറയേണ്ടിവരും. ടോപ് എന്‍ഡ് വേരിയന്റിന് മാത്രമാണ് ഡ്രൈവര്‍ സീറ്റില്‍ എയര്‍ബാഗ് ഉണ്ടാവുക. 3 ലക്ഷത്തിനും 4.5 ലക്ഷത്തിനും ഇടയ്ക്കാകും കാറിന്റെ വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here