അമിതവണ്ണം കുറയ്ക്കാന്‍ ജിമ്മും വ്യായാമ ഉപകരണങ്ങളും വേണ്ട; താഴെപറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ

അമിതവണ്ണമാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. അമിതവണ്ണം, അമിതഭാരം തുടങ്ങിയ പ്രശ്‌നങ്ങള്‍ നൂറില്‍ ഏഴു പേരെങ്കിലും അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. രണ്ടില്‍ ഒരാള്‍ അമിതവണ്ണം കുറയ്ക്കാന്‍ പലതരത്തിലുള്ള വഴികള്‍ തേടുന്നതും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. അതിന് ഭക്ഷണക്രമീകരണം, എക്‌സര്‍സൈസ് ഉപകണങ്ങള്‍, ജിം എന്നിവയാണ് മിക്കവരും കൈക്കൊള്ളുന്ന ഉപായങ്ങള്‍. എന്നാല്‍ വ്യായാമ ഉപകരണങ്ങള്‍ എല്ലാം ചെലവേറിയതാണെന്ന് അറിയാം. എങ്കില്‍ ഇനി അതിനായി പണം ചെലവാക്കണ്ട. ജിമ്മില്‍ പോയി പണം ചെലവാക്കുകയും വേണ്ട. കുറച്ച് കാര്യങ്ങള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ.

പലരോഗങ്ങള്‍ക്കും അമിതവണ്ണം ഒരു പ്രധാന കാരണമായി വരുന്നുണ്ട്. അവയില്‍ പ്രധാനം ടൈപ് ടു ഡയബറ്റിസ്, ഹൈപര്‍ടെന്‍ഷന്‍, ഉറക്കമില്ലായ്മ, മൂത്രസഞ്ചിയിലെ കല്ല്, വളര്‍ച്ചയില്ലായ്മ, ഞരമ്പു പിടയ്ക്കുക തുടങ്ങിയവയാണ് അവയില്‍ ചിലത്. യഥാസമയം കണ്ടെത്തിയില്ലെങ്കില്‍ അമിതവണ്ണം ഒരു രോഗം തന്നെയാണെന്നര്‍ത്ഥം. അപ്പോള്‍ ചെയ്യേണ്ടത് അമിതവണ്ണം കുറയ്ക്കുക എന്നതാണ്. അതിനായി താഴെപറയുന്ന ചില കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ.

ആരോഗ്യപരമായ ഭക്ഷണശീലമാണ് അതില്‍ പ്രധാനം. ഭക്ഷണക്രമത്തില്‍ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തുക. മധുരപലഹാരങ്ങള്‍, പൊരിച്ച വസ്തുക്കള്‍, പോഷകാംശം കുറഞ്ഞ ആഹാരങ്ങള്‍, പാക്കേജ്ഡ് ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുകയും വേണം.

വ്യായാമത്തിനായി ദിവസേന 30 മിനിറ്റെങ്കിലും മാറ്റിവയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ഹൃദയത്തെയും രക്തധമനികളെയും സ്വാധീനിക്കുന്ന വ്യായാമമുറകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇതിനായി നിങ്ങള്‍ ആയിരങ്ങളും പതിനായിരങ്ങളും മുടക്കി വ്യായാമ ഉപകരണങ്ങള്‍ വാങ്ങുകയോ, ജിമ്മില്‍ പോയി പണം ചെലവാക്കുകയോ വേണ്ട. മറ്റുചില വ്യായാമ മുറകള്‍ പ്രയോഗിക്കുക. നടത്തം, ജോഗിംഗ്, ഓട്ടം, സൈക്ലിംഗ്, നീന്തല്‍ എന്നിവയാണ് ഇതിനുള്ള പ്രധാന വ്യായാമമുറകള്‍. ഇവ ആഴ്ചയില്‍ മൂന്നു തവണ എങ്കിലും ചെയ്യണം.

വേഗത്തില്‍ മെലിയാം എന്നു പറഞ്ഞു വരുന്ന മരുന്നുകളും മറ്റു വസ്തുക്കളും പൂര്‍ണമായും ഒഴിവാക്കുക എന്നത് മറ്റൊരു വഴിയാണ്. ഭ്രാന്തമായ ഡയറ്റുകള്‍, ഗുളികകള്‍, ഭാരം കുറയ്ക്കാനുള്ള പൗഡറുകള്‍, കൊഴുപ്പ് കളയുന്ന മെഷീനുകള്‍ എന്നിവ ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമല്ല, ഒരിക്കല്‍ കുറഞ്ഞ ഭാരം ഉപയോഗം നിര്‍ത്തിയാലുടന്‍ വീണ്ടും കൂടാനും സാധ്യതയുണ്ട്. കൃത്യമായ വൈദ്യനിര്‍ദേശം ഇല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുത്.

അമിതവണ്ണമുള്ള ആളാണ് താനെന്ന് കരുതി ഒരിക്കലും സ്വയം ഭ്രഷ്ട് കല്‍പിക്കാതിരിക്കുക. സമൂഹം നിങ്ങളെ അകറ്റി നിര്‍ത്തിയാല്‍ പോലും സ്വയം ഭ്രഷ്ടിനോ ഏകനാവാനോ ശ്രമിക്കരുത്. ഭാരം കൂടുന്നത് ധാരാളം സാമൂഹ്യ-മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാലാണിത്. വിഷാദരോഗം, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. പുകവലി അമിതവണ്ണത്തിന് ഇടയാക്കുന്നു എന്നത് ഒരു കെട്ടുകഥയാണെങ്കില്‍ പോലും അതിനെ പൂര്‍ണമായും എഴുതിത്തള്ളാതിരിക്കണം. പുകവലി ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും എങ്കിലും അതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ വലുതാണ്. മദ്യപാനം തടികൂടുന്നതിന് ഒരു മൂലകാരണമാണ്. കാരണം, ആല്‍ക്കഹോളിന്റെ മിക്കരൂപങ്ങളും കൊഴുപ്പ് അടങ്ങിയതാണ്. അതും വളരെ കൂടിയ തോതില്‍ തന്നെ. ഇവ മധുരിതമായ ഡ്രിങ്കുകള്‍ കുടിക്കാന്‍ പ്രേരിപ്പിക്കുകയും പൊരിച്ച ഭക്ഷണങ്ങളോടും ആസക്തി വര്‍ധിപ്പിക്കുകയും ചെയ്യും.

ഇനി ചിലരില്‍ ചിലപ്പോള്‍ വ്യായാമങ്ങളും ഡയറ്റുകളും ഫളപ്രദമായില്ലെന്നുവരാം. അത്തരക്കാര്‍ നാണം തോന്നാതെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നത് നന്നായിരിക്കും. അതിന് ഒരിക്കലും നാണിക്കേണ്ടതില്ല. ബാരിയാട്രിക് സര്‍ജറിയാണ് ചെയ്യേണ്ടത്. ഇതുമാത്രമാണ് വൈദ്യപരമായി ചെയ്യേണ്ട ഒരേയൊരു കാര്യം. ഒരിക്കലും കോസ്‌മെറ്റിക് ഒരു രീതിയല്ല എന്നു സാരം.

ഒരിക്കലും ആത്മവിശ്വാസം നഷ്ടമാകാതിരിക്കുക. ജീവിതത്തില്‍ ഒരു രണ്ടാം അവസരം കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. ഏതു മാര്‍ഗമാണോ നിങ്ങള്‍ക്ക് ഏറ്റവും ഫലപ്രദം അതുതന്നെ ശീലിക്കുക. അമിതവണ്ണം എന്ന ഭൂതത്തെ നിങ്ങള്‍ക്ക് കെട്ടുകെട്ടിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News