കലിക്കറ്റ് വിസി നിയമനം: അപേക്ഷകരെല്ലാം ലീഗ് നോമിനികള്‍; അംഗമല്ലാത്ത ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയെ സേര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറി പങ്കെടുപ്പിച്ചു

തിരുവനന്തപുരം: കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്. കലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ അനധികൃത ഇടപെടല്‍. ചട്ടങ്ങള്‍ മറികടന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചീഫ് സെക്രട്ടറി സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുപ്പിച്ചു. ബി ശ്രീനിവാസനാണ് യോഗത്തില്‍ പങ്കെടുത്തത്. സേര്‍ച്ച് കമ്മിറ്റിയിലെ മൂന്ന് അംഗങ്ങള്‍ മാത്രമാണ് വിസിയെ തെരഞ്ഞെടുക്കാനുള്ള യോഗത്തില്‍ പങ്കെടുക്കേണ്ടത്.

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അധ്യക്ഷനായ യോഗത്തില്‍ മറ്റ് രണ്ട് അംഗങ്ങള്‍ കൂടിയുണ്ട്. ഗുജറാത്ത കേന്ദ്ര സര്‍വകലാശാല വിസി ഡോ. എഎസ് ബാരിയാണ് കമ്മിറ്റിയിലെ യുജിസി പ്രതിനിധി. കലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കറ്റ് അംഗം കെകെ ആബിദ് ഹുസൈനാണ് മറ്റൊരംഗം. ഇവര്‍ മൂന്നുപേര്‍ മാത്രമേ സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാവൂ. ഇത് മറികടന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തത്. അതീവരഹസ്യ സ്വഭാവമുള്ള സേര്‍ച്ച് കമ്മിറ്റി യോഗത്തില്‍ ബി ശ്രീനിവാസന്‍ പങ്കെടുത്തത് ഗുരുതര വീഴ്ചയാണ്. ചാന്‍സലറായ ഗവര്‍ണ്ണറുടെ നോമിനി കൂടിയാണ് ചീഫ് സെക്രട്ടറി. സര്‍വകലാശാല ചട്ടവും യുജിസി നിയമവും പാലിച്ച് മാത്രമേ വിസിയെ നിയമിക്കാവൂ എന്ന് ഡോ. ബാരി ആവശ്യപ്പെട്ടു.

കലിക്കറ്റ് വിസി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റിയ്ക്ക് ലഭിച്ച അപേക്ഷകള്‍ എല്ലാം ലീഗ് നോമിനികളുടേതാണ്. ലീഗിന്റെ നിലപാടിനോട് യോജിക്കാത്തയാളാണ് ഉന്നതവിദ്യഭ്യാസ സെക്രട്ടറി. ബി ശ്രീനിവാസന്‍ യോഗത്തില്‍ പങ്കെടുത്തത് ലീഗിന്റെ നോമിനികളെ ഒഴിവാക്കാനാണെന്ന് ലീഗ് നേതൃത്വം കരുതുന്നു. ചീഫ് സെക്രട്ടറിയുടെ നടപടിയില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

എംജി സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറാണ് വിസി സ്ഥാനത്തേക്കുള്ള അപേക്ഷകരില്‍ പ്രമുഖ. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മെമ്പര്‍ പി അന്‍വര്‍, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍, കാലിക്കണ്ടി എന്‍എഎം കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. മുസ്തഫ, വെള്ളായണി കാര്‍ഷിക കോളജിലെ അധ്യാപിക ഡോ. എ. നസീമ, കണ്ണൂര്‍ സര്‍വകലാശാലയിലെ ഡോ. കെ.എം. അബ്ദുല്‍ റഷീദ് എന്നിവരാണ് വിസി സ്ഥാനത്തേക്കുള്ള മറ്റ് അപേക്ഷകര്‍. ഇവരെല്ലാം ലീഗ് നോമിനികളാണ്. ഷീന ഷുക്കൂര്‍ കലിക്കറ്റ് വിസിയാകണമെന്നാണ് ലീഗിന്റെ താല്‍പര്യം. പച്ചക്കൊടിയാണ് തനിക്ക് എല്ലാം തന്നത് എന്ന ഷീന ഷുക്കൂറിന്റെ പ്രസ്താവന വിവാദമായിരുന്നു. വിവാദത്തില്‍ അകപ്പെട്ട ഷീന ഷുക്കൂറിനെ പരിഗണിക്കരുത് എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News