തോട്ടം തൊഴിലാളി സമരം വിവിധ എസ്റ്റേറ്റുകളിലേക്ക്; തെന്മലയിൽ മാനേജരെ തടഞ്ഞുവച്ചു; വയനാട്ടിൽ ദേശീയപാത ഉപരോധം 28ന്

കൊല്ലം/കൽപ്പറ്റ/പത്തനംതിട്ട: മൂന്നാർ തൊഴിലാളി സമരത്തിന്റെ വിജയത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തോട്ടം തൊഴിലാളികളും സമരരംഗത്തേക്ക്. അപ്പർ സൂര്യനെല്ലി, വയനാട്, പത്തനംതിട്ട, തെന്മല അമ്പനാട്, ആറളം എസ്റ്റേറ്റുകളിലെ തൊഴിലാളികളാണ് അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സമരം ആരംഭിച്ചത്.

അപ്പർ സൂര്യനെല്ലിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിലെ തൊഴിലാളികളുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ബോണസ്, ദിവസക്കൂലി വർധന ആവശ്യപ്പെട്ടാണ് സ്ത്രീ തൊഴിലാളികൾ സമരം ആരംഭിച്ചത്. ഹാരിസണിന്റെ കീഴിലുള്ള അഞ്ച് ഡിവിഷനുകളിലെ 800 സ്ത്രീ തൊഴിലാളികളും സമരരംഗത്ത് ഇറങ്ങിയത്. ബോണസ് 20 ശതമാനമാക്കി വർധിപ്പിക്കുക, ദിവസക്കൂലി 500 രൂപയാക്കി ഉയർത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ബോണസ് ഇനത്തിൽ 8.33 ശതമാനം തുക കമ്പനി തൊഴിലാളികൾക്ക് നൽകിയിരുന്നു. കണ്ണൻദേവൻ കമ്പനിയിലെ തൊഴിലാളികൾക്ക് 20 ശതമാനം ബോണസ് നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സൂര്യനെല്ലിക്കാരും സമരം ആരംഭിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കൊല്ലം തെന്മല അമ്പനാട് എസ്റ്റേറ്റിൽ തൊഴിലാളികൾ മാനേജറെ തടഞ്ഞുവച്ച് സമരം തുടങ്ങി. ബോണസ്, ചികിത്സാ ആനുകുല്യങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം.

തെന്മല ട്രാവൻകൂർ റബർ ടീ എസ്റ്റേറ്റിലെ 500 തൊഴിലാളികളുടെ അവസ്ഥ മറ്റ് തോട്ടം തൊഴിലാളികളുടെ ദുരിതത്തിനു സമാനമാണ്. എസ്റ്റേറ്റ് ഉടമകളുടെ മനുഷ്യത്വരഹിതമായ നിലപാടുകൾ നൽകിയ അവഗണന അവരെ പുഴുക്കൾക്ക് സമാനമായ അവസ്ഥയിലെത്തിലെത്തിച്ചു. കാടിന്റെ മക്കളെ പോലെ പുറംലോകം കാണാതെ എസ്‌റ്റേറ്റിൽ ജനിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യ കോലങ്ങൾക്ക് മാനേജ്‌മെന്റ് 1950കളിൽ നൽകിയ പൊട്ടിപൊളിഞ്ഞ ലയങ്ങളും നഴ്‌സുമാർ പോലും ഇല്ലാത്ത ഡിസ്പൻസറിയും ഒന്ന് കാണേണ്ട കാഴ്ചയാണ്. മുതലാളിക്ക് അപകടം സംഭവിച്ചാൽ ആംബുലൻസ്, തങ്ങൾക്ക് കാളവണ്ടിയെക്കാളും പതിയെ പോകുന്ന ട്രാക്ടറാണ് അയക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു.

20% ബോണസ് ഓണത്തിനു ശേഷം നൽകാമെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയെങ്കിലും പാലിച്ചിട്ടില്ല. ചികിത്സാ ആനുകൂല്യങ്ങൾ പോലും നിഷേധിക്കുകയാണ്. റിട്ടയർ ചെയ്തവർക്ക് കൈകാശു നൽകി ആശ്രിത നിയമനം അട്ടിമറിച്ചെന്നും തൊഴിലാളികൾ ചൂണ്ടികാട്ടുന്നു. 500 രൂപ കൂലിയെന്ന് ആവശ്യത്തിൽ നിന്ന് പുറകോട്ടില്ലെന്ന് തെന്മല ഹാരിസൺ എസ്റ്റേറ്റിലെ തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

എന്നാൽ എസ്റ്റേറ്റുകൾക്കുണ്ടാകുന്ന നഷ്ടകണക്കുകളെ കുറിച്ച് ആരും അന്വഷിക്കുന്നില്ലെന്ന് അമ്പനാട് എസ്റ്റേറ്റ് മാനേജർ അനിൽ മഹാരാജ് പ്രതികരിച്ചു.

ആറളം ഫാമിലെ തൊഴിലാളികളും സമരരംഗത്തേക്കിറങ്ങിയിരിക്കുകയാണ്. 240 പ്രവൃത്തി ദിനങ്ങൾ പൂർത്തീകരിച്ച തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ശമ്പള പരിഷ്‌ക്കരണം മുൻകാലപ്രാബല്യത്തോടെ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.

വയനാട്ടിലും തോട്ടം തൊഴിലാളികൾ ദേശീയപാത ഉപരോധിച്ചുള്ള സമരത്തിലേക്ക് കടക്കുകയാണ്. 28ന് പണിമുടക്കി നടക്കുന്ന പ്രതിഷേധ സമരം വയനാട് എസ്റ്റേറ്റ് ലേബർ യൂണിയനാണ് പ്രഖ്യാപിച്ചത്. സി.പി.ഐ.എമ്മും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളവും, ബോണസും വെട്ടിക്കുറച്ച മാനേജ്‌മെന്റ് നടപടികൾ, തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയതോടെ നിലനിൽപ്പിനായുള്ള അന്തിമ സമരത്തിന് ഒരുങ്ങുകയാണ് പത്തനംതിട്ട ഹാരിസൺ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel