നെഹ്രൂ മ്യൂസിയവും കൈപ്പിടിയിലൊതുക്കാന്‍ സംഘപരിവാര്‍; മഹേഷ് രംഗരാജന്‍ ഡയറക്ടര്‍ സ്ഥാനം രാജിവെച്ചു; കാരണം കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നത

ദില്ലി: രാജ്യതലസ്ഥാനത്തെ പ്രശസ്തമായ നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയും സംഘപരിവാറിന്റെ കൈകളിലേക്ക്. നെഹ്രു മ്യൂസിയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മഹേഷ് രംഗരാജന്‍ രാജിവെച്ചു. കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ് രാജി. മഹേഷ് രംഗരാജന്റെ രാജിക്കത്ത് ഭരണസമിതി അംഗീകരിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ലോകേഷ് ചന്ദ്രയാണ് രാജിക്കാര്യം സ്ഥിരീകരിച്ചത്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കേന്ദ്ര സാംസ്‌കാരിക വകുപ്പും നെഹ്രു മ്യൂസിയം ഡയറക്ടറും തമ്മില്‍ ശീതസമരം നിലവിലുണ്ട്. വകുപ്പ് മന്ത്രിയുമായി സ്വരച്ചേര്‍ച്ചയിലുമായിരുന്നില്ല മഹേഷ് രംഗരാജന്‍. വകുപ്പ് മന്ത്രിയില്‍ നിന്ന് ഒടുവിലുയര്‍ന്ന രൂക്ഷ പ്രതികരണമാണ് ഡയറക്ടറുടെ രാജിയില്‍ കലാശിച്ചത്. നിയമ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണ് ഡയറക്ടര്‍ സ്ഥാനത്തേക്കുള്ള മഹേഷ് രംഗരാജന്റെ നിയമനം എന്നായിരുന്നു മന്ത്രി മഹേഷ് ശര്‍മ്മയുടെ വിമര്‍ശനം. ഇക്കാര്യം മന്ത്രി ആവര്‍ത്തിച്ചു. ഇതാണ് കാര്യങ്ങള്‍ വഷളാക്കിയത്. സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവ സംഘപരിവാര്‍ കൈപ്പിടിയില്‍ ഒതുക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ നീക്കത്തെ കണ്ടിരുന്നത്.

നെഹ്രുവിന്റെ ചരിത്രം തിരുത്തിയെഴുതാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കമാണ് മഹേഷ് രംഗരാജന്റെ രാജിക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. നീചമായ പ്രവര്‍ത്തിയാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നാണ് കോണ്‍ഗ്രസ് നിലപാട്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാനകാലത്താണ് മഹേഷിനെ ഡയറക്ടറായി നിയമിച്ചത്. കാവിവല്‍ക്കരണത്തിന്റെ ഭാഗമാണ് രാജിയെന്ന ആരോപണം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ നിഷേധിച്ചു. യുപിഎ സര്‍ക്കാര്‍ നിയമിച്ച രണ്ട് പേര്‍ ഇപ്പോഴും കൗണ്‍സില്‍ ഭരണസമിതിയിലുണ്ട്. ഇവര്‍ രാജിവെച്ചിട്ടില്ലെന്ന മറുവാദമാണ് ഉയര്‍ത്തുന്നത്. വ്യക്തിപരമാണ് രംഗരാജന്റെ രാജിയെന്നും വിശദീകരിക്കുന്നു.

മഹേഷ് രംഗരാജനെതിരെ ആര്‍എസ്എസ് കരുനീക്കങ്ങള്‍ നടത്തിയെന്നത് വ്യക്തമാണ്. ചില കേന്ദ്രങ്ങളില്‍ നിന്ന് മഹേഷിനെതിരെ പരാതി ലഭിച്ചതാണ് രാജിയില്‍ കലാശിച്ചതെന്നാണ് സൂചന. പരാതികളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കാനിരിക്കെയാണ് രാജിയെന്നും വ്യാഖ്യാനമുണ്ട്. മഹേഷ് രംഗരാജന്റെ രാജി അംഗീകരിച്ച നെഹ്രു മ്യൂസിയം ഭരണസമിതി ഡയറക്ടര്‍ പദവി ഒഴിവുവന്നതായി കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഡയറക്ടര്‍ പദവിയിലേക്ക് പുതിയ ആളെ നിയമിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ആര്‍എസ്എസിന് താല്‍പര്യമുള്ള ആള്‍ ആകും ഇനി നെഹ്രു മ്യൂസിയത്തിന്റെ തലപ്പത്തെത്തുക. നെഹ്രു മ്യൂസിയം കൂടി കാവിവല്‍ക്കരണത്തിന്റെ ഇടമാകുമ്പോള്‍ നഷ്ടം കോണ്‍ഗ്രസിനും കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News