തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. കെ.ജി.എം.ഒ.എ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു.
ആശുപത്രികളുടെ പ്രവർത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത വിധത്തിൽ ഡോക്ടർമാരുടെ ഡ്യൂട്ടിസമയം ക്രമപ്പെടുത്തും. നൈറ്റ് ഡ്യൂട്ടിയുള്ള ദിവസം ഡേ ഡ്യൂട്ടി ചെയ്യണമെന്ന് ഡോക്ടർമാരെ നിർബന്ധിക്കില്ല. ഒ.പി, സർജറി, ലേബർ റൂം തുടങ്ങിയവയുടെ പ്രവർത്തനങ്ങളെ ക്രമീകരണങ്ങൾ ബാധിക്കുന്നില്ലെന്ന് ആശുപത്രി സൂപ്രണ്ടുമാർ ഉറപ്പുവരുത്തുമെന്നും മന്ത്രി അറിയിച്ചു. ഡോക്ടർമാരുടെ മറ്റ് ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സർവീസ് ക്വാട്ടയിൽ പി.ജി പഠനത്തിനു പോകുന്ന ഡോക്ടർമാർക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കൽ കോളജ് തുടങ്ങുകയെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഇക്കാര്യത്തിൽ തുടർ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post