ദലിത് വിദ്യാർത്ഥികൾക്ക് മഹാരാജാസ് കോളേജിൽ പ്രവേശനം നിഷേധിച്ചു; വയസ് 22 കഴിഞ്ഞത് കാരണമെന്ന് വിശദീകരണം; വിദ്യാർത്ഥികൾ കുടിൽകെട്ടി സമരത്തിൽ

കൊച്ചി: നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് ദലിത് വിദ്യാർത്ഥികൾക്ക് എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പാളും മാനേജ്‌മെന്റ് അധികൃതരും ബിരുദ പ്രവേശനം നിഷേധിച്ചതായി പരാതി. പ്രശ്‌നം പരിഹരിക്കമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല കുടിൽ കെട്ടി സമരം നടത്തുകയാണ്.

എറണാകുളം മഹാരാജാസ് കോളേജിൽ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 22 വയസ് കഴിഞ്ഞു എന്ന കാരണം പറഞ്ഞാണ് മൂന്ന് പട്ടിക ജാതി വിദ്യാർത്ഥികൾക്കും രണ്ട് പിന്നോക്ക വിദ്യാർത്ഥികൾക്കും അധികൃതർ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. സ്വാതി സംഗീത്, സേതു കൃഷ്ണൻ, സനൽ വി എസ്, ജോബിൻ പി ജോസ്, കിരൺ ദാസ് എന്നിവർ 2015-16 അദ്ധ്യയന വർഷത്തിലെ ബിരുദ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷിക്കുകയും അപേക്ഷ സ്വീകരിക്കപ്പെട്ടതിനെ തുടർന്ന് ഫെഡറൽ ബാങ്ക് ശാഖയിൽ അപേക്ഷ ഫീസ് അടക്കുകയും ചെയ്തു.

അഡ്മിഷനായി മഹാരാജാസ് കോളേജ് പ്രസിദ്ധികരിച്ച റാങ്ക് ലിസ്റ്റിലും അലോട്ട്‌മെന്റ് ലിസ്റ്റിലും ഇവരുടെ പേരുകൾ വരുകയും അതേ തുടർന്ന് പ്രവേശനത്തിനായി രക്ഷകർത്താക്കളുമായി കോളേജിൽ എത്തിയപ്പോഴാണ് പ്രായ പരിധി പറഞ്ഞ് അധികൃതർ ഇവരെ മടക്കി അയക്കുകയും ചെയ്തത്.

കേരള സർക്കാരും എംജി യൂണിവേഴ്‌സിറ്റിയും നിഷ്‌കർഷിക്കുന്ന നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് എറണാകുളം മഹാരാജാസ് പ്രവർത്തിക്കേണ്ടത്. പ്രവേശനത്തിന് എംജി യൂണിവേഴ്സ്റ്റി നിഷ്‌കർഷിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത പ്ലസ്ടുവോ തത്തുല്യമായ കോഴ്‌സോ പാസായിരിക്കണമെന്നു മാത്രവും. പ്രായപരിധി സംബന്ധിച്ച യാതൊരു നിർദേശവും നൽകുന്നുമില്ല. നിയമവിധേയമല്ലാത്ത കാരണങ്ങൾ പറഞ്ഞ് തങ്ങൾക്ക് പ്രവേശനം നിഷേധിച്ച മഹാരാജാസ് അധികൃതർക്കെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കോളജിന് എതിർവശത്ത് കുടിൽ കെട്ടി സമരം ചെയ്യുകയാണ് വിദ്യാർത്ഥികൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here