നിയമം നടപ്പാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല

തിരുവനന്തപുരം: ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ജേക്കബ് തോമസിന് പ്രതിഷേധം. തന്നെ മാറ്റിയത് എന്തിനെന്ന് അറിയണമെന്ന് ജേക്കബ് തോമസ് പറഞ്ഞു. നിയമപരമായ നടപടികള്‍ സ്വീകരിച്ചതിന്റെ പേരിലാണ് തന്നെ മാറ്റിയത്. ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും സര്‍ക്കാര്‍ തന്നെ സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത് തന്നെ തരംതാഴ്ത്തുന്നതിന് തുല്യമാണ്. ഉത്തരവ് കിട്ടിയിട്ടില്ല. എന്തായാലും എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ താന്‍ തയ്യാറല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. ഫയര്‍ഫോഴ്‌സ് ഡിജിപിയായിരുന്ന ജേക്കബ് തോമസിനെ കണ്‍സ്ട്രക്ഷന്‍ എംഡിയായാണ് മാറ്റിയത്. എഡിജിപി അനില്‍കാന്തിനാണ് ഫയര്‍ഫോഴ്‌സിന്റെ പുതിയ ചുമതല. എന്നാല്‍, സ്ഥലം മാറ്റത്തില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. സ്ഥലംമാറ്റം സ്വാഭാവിക നടപടി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ഫ് ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സ്ഥലം മാറ്റമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.

ഫ് ളാറ്റ് ലോബികളുടെ സമ്മര്‍ദ്ദമാണ് ഡിജിപിയുടെ സ്ഥലം മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ചട്ടം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ ഓഡിറ്റിന് ജേക്കബ് തോമസ് ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സ്ഥലംമാറ്റത്തിന് മന്ത്രിസഭ ഉത്തരവിറങ്ങിയത്. വകുപ്പു മന്ത്രി രമേശ് ചെന്നിത്തലയാണ് ഡിജിപിയെ സ്ഥലം മാറ്റുന്നതിനുള്ള നിര്‍ദേശം മുന്നോട്ട് വച്ചത്. മന്ത്രിസഭയിലെ മറ്റു മന്ത്രിമാര്‍ എല്ലാം നിര്‍ദേശത്തെ പിന്തുണച്ചു. നഗരവികസന മന്ത്രിയുള്‍പ്പെടെയുള്ള പല മന്ത്രിമാരും ജേക്കബ് തോമസിന്റെ പ്രവര്‍ത്ത ശൈലിയുമായി യോജിച്ചു പോകാന്‍ പറ്റില്ലെന്ന നിലപാടെടുക്കുകയും അദ്ദേഹത്തെ അഗ്നിശമനസേനയുടെ തലപ്പത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്ക് മാറ്റിയത്.

ബാര്‍കോഴ കേസ് അന്വേഷണ സംഘത്തലവനായിരുന്ന സമയത്താണ് എഡിജിപിയായിരുന്ന ജേക്കബ് തോമസിന് ഡിജിപിയായി ഉദ്യോഗക്കയറ്റം നല്‍കിയത്. തുടര്‍ന്ന് അദ്ദേഹത്തെ വിജിലന്‍സില്‍ നിന്നുമാറ്റി അഗ്‌നിശമനസേന ഡിജിപിയായി നിയമിക്കുകയായിരുന്നു. കെട്ടിട സുരക്ഷാമാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഡിജിപി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. മാത്രമല്ല ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി ഒരു സര്‍ക്കുലറും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഈ കാര്യങ്ങളില്‍ അതത് വകുപ്പ് മന്ത്രിമാര്‍ക്ക് എതിര്‍പ്പായിരുന്നു ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News