തിരുവനന്തപുരം: കൈരളി ന്യൂസ് ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ്. കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്‍ കിരീടം നേടുമെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫിയും സികെ വിനീതും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ കൊച്ചിയിലെത്തിക്കും എന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടീം അവതരണ ചടങ്ങിനിടെയാണ് ഇരുവരും കൈരളി ന്യൂസ് ഓണ്‍ലൈനോട് മനസു തുറന്നത്.
ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങള്‍ കഠിനമായ പരിശീലനത്തിലാണെന്ന് ടീമിലെ മലയാളി ഫോര്‍വേഡ് മുഹമ്മദ് റാഫി കൈരളി ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഇപ്പോള്‍ പരിശീലത്തില്‍ മാത്രമാണ് പൂര്‍ണ്ണ ശ്രദ്ധ. രണ്ടാഴ്ചയായി പരിശീലനം തുടരുന്നു. ടീമിന്റെ ഫിറ്റ്‌നസ് ലെവല്‍ ഉയരേണ്ടതുണ്ട്. വിവിധ കളി രീതികള്‍ പരീക്ഷിക്കുന്നുണ്ടെന്നും മുഹമ്മദ് റാഫി പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടും. ഇക്കാര്യത്തില്‍ഉറച്ച പ്രതീക്ഷയുണ്ട്. യുവനിരയാണ് ബ്ലാസ്റ്റേഴ്‌സിന്റേത്. ആരാധകരുടെ പൂര്‍ണ പിന്തുണ ഇത്തവണയും വേണമെന്നും റാഫി പറഞ്ഞു. ഐഎസ്എല്‍ കൂടുതല്‍ ആത്മവിശ്വാസം തരുന്നുണ്ട്. ഐഎസ്എല്‍ പ്ലെയര്‍ ആണോ എന്നാണ് എല്ലാവരും നോക്കുന്നതെന്നും റാഫി പറഞ്ഞു.
സച്ചിന്‍ ഉടമയായ ടീമില്‍ അംഗമായതിന്റെ സന്തോഷത്തിലാണ് മലയാളി മിഡ്ഫീല്‍ഡര്‍ സികെ വിനീത്. സച്ചിന്‍ ടീം വേഷത്തില്‍ വരുന്നത് കാണുമ്പോള്‍ പ്രത്യേക ഊര്‍ജ്ജം കൈവരുമെന്ന് സികെ വിനീത് കൈരളി ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ടീം ഒത്തൊരുമയോടെയാണ് പോകുന്നത്. എല്ലാവരും കഠിനമായി പരിശീലനം ചെയ്യുന്നുണ്ട്. കഴിഞ്ഞതവണ കൈവിട്ടുപോയ കിരീടം ഇത്തവണ ടീം നേടുമെന്നും സികെ വിനീത് പറഞ്ഞു.
കോച്ചിന്റെയും സഹകളിക്കാരുടെയും മികച്ച സഹകരണം ലഭിക്കുന്നുണ്ട്. തെറ്റുകള്‍ തിരുത്തിയാണ് മുന്നോട്ട് പോകുന്നത്. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. 4-4-2 ശൈലിയിലാണ് ഇപ്പോള്‍ പരിശീലിക്കുന്നതെന്നും സികെ വിനീത് പറഞ്ഞു. വിദേശ പരിശീലനം ലഭിച്ചിട്ടുള്ളതിന്റെ ഗുണം പ്രതീക്ഷിക്കുന്നുണ്ടെന്നും സികെ വിനീത് പറഞ്ഞു. അടുത്തമാസം 6നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.
Get real time update about this post categories directly on your device, subscribe now.
Discussion about this post