ചൂലെടുത്ത മോദിക്ക് തൂത്തുവാരാനായില്ല; സ്വച്ഛ് ഭാരത് വമ്പന്‍ പരാജയം

ദില്ലി: ഏറെ കൊട്ടിഘോഷിച്ച് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതി സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയം. സമ്പൂര്‍ണ്ണ മാലിന്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് തുടങ്ങിയ പരിപാടി പൂര്‍ണ്ണ പരാജയമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശുചിത്വത്തിന്റെ അവസ്ഥ സംബന്ധിച്ച് പ്രാദേശിക തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയിലാണ് പരിപാടി എട്ടുനിലയില്‍ പൊട്ടിയെന്ന് വ്യക്തമാക്കുന്നത്. 71 ശതമാനം പ്രദേശങ്ങളിലും ശുചിത്വത്തില്‍ പുരോഗതി നേടാനായില്ലെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നായി 3 ലക്ഷത്തിലധികം പേരാണ് അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തത്. ലഭിച്ച വിവരം അനുസരിച്ച് ശുചിത്വം നടപ്പാക്കാനുള്ള മിനിമം സംവിധാനങ്ങള്‍ പോലും പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ഇല്ല. കൃത്യമായ മാര്‍ഗനിര്‍ദ്ദേശം പോലും ഇല്ലാതെയാണ് കേന്ദ്രസര്‍ക്കാര്‍ ശുചീകരണ പരിപാടിക്ക് ഇറങ്ങിയത്. പ്രാഥമിക ശുചീകരണ സംവിധാനങ്ങള്‍ പോലും നടപ്പാക്കിയിട്ടില്ല. ശുചീകരണത്തില്‍ ജനങ്ങളെ സഹകരിപ്പിക്കുന്ന കാര്യത്തിലും നരേന്ദ്രമോദിക്ക് വിജയിക്കാനായില്ല.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി ശുചിത്വപദ്ധതി നടപ്പിലാക്കിയത്. ഖര, ദ്രവ മാലിന്യങ്ങളുടെ ശേഖരണം, മാലിന്യങ്ങളുടെ മാറ്റം, സംസ്‌കരണം എന്നീ കാര്യങ്ങളിലും സ്വച്ഛ്ഭാരത് പദ്ധതി പരാജയപ്പെട്ടു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ നഗരം 2014 ഒക്ടോബര്‍ 2ന് ശേഷം വൃത്തിയാക്കപ്പെട്ടുവോ എന്ന ചോദ്യത്തിന് 71 ശതമാനം പേര്‍ ഇല്ല എന്ന് ഉത്തരം നല്‍കി. മുനിസിപ്പാലിറ്റികിലും സമാനമാണ് അവസ്ഥ. പൊതു ശൗചാലയങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന് 76ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. എന്തായാലും ഏറെ കൊട്ടിഘോഷിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ സ്വച്ഛ്ഭാരത് പദ്ധതി വേണ്ടത്ര മുന്നൊരുക്കത്തോടെയല്ല നടത്തിയതെന്ന് നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു. ഇതു തന്നെയാണ് ശുചിത്വപദ്ധതി പരാജയപ്പെടാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മോദിയുടെ സ്വപ്‌ന പദ്ധതി തന്നെ പരാജയപ്പെടുമ്പോള്‍ ബിജെപിക്കും വലിയ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here