ഇന്ത്യന്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് തെരഞ്ഞെടുത്ത വഴി സോഷ്യല്‍ മീഡിയ; കേരളം തീവ്രവാദത്തിന്റെ റിക്രൂട്ടിംഗ് കേന്ദ്രമോ ?

മലയാളി ഇസ്ലാമിക്‌സ്റ്റേറ്റില്‍ അംഗമായെന്നും പൊലീസ് അന്വേഷണം ആരംഭിച്ചെന്നും കേട്ട കേരളജനതയുടെ അമ്പരപ്പ് മാറിയിട്ടില്ല. പ്രബുദ്ധ മലയാളി വര്‍ഗത്തിലും മനുഷത്വ രഹിതമായ കൊടും ക്രൂരതകളിലൂടെ ലോകത്തെ നടുക്കുന്ന തീവ്രവാദികളെ പിന്‍തുണക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകാം. എന്നാല്‍ മലയാളി യുവാക്കളും ഇസ്ലാമിക്‌സ്റ്റേറ്റിനെ പിന്‍തുണക്കുകയും തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെന്നതിനുളള തെളിവുകള്‍ പുറത്തായിക്കഴിഞ്ഞു. ഇസ്ലാമിക്‌സ്റ്റേറ്റിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന വിവരം മാസങ്ങള്‍ക്ക് മുന്‍പ്തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭ്യമായിരുന്നു എന്നതാണ് സത്യം.

തങ്ങളുടെ വേരുറപ്പിക്കാന്‍ ഇസ്ലാമിക്‌സ്റ്റേറ്റ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലൊന്നാണ് കേരളം. കേരളത്തിലെ അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടന ആസൂത്രിതനീക്കമാണ് നടത്തിയത്. സോഷ്യല്‍മീഡയകളിലൂടെയാണ് ഇസ്ലാമിക്‌സ്റ്റേറ്റ് ആദ്യം കേരളത്തിലേക്ക് നുഴഞ്ഞു കയറിയത്. വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി പ്രചരിപ്പിച്ച തീവ്രവാദ ആശങ്ങളും യുവാക്കളെ ആകര്‍ഷിച്ചു. മതവാദികളായ യുവാക്കളിലെ ഒരുവിഭാഗം ഐഎസിന്റെ വാഗ്ദാനങ്ങളില്‍ ഒറ്റയടിക്ക് കുടുങ്ങിയെന്നും കരുതാനാവില്ല.

അല്‍ഖ്വയ്ദയും സിമിയുമടക്കമുളള സംഘടനകള്‍ കേരളത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്യ്ത സംഭവങ്ങള്‍ കൂടി കൂട്ടിവായിച്ചാല്‍ ഇസ്ലാമിക്‌സ്റ്റേറ്റിന്റെ കേരളത്തിലെ തായ് വേരുകള്‍ മനസ്സിലാക്കാം. വിദേശങ്ങളിലേക്ക് തൊഴില്‍ തേടിപ്പോകുന്ന വലിയൊരു സമൂഹത്തിലേക്ക് വലവീശിയാല്‍ അംഗബലം കൂട്ടാം എന്ന ഇസ്ലാമിക്‌സ്റ്റേറ്റിന്റെ ആസൂത്രിത ബുദ്ധിയും ഫലം കണ്ടു. വാട്‌സ് ആപ്പ്‌പോലെ സജീവമായ മാധ്യമങ്ങളില്‍ കൂടി തീവ്രവാദികള്‍ പ്രചരണം ശക്തമാക്കുകയും ചെയ്തതോടെ രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികളും സൈബര്‍ വിഭാഗവും കര്‍ശന നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

ഐഎസ് അനുഭാവമുളള ഇന്ത്യക്കാരെ നാടുകടത്തുന്നതുള്‍പ്പടെയുളള കടുത്ത നടപടികള്‍ ഗള്‍ഫ് രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ ഐഎസ് അനുഭാവമുളള കുടുതല്‍ മലയാളികളുടെ പേരുകള്‍ വരും ദിവസങ്ങളില്‍ ഉയര്‍ന്നു വരും. കാരണം പുറത്തറിയാത്ത നിരവധിപ്പേരുടെ ചലനങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News