ജേക്കബ്ബ് തോമസിന്റെ സ്ഥാനമാറ്റം; ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന പാഠം

‘സാര്‍വ്വത്രികമായ അഴിമതിയുടെ കാലത്ത് സത്യം വിളിച്ചു പറയുന്നത് വിപ്ലവ പ്രവര്‍ത്തനമാണ്’. ജോര്‍ജ് ഓര്‍വെല്ലിന്റെ പ്രശസ്തമായ വരികള്‍ ആമുഖമായി ചേര്‍ത്തായിരുന്നു പാറ്റൂര്‍ കേസില്‍ ജേക്കബ്ബ് തോമസ് ലോകായുക്തയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പാറ്റൂരിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് ഒത്താശ നല്‍കിയത് ഭരണതലത്തിലെ ഉന്നതരായിരുന്നുവെന്നു കണ്ടെത്തിയ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. അന്വേഷണത്തില്‍ സത്യസന്ധമായ വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ പേരു വിവരം റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും ജേക്കബ്ബ് തോമസ് എഴുതി. ‘സത്യം വെളിപ്പെടുത്തുന്നവര്‍ ഔദ്യോഗിക ജീവിതകാലം മു!ഴുവന്‍ വേട്ടയാടപ്പെടും. എന്റെ ജീവിതത്തില്‍ നിന്ന് അക്കാര്യം എനിക്ക് ബോധ്യമുണ്ട്. ‘ അതുകൊണ്ടാണ് വിവരം നല്‍കിയവരുടെ പേര് രേഖപ്പെടുത്താത്തതെന്നും ജേക്കബ്ബ് തോമസ് പാറ്റൂര്‍ റിപ്പോര്‍ട്ടില്‍ തുറന്നെഴുതി.

പിന്നീടായിരുന്നു ബാര്‍കോഴയില്‍ അന്വേഷണ ചുമതല. വിജിലന്‍സ് എഡിജിപി ജേക്കബ്ബ് തോമസിന്റെ അന്വേഷണ ചുമതലയില്‍, എസ് പി സുകേശന്റെ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങി. കെ എം മാണിയെ കോവളം ഗസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്യുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടതോടെ അധികാര കേന്ദ്രങ്ങള്‍ വിരണ്ടു. ജേക്കബ്ബ് തോമസിനെ വിജിലന്‍സില്‍നിന്ന് മാറ്റാന്‍ അണിയറയില്‍ നീക്കങ്ങള്‍ തുടങ്ങിയത് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. അതോടെ ഡി ജി പി സ്ഥാനത്തേക്ക് ഉയര്‍ത്തി വിജിലന്‍സില്‍ നിന്ന് മാറ്റുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഡി ജി പി ആയിട്ടായിരുന്നു നിയമനം.

വന്‍കിട ഫ്‌ളാറ്റുകള്‍ക്ക് ഫയര്‍ഫോഴ്‌സ് ഡിജിപിയുടെ അനുമതി നിര്‍ബന്ധമായിരുന്നു. സുരക്ഷാനിയമങ്ങള്‍ പാലിക്കാത്ത ഫ്‌ളാറ്റുകള്‍ക്ക് ജേക്കബ്ബ് തോമസ് അനുമതി നിഷേധിച്ചു തുടങ്ങിയതോടെ ഫ്‌ളാറ്റു മാഫിയകള്‍ ഡിജിപിക്കെതിരെ നീങ്ങി. മന്ത്രിസഭാ യോഗത്തില്‍ പലതവണ മന്ത്രിമാര്‍ ഡിജിപിയെ വിമര്‍ശിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തി. ഒടുവില്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനിലേക്ക് മാറ്റം. അധികാര കേന്ദ്രങ്ങള്‍ക്ക് താത്ക്കാലിക ആശ്വാസം.

86 ഐപിഎസ് ബാച്ചുകാരനായ ജേക്കബ്ബ് തോമസ് 29 വര്‍ഷത്തെ സര്‍വ്വീസിനിടയ്ക്ക് കാക്കി യൂണിഫോമിട്ടത് 4 വര്‍ഷം മാത്രം. എറണാകുളം കമ്മീഷണറായിരിക്കെ ഉന്നതന്മാരുടെ താവളമായ ലോട്ടസ് ക്ലബ്ബ് റെയ്ഡ് ചെയ്തു. ആദ്യ സ്ഥാനമാറ്റം അവിടെ തുടങ്ങി. മൂന്നുമാസം മുമ്പ് മാണിക്കുവേണ്ടി വിജിലന്‍സില്‍ നിന്നുള്ള മാറ്റം. ഫ്‌ളാറ്റ് മാഫിയകള്‍ക്കു വേണ്ടി ഇന്നലത്തെ മന്ത്രിസഭായോഗം ഫയര്‍ഫോഴ്‌സ് ഡിജിപി സ്ഥാനത്തു നിന്ന് മാറ്റി. നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലിയുടെ ആവശ്യത്തെ മുഴുവന്‍ മന്ത്രിമാരും പിന്തുണക്കുകയായിരുന്നുവെന്നാണ് വിവരം. സാര്‍വത്രിക അഴിമതിയുടെ കാലത്ത്, എതിര്‍ശബ്ദം ഉയര്‍ത്താതിരിക്കുക. ഇതാണ് ഈ സ്ഥാനമാറ്റത്തിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പാഠം.

RELATED POST

ചെന്നിത്തലയുടെ വാദം പച്ചക്കള്ളം; ജേക്കബ് തോമസിന്റെ മാറ്റം സ്വാഭാവിക നടപടിയല്ല; കാരണം രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാത്തതുതന്നെ

നിയമം നടപ്പാക്കിയതു കൊണ്ടാണ് തന്നെ മാറ്റിയതെന്ന് ജേക്കബ് തോമസ്; എഡിജിപി ഇരുന്ന തസ്തികയിലേക്ക് പോകാന്‍ തയ്യാറല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News