പിന്നിലും വേണം ഹെല്‍മെറ്റ്; ഇരുചക്രവാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കു ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാകും. പിന്‍ സീറ്റില്‍ ഹെല്‍മെറ്റ് വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ഫോര്‍ട്ട് കൊച്ചി സ്വദേശി ടി യു രവീന്ദ്രന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് വി ചിദംബരേഷിന്റെ നടപടി.

സ്ത്രീകളും യുവാക്കളും പിന്‍സീറ്റില്‍ യാത്ര ചെയ്തു റോഡില്‍ തെറിച്ചുവീണു ജീവന്‍ പൊലിയുന്നത് ഇടയാക്കരുതെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129-ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മെറ്റ് ധരിക്കണമെന്നു വ്യവസ്ഥയുണ്ട്. ഇതിനു വിരുദ്ധമായുള്ള സര്‍ക്കാര്‍ ഉത്തരവ് ഭരണഘടനാ ലംഘനവും മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനവുമാണെന്ന് ആരോപിച്ചാണു ഹര്‍ജി നല്‍കിയിരുന്നത്. ഇരുചക്ര വാഹനയാത്രക്കാര്‍ക്കു ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഉത്തരവിറക്കാന്‍ 2003-ല്‍ ഹൈക്കോടതി ഫുള്‍ബെഞ്ചിന്റെ വിധിയുണ്ടായിരുന്നു.

ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് വേണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞമാസം സംസ്ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു കേന്ദ്ര നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News