ദില്ലി: ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. 43 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാനിധ്യത്തിൽ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പുറമേ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്, അനന്ത് കുമാർ, ജെപി നദ്ദ, ഷാനവാസ് ഹുസൈൻ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ആദ്യ പട്ടിക അംഗീകരിച്ചത്. യുവാക്കൾക്കും വനിതകൾക്കും പ്രാധാന്യം നൽകിയാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. പിന്നോക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് പട്ടിക പുറത്തിറക്കി കേന്ദ്ര മന്ത്രി ജെപി നദ്ദ പറഞ്ഞു.
43 അംഗ പട്ടികയിൽ 26 പേർ സിറ്റിങ്ങ് എംഎൽഎമാരാണ്. ബീഹാറിലെ പ്രബല വിഭാഗമായ യാദവ വിഭാഗത്തിൽ നിന്നും അഞ്ചു പേരാണ് ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. പട്‌ന സാഹിബ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മുതിർന്ന നേതാവ് നന്ദകിഷോർ യാദവാണ് ആദ്യ പട്ടികയിലുള്ള പ്രമുഖൻ.
243 അംഗ നിയമസഭയിൽ 160 സീറ്റുകളിലാണ് ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. എൻഡിഎ സഖ്യകക്ഷികളായ എൽജെപി, ഹിന്ദുസ്ഥാൻ ആവാം മോർച്ച, ആർഎൽഎസ്പി തുടങ്ങിയവരും വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ഒക്ടോബർ 12 മുതൽ നവംബർ 5 വരെയായി അഞ്ച് ഘട്ടങ്ങളിലായാണ് ബീഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post