ചെന്നിത്തലയുടെ വാദം പച്ചക്കള്ളം; ജേക്കബ് തോമസിന്റെ മാറ്റം സ്വാഭാവിക നടപടിയല്ല; കാരണം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതുതന്നെ

തിരുവനന്തപുരം: അഗ്നിശമന രക്ഷാ വിഭാഗം മേധാവി ജേക്കബ് തോമസിന്റെ സ്ഥാനം മാറ്റിയത് സ്വാഭാവിക നടപടിയാണെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വാദം പൊളിയുന്നു. ദീര്‍ഘകാല അവധിയെടുത്തതുകൊണ്ടാണ് ജേക്കബ് തോമസിനെ മാറ്റിയതെന്നായിരുന്നു രമേശിന്റെ വാദം. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതാണ് മാറ്റത്തിനു പിന്നിലെന്നു വ്യക്തമാവുകയാണ്.

കഴിഞ്ഞമാസം മുപ്പതിനാണ് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചത്. ഈ മാസം 27 ന് അവധി കഴിഞ്ഞ് 28 ന് ചുമതലയില്‍ തിരികെ പ്രവേശിക്കാനിരിക്കുകയായിരുന്നു. ഇക്കാര്യം ജേക്കബ് തോമസ് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചിരുന്നതുമാണ്. മകന്റെ ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടു വിദേശത്തായതിനാലാണ് അവധിയെടുത്തത്. ഇക്കാര്യങ്ങളെല്ലാം അറിയാമായിരിക്കേയാണ് അവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എംഡിയായി താരതമ്യേന ചെറിയ തസ്തികയിലേക്കു മാറ്റിയത്. ഡിജിപി തസ്തികയിലുള്ള അദ്ദേഹത്തെ എഡിജിപിമാര്‍ സാധാരണയായി കൈകാര്യം ചെയ്യാറുള്ള പദവിയിലേക്കു മാറ്റിയത് പ്രതികാരനടപടി കൂടിയായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

27 ദിവസത്തേക്കാണ് ജേക്കബ് തോമസ് അവധിയെടുത്തത്. ഇതിനു മുമ്പും അഗ്നിശമന രക്ഷാവിഭാഗത്തിലെ മേധാവിമാര്‍ ദീര്‍ഘാവധിയെടുത്തിട്ടുണ്ട്. അവരെ ഒന്നും സ്ഥലം മാറ്റിയിട്ടില്ല. വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് ജേക്കബ് തോമസിനു മേല്‍ ശക്തമായ സമ്മര്‍ദമുണ്ടായിരുന്നു. ഇതിനു വഴങ്ങാന്‍ അദ്ദേഹം തയാറായിരുന്നില്ല. ഇതാണ് സര്‍ക്കാരിനും ആഭ്യന്തര മന്ത്രിക്കും അദ്ദേഹം ചതുര്‍ഥിയാകാന്‍ കാരണമായത്.

അഗ്നിശമന രക്ഷാസേനയിലെ പുതിയ അംഗങ്ങളെ തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലങ്ങളില്‍ മാറ്റി നിയമിക്കാനായിരുന്നു ജേക്കബ് തോമസിനു മേലുള്ള സമ്മര്‍ദം. സ്ഥലം മാറ്റ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി ഭരണപക്ഷ നേതാക്കളുടെ വാക്കിനു വിലകൊടുക്കാതെ ചട്ടപ്രകാരമായിരുന്നു ജേക്കബ് തോമസിന്റെ നടപടികള്‍. ഇത് ഭരണനേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

സുരക്ഷാ സൗകര്യം ഇല്ലാത്തതിനാല്‍ 12 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള ഫ് ളാറ്റുകള്‍ക്ക് അഗ്നിശമന രക്ഷാ സേന അനുമതി നല്‍കിയിരുന്നില്ല. ഇതും ജേക്കബ് തോമസിനു വിനയായി. ഫഌറ്റ് മാഫിയയും ജേക്കബ് തോമസിനെ മാറ്റാന്‍ അക്ഷീണം രംഗത്തുണ്ടായിരുന്നു. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതാണ് വന്‍കിട ഫഌറ്റുകള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ കാരണം. വന്‍കിട കെട്ടിടങ്ങളുടെ സുരക്ഷാ സംവിധാനത്തിന് 176 കോടിരൂപയുടെ പദ്ധതി ആവിഷ്‌കരിക്കുകയും സര്‍ക്കാരില്‍ നിന്ന് അനുമതി നേടിയെടുക്കുകയും ചെയ്തു. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് സ്ഥലംമാറ്റം.

ജേക്കബ് തോമസ് ഇരിക്കുമ്പോള്‍ ഈ ടെണ്ടറില്‍ കമ്മീഷന്‍ വാങ്ങി എടുക്കാന്‍ സാധിക്കില്ല എന്ന ചിന്തയുള്ളവരും അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനു പിന്നില്‍ ചരടു വലിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ ശക്തമായ നടപടി എടുക്കുന്നയാളാണ് ജേക്കബ് തോമസ് എന്നതും സ്ഥലംമാറ്റത്തിന് കാരണമായിട്ടുണ്ട്.

RELATED STORY

നിയമം നടപ്പിലാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News