സിസ്റ്റര്‍ അഭയയ്ക്കു പിന്നാലെ അമലയും; കൊലചെയ്യപ്പെട്ടത് പുലര്‍ച്ചെ രണ്ടരയ്ക്കുശേഷം; തെളിവുകളുള്ളപ്പോഴും അഴിയാന്‍ ദുരൂഹതയേറെ

പാലാ: പാലാ ലിസ്യൂ കര്‍മലീത്താ മഠത്തില്‍ സിസ്റ്റര്‍ അമല കൊല്ലപ്പെട്ടതു പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തെളിവുകള്‍ പുറത്തുവരുന്നതോടെ ഈ സമയം മഠത്തിലെത്തിയ കൊലയാളിയാരാണെന്ന കാര്യത്തില്‍ ദുരൂഹതയും. രാവിലെ ആറരയ്ക്കും ഏഴിനുമിടയില്‍ പതിവായി പ്രാര്‍ഥന നടക്കുന്ന മഠത്തിലാണ് സിസ്റ്റര്‍ അമല ഭാരമേറിയ വസ്തുകൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്.

കൊലയാളിയിലേക്കു വിരല്‍ ചൂണ്ടുന്ന നിരവധി സൂചനകളാണുള്ളത്. കവര്‍ച്ചാശ്രമമായിരുന്നോ കൊലയ്ക്കു പിന്നിലെന്ന കാര്യം വ്യക്തമല്ല. അതു സൂചിപ്പിക്കുന്ന തെളിവുകളുണ്ടെങ്കിലും കൊലപാതകം എന്നതിനപ്പുറം യാതൊരു വിശദീകരണത്തിനും പൊലീസ് തയാറായിട്ടുമില്ല. രാവിലെ ഏഴരയ്ക്കാണു സിസ്റ്റര്‍ അമലയെ പ്രാര്‍ഥനയ്ക്കു കാണാതിരുന്നതിനാല്‍ മറ്റു കന്യാസ്ത്രീകള്‍ മുറിയിലെത്തി അന്വേഷിച്ചത്. അപ്പോഴാണ് ഭിത്തിയിലാകെ രക്തം തെറിച്ച നിലയില്‍ മൃതദേഹം കട്ടിലില്‍ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചുദിവസമായി പനിമൂലം വിശ്രമത്തിലായിരുന്നു സിസ്റ്റര്‍ അമല. പ്രാര്‍ഥനയ്ക്കു കന്യാസ്ത്രീകള്‍ പോകുന്ന സമയം കൃത്യമായി അറിയാവുന്ന ഒരാളായിരിക്കാം കൊല നടത്തിയതെന്നതാണ് ഒരു സാധ്യത. അങ്ങനെയെങ്കില്‍ മറ്റു കന്യാസ്ത്രീകള്‍ ചാപ്പലില്‍ പോകുന്ന സമയം സിസ്റ്റര്‍ അമലയുടെ മുറിയില്‍ കയറി കൊലപാതകം നടത്തിയിരിക്കണം. തൊട്ടടുത്ത മുറിയിലെ ഡോക്ടര്‍ കൂടിയായ കന്യാസ്ത്രീയുടെ മുറിയില്‍നിന്ന് ഇരൂനൂറു രൂപ നഷ്ടപ്പെട്ടിട്ടുമുണ്ട്. കവര്‍ച്ചയായിരുന്നു ലക്ഷ്യമെങ്കില്‍ ഈ മുറിയില്‍നിന്നു പണമെടുത്ത ശേഷം സിസ്റ്റര്‍ അമലയുടെ മുറിയിലെത്തിയപ്പോള്‍ സിസ്റ്ററെ കണ്ട് കള്ളി പൊളിയാതിരിക്കാന്‍ കൊലപാതകം നടത്തിയതായിരിക്കുമോ എന്നതാണ് പൊലീസ് അന്വഷിക്കുന്നത്.

മഠത്തോടു ചേര്‍ന്നുള്ള പൊന്തക്കാട്ടിലൂടെ ആരോ നടന്നു പോയതായി സൂചനയുണ്ട്. കൊലപാതകം ചെയതയാള്‍ പോയതാണെന്നു സംശയിക്കാവുന്നതാണെന്നാണ് പൊലീസ് കരുതുന്നത്. അതേസമയം, അത് ഇന്നോ ഇന്നലെയോ ഉണ്ടായതാണെന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സാധാരണ നിലയില്‍ മഠത്തിലുള്ളവരും മഠത്തിലെ സഹായികളും ജോലിക്കാരുമൊക്കെ ഇതുവഴി പലപ്പോഴായി നടക്കാനുള്ള സാധ്യതയുള്ളതിനാല്‍ പൊലീസ് ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല.

ഇതൊക്കെയും രാവിലെ ആറരയ്ക്കും ഏഴിനും ഇടയില്‍ കൊലപാതകം നടന്നാല്‍ മാത്രം സംഭവിക്കാവുന്ന കാര്യങ്ങളാണ്. പുലര്‍ച്ചെ രണ്ടരയ്ക്കും രാവിലെ ഏഴിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സിസ്റ്റര്‍ അമല അതിനു മുമ്പേതന്നെ കൊലചെയ്യപ്പെട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിയിട്ടില്ല. അങ്ങനെയെങ്കില്‍ ആരാണ് കൊലപാതകം നടത്തിയതെന്ന കാര്യം കണ്ടെത്തുക ശ്രമകരമായിരിക്കും. സാധാരണ കന്യാസ്ത്രീ മഠങ്ങളില്‍ മുറികള്‍ അകത്തുനിന്നു പൂട്ടാറില്ല. അമലയുടെ മുറിയിലെ വാതിലും ചാരിയനിലയിലായിരുന്നു. എങ്ങനെയെങ്കില്‍ ആരെങ്കിലും കരുതിക്കൂട്ടി കൊലപാതകം നടത്തിയതാണോ എന്ന നിലയിലായിരിക്കും പൊലീസിന്റെ അന്വേഷണം

RELATED POST

കന്യാസ്ത്രിയുടെ മരണം കൊലപാതകമെന്ന് കോട്ടയം എസ്പി; തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ടേറ്റ ഒന്നിലധികം മുറിവുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News