ഉന്നതവിദ്യാഭ്യാസരംഗത്ത് നാണംകെട്ട് ഇന്ത്യ; ലോക റാങ്കിംഗില്‍ ഇടമില്ലാതെ ഇന്ത്യന്‍ സര്‍വകലാശാലകള്‍

ലണ്ടന്‍: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇനിയും ഇടം നേടാനാകാതെ ഇന്ത്യ. ലോകത്തെ സര്‍വകലാശാലകളുടെ റാങ്കിംഗില്‍ ആദ്യ നൂറില്‍ ഇന്ത്യയിലെ ഒരു സര്‍വകലാശാലയും ഇടം നേടിയില്ല. ഇരുനൂറിനുള്ളില്‍ വന്നത് കഷ്ടിച്ച് രണ്ട് സ്ഥാപനങ്ങള്‍ മാത്രം. ആകെയുള്ള നാനൂറ് റാങ്കിംഗിനുള്ളില്‍ 14 ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഇടംനേടി.

ഉന്നത വിദ്യാഭ്യാസ രംഗത്തെ റാങ്കിംഗ് തീരുമാനിക്കുന്ന ക്വാക്വറേലി സൈമണ്ട്‌സ് പുറത്തുവിട്ടതാണ് പുതിയ വിവരങ്ങള്‍. പട്ടികയനുസരിച്ച് ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും ലോകനിലവാരത്തിലേക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. 147-ാം സ്ഥാനത്തുള്ള ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ് ഇന്ത്യന്‍ സ്ഥാപനങ്ങളില്‍ മുന്നില്‍. 179-ാം റാങ്ക് നേടിയ ദില്ലി ഐഐടി ഇന്ത്യന്‍ നിരയില്‍ രണ്ടാമതാണ്.

റാങ്കിംഗില്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് മുന്നില്‍. ലണ്ടനിലെ മസാച്ചുസൈറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ലോകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാമന്‍. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് എംഐടി ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. പോയവര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന ഹാര്‍വാര്‍ഡ് സര്‍വകലാശാല ഇക്കുറി രണ്ടാമതാണ്. രണ്ടാമതുണ്ടായിരുന്ന ലണ്ടന്‍ ഇംപീരിയല്‍ കോളജ് എട്ടാം സ്ഥാനത്തായി. ലോക പ്രശസ്തമായ കേംബ്രിഡ്ജ് സര്‍വ്വകലാശാലയും റാങ്കിംഗില്‍ താഴേക്ക് പോയി. ആദ്യ 50 സ്ഥാപനങ്ങളില്‍ 4 എണ്ണം ലണ്ടനില്‍ നിന്നാണ്. ന്യൂയോര്‍ക്കിലെ മൂന്നും പാരീസ്, സിഡ്‌നി, ബെയ്ജിംഗ് എന്നീ നഗരങ്ങളിലെ രണ്ട് വീതം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ അന്‍പതിലുണ്ട്.

ഐഐടി ബോംബെ (202), ഐഐടി മദ്രാസ് (254), ഐഐടി കാണ്‍പൂര്‍ (271), ഐഐടി ഖരഗ്പൂര്‍ (286), ഐഐടി റൂര്‍ക്കി (391) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്ഥാനം. പേരുകേട്ട ദില്ലി, കല്‍ക്കട്ട, ബനാറസ് ഹിന്ദു സര്‍വകലാശാലകള്‍ ഇതിനും പിന്നിലാണ്. ഇങ്ങനെയാണ് ആദ്യ 400 സ്ഥാനങ്ങളിലെ ഇന്ത്യന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനം.

തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് ക്വാക്വറേലി സൈമണ്ട്‌സ് റാങ്കിംഗ് പുറത്തുവിടുന്നത്. ആറ് ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് നിര്‍ണ്ണയം. ആഗോളതലത്തിലെ കീര്‍ത്തി, ഗവേഷണ ഫലങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ഘടകങ്ങള്‍. 82 രാജ്യങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ലോക റാങ്കിംഗിന് ക്വാക്വറേലി സൈമണ്ട്‌സ് പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here