ന്യൂ ജെനറേഷന്‍ തകര്‍ക്കുമ്പോള്‍ മുത്തച്ഛന്‍, മുത്തശ്ശി റോളുകള്‍ ഇല്ലാതാകുന്നു; ആനപ്പാറ അച്ചാമ്മയും കരീം ഇക്കയുമൊക്കെ കഴിഞ്ഞനാളുകളിലെ നല്ല ഓര്‍മകള്‍

മലയാളികള്‍ക്ക് മറക്കാനാവാത്ത നിരവധി മുത്തച്ഛന്‍, മുത്തശ്ശി റോളുകളുണ്ട്… ഫിലോമിന അനശ്വരമാക്കിയ ഗോഡ്ഫാദറിലെ ആനപ്പാറ അച്ചാമ്മയും ഉസ്താദ് ഹോട്ടലില്‍ തിലകന്‍ ഉദാത്തമാക്കിയ കരീം ഇക്കയും അടക്കം അനവധി നിരവധി കഥാപാത്രങ്ങള്‍. പക്ഷേ, അടുത്തകാലത്തിറങ്ങിയ സിനിമകളില്‍ ഇങ്ങനെയുള്ള എത്ര കഥാപാത്രങ്ങളെ കണ്ടെത്താനാകും. ആധുനിക കുടുംബങ്ങളില്‍നിന്നു മുത്തച്ഛന്‍മാരും മുത്തശ്ശിമാരും ഓള്‍ഡ് ഏജ് ഹോമുകളിലേക്കു പോയപോലെയാണ് ഈ റോളുകളും. ഇവരെല്ലാം ഓള്‍ഡ് ഏജിലേക്കു മാറിക്കഴിഞ്ഞു.

ഈ പ്രവണത യാഥാര്‍ഥ്യമാണെന്ന് തീവ്രത്തിന്റെ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ വ്യക്തമാക്കുന്നു. അതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് ഇപ്പോഴത്തെ സിനിമകളില്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങളും. രണ്ടു പതീറ്റാണ്ടായി മലയാള സിനിമകളേറെയും ചുറ്റിപ്പറ്റി നിന്നിരുന്നത് കുടുംബകഥകളിലാണ്. ഇപ്പോള്‍ അങ്ങനെയൊന്നും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്കു തിരിച്ചുവരുന്ന സൂപ്പര്‍ ഹിറ്റ് ചലച്ചിത്രകാരന്‍ ബാലചന്ദ്രമേനോനും ഇതേ അഭിപ്രായം തന്നെ. മുമ്പു കൈകാര്യം ചെയ്തിരുന്നത് കൂട്ടുകുടുംബ വ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. അവിടെയുള്ള പ്രശ്‌നങ്ങളും സിനിമകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ അതൊക്കെ ചര്‍ച്ച ചെയ്യുന്നത് സോഷ്യല്‍മീഡിയയിലാണ്.- ബാലചന്ദ്രമേനോന്‍ പറയുന്നു.

അത്തരം റോളുകള്‍ ചെയ്യാനുള്ള താരങ്ങളുടെ കുറവും പ്രശ്‌നമാണെന്നാണ് സംവിധായകനായ സിദ്ദിഖിന്റെ പക്ഷം. ഇത്തരത്തിലെ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന താരങ്ങള്‍ പലരും ഇന്നില്ല. ഇതൊരു വലിയ നഷ്ടമായി ഇപ്പോഴും നിലനില്‍ക്കുകയാണെന്നും സിദ്ദിഖ് പറയുന്നു. മുത്തച്ഛന്‍, മുത്തശ്ശി റോളുകള്‍ കുറഞ്ഞുവരികയാണെന്ന് സംവിധായകന്‍ ജീത്തു ജോസഫും സമ്മതിക്കുന്നു. നഗരവ്യവസ്ഥയിലുള്ള കഥകളും അണുകുടുംബ കഥകളും സിനിമകള്‍ക്കു പ്രമേയമാകുമ്പോഴാണ് ഇത്തരം സ്ഥിതിയുണ്ടാകുന്നതെന്നാണ് ജീത്തുവിന്റെ അഭിപ്രായം.

ഇപ്പോഴത്തെ സിനിമകള്‍ യുവത്വത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും കാമ്പസുകളും ഐടി പാര്‍ക്കുകളുമാണ് ഇത്തരം സിനിമകളുടെ പശ്ചാത്തലമെന്നതുമാണ് മുത്തച്ഛന്‍, മുത്തശ്ശി റോളുകള്‍ കുറയുന്നതിനു കാരണമായി സിനിമാ നിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ ചൂണ്ടിക്കാട്ടുന്നത്. കുടുംബ പ്രേക്ഷകരെയാണ് ലക്ഷ്യമിടുന്നതെങ്കിലും ആസ്വാദനത്തിലെ തലം മാറിയിട്ടുണ്ടെന്നും ഇതാണ് യുവാക്കളുടെ കഥയുമായി ചിത്രങ്ങളെടുക്കാന്‍ സംവിധായകരെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

മുത്തശ്ശി റോളുകള്‍ ചെയ്തത് തനിക്ക് ഏറെ സംതൃപ്തി നല്‍കിയിട്ടുണ്ടെന്നാണ് ജീവിതത്തില്‍ മൂന്നു പേരക്കുട്ടികളുടെ മുത്തശ്ശിയായ നടി വല്‍സലാ മേനോന്റെ നിലപാട്. മുത്തച്ഛന്‍, മുത്തശ്ശി റോളുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍ സിദ്ദിഖ്. തന്റെ ഭാസ്‌കര്‍ ദ റാസ്‌കല്‍ സിനിമയില്‍ ജനാര്‍ദനന്‍ ചെയ്ത ശക്തമായ റോള്‍ അതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here