ലിംഗനിര്‍ണ്ണയം നടത്തുന്ന ഡോക്ടര്‍മാരെ പിടിക്കാന്‍ ഇ – ചേസ്; നിയമം കര്‍ശനമാക്കുന്നത് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ സര്‍ക്കാരുകള്‍

ചണ്ഡീഗഡ്: ലിംഗനിര്‍ണ്ണയ നിരോധനനിയമം കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ഒരുങ്ങുന്നു. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഇതിനുള്ള പദ്ധതി ആവിഷ്‌കരിച്ചു കഴിഞ്ഞു. ഇ – ചേസ് എന്ന പേരിട്ട പുതിയ പദ്ധതിക്ക് കീഴില്‍ മൂന്ന് സര്‍ക്കാരുകളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടും. പിടിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കുക മാത്രമായിരുന്നു നിലവിലെ നടപടി.

മൂന്ന് സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ നടത്തിയ സംയുക്ത യോഗത്തിന്റേതാണ് തീരുമാനം. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ പിന്‍ബലത്തിലാവും പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്ക് ഇ – ചേസ് സംവിധാനത്തിലൂടെ ലിംഗ നിര്‍ണ്ണയവും ഭ്രൂണഹത്യയും സംബന്ധിച്ച പരാതി നല്‍കാം. ടീമിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഡോക്ടര്‍മാരെ പിടികൂടുക.

പെണ്‍ഭ്രൂണഹത്യ ഉയരുന്ന സാഹചര്യത്തിലാണ് ലിംഗനിര്‍ണ്ണയം കര്‍ശനമായി അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ തീരുമാനിച്ചത്. ആദ്യ പ്രസവത്തില്‍ പെണ്‍കുട്ടികള്‍ ജനിച്ചവരും രണ്ടാമത് പ്രസവത്തിനായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരുമായവരിലാണ് കൂടുതല്‍ നിരീക്ഷണം. പഞ്ചാബില്‍ പരിശോധനയെത്തുടര്‍ന്ന് ഇതിനകം ചില ഡോക്ടര്‍മാര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടിക്രമം അനുസരിച്ച് കേസെടുത്തിട്ടുണ്ട്.

ലിംഗനിര്‍ണ്ണയം നടത്തുന്നുവെന്ന സൂചന നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ വരെ ഇ – ചേസ് പദ്ധതിപ്രകാരം പാരിതോഷികം നല്‍കും. ഹരിയാനയിലെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍ആര്‍ ജോവല്‍, ഹിമാചല്‍ പ്രദേശ് ആരോഗ്യവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിനീത് ചൗധരി, പഞ്ചാബ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിന്നി മഹാജന്‍ എന്നിവരുടെ സംയുക്ത യോഗത്തിന്റേതാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News