‘ജോണായിരുന്നെങ്കിൽ അവൻ ഒരു പ്രതിഭയായി വാഴ്ത്തപ്പെട്ടേനെ; അഹമ്മദായതിനാലാണ് പ്രതിയായത്’ അഹമ്മദിനെ സോഷ്യൽമീഡിയയിൽ ഹിറ്റാക്കിയ ഹാഷ് ടാഗിന് പിന്നിൽ വിദ്യാർത്ഥിനിയായ അംന ജാഫരി

ന്യൂയോർക്ക്: സോഷ്യൽമീഡിയ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്ത ഹാഷ് ടാഗാണ് #IStandWithAhmed. ഇസ്ലാമോഫോബിയയുടെ പുതിയ ഇരയായി മാറിയ അഹമ്മദ് മുഹമ്മദ് എന്ന 14കാരന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടായിരുന്നു അത്. ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ്, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ തുടങ്ങിയ നിരവധി പ്രമുഖരും അഹമ്മദിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഏറെ ചർച്ചയായതും ട്രെൻഡിംഗ് ലിസ്റ്റിൽ വളരെ പെട്ടെന്ന് ഇടം പിടിച്ച ആ ഹാഷ് ടാഗിന് പിന്നിൽ യുഎസ് പൗരയും ടെക്‌സസിലെ കോളജ് വിദ്യാർത്ഥിനിയായ അംന ജാഫരിയാണ്. ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വിദ്യാർത്ഥി അറസ്റ്റ് ചെയ്‌തെന്ന വാർത്ത അറിഞ്ഞ ഉടനെയാണ് അംന പിന്തുണ പ്രഖ്യാപിക്കാൻ ഹാഷ് ടാഗ് ഉണ്ടാക്കിയത്.

‘അവന്റെ പേര് ജോൺ എന്നായിരുന്നുവെങ്കിൽ, ഒരു പ്രതിഭയായി അവൻ വാഴ്ത്തപ്പെട്ടേനെ, അഹമ്മദായതിനാലാണ് അവൻ പ്രതിയായി മാറിയത്’ – ഈ ട്വീറ്റിന് തുടർച്ചയായാണ് #doublestandards #IStandWithAhmed എന്നീ ഹാഷ് ടാഗുകളും അംന പോസ്റ്റ് ചെയ്തത്. പത്തു ലക്ഷത്തിലേറെ പേരാണ് അംനയുടെ ഹാഷ് ടാഗിനു പിന്നിൽ അണിനിരന്നത്. മതത്തിന്റെയും പേരിന്റെയും പേരിൽ വിവേചനം അനുഭവിക്കുന്ന ഒരാളുടെ കൂടെ നിൽക്കുന്നു എന്ന് സൃഷ്ടിക്കുന്നതാണ് തന്റെ വാക്കുകളെന്ന് അംന പറയുന്നു. ഇത്രയും പ്രതികരണം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നല്ല മനുഷ്യർ വളരെയേറെ ഉണ്ടെന്ന് അറിഞ്ഞതാണ് ഏറ്റവും തീവ്രമായ അനുഭവമെന്നും അംന പറയുന്നു. ടെക്‌സസ് സർവകലാശാലയിലെ സൈക്കോളജി വിദ്യാർത്ഥിനിയാണ് അംന. ടെക്‌സാസിലെ മക്ആർത്തൂർ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ അഹമ്മദ് മുഹമ്മദിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വയം ഉണ്ടാക്കിയ ക്ലോക്ക് അധ്യാപകരെ കാണിക്കാനായി സ്‌കൂളിൽ ചെന്നപ്പോഴാണ് കയ്യിലുള്ളത് ബോംബാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.  


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here