ലൈറ്റ് മെട്രോയില്‍ സര്‍ക്കാര്‍ കേരളത്തെ പറ്റിച്ചു; ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്‍സിയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിട്ടില്ല; തെളിവായി കാബിനറ്റ് നോട്ട്

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികളില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ കണ്‍സള്‍ട്ടന്റാക്കിയെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അവകാശവാദം പച്ചക്കള്ളം. മന്ത്രിസഭായോഗത്തില്‍ തീരുമാനിക്കാത്ത കാര്യം സര്‍ക്കാര്‍ തീരുമാനമായി പത്രക്കുറപ്പിറക്കിയാണ് സര്‍ക്കാര്‍ മലയാളികളെ ഇല്ലാത്ത കാര്യം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. തെളിവു വ്യക്തമാക്കുന്ന മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ് കൈരളി ന്യൂസ് ഓണ്‍ലൈനിനു ലഭിച്ചു.

cabinet-note-1

മന്ത്രിസഭാ യോഗത്തിന്റെ കുറിപ്പ്

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ക്കായി ഡിഎംആര്‍സിയെ കണ്‍സള്‍ട്ടന്റാക്കിയെന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കിയത്. സെപ്റ്റംബര്‍ ഒമ്പതിലെ മന്ത്രിസഭായോഗ തീരുമാനമാണെന്നും നടപ്പാക്കാന്‍ ഭരണാനുമതി നല്‍കിയെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എന്നാല്‍ മന്ത്രിസഭാ യോഗം ഭരണാനുമതി നല്‍കുക മാത്രമാണ് ചെയ്തത്. പദ്ധതി കൊച്ചി മെട്രോ മാതൃകയില്‍ നടപ്പാക്കാന്‍ ഡിഎംആര്‍സിയുമായി കൂടിയാലോചിക്കാന്‍ തീരുമാനിച്ചെന്നും കാബിനറ്റ് നോട്ട് വ്യക്തമാക്കുന്നു. കാബിനറ്റ്‌നോട്ടിലെ 7397-ാം നമ്പരിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

കൂടിയാലോചിക്കാന്‍ തീരുമാനിച്ചതിനെ കണ്‍സള്‍ട്ടന്‍സിയാക്കി സര്‍ക്കാര്‍ പത്രക്കുറിപ്പിറക്കിയെങ്കിലും ഇക്കാര്യം ഡിഎംആര്‍സിയെ അറിയിച്ചിട്ടില്ല. ഇത്തരത്തില്‍ ഒരു കത്തിടപാടും ലഭിച്ചിട്ടില്ലെന്ന് ഡിഎംആര്‍സിയും സ്ഥിരീകരിച്ചിട്ടുണ്ട്. പദ്ധതിക്ക് തത്വത്തില്‍ അനുമതിയും പങ്കാളിത്തവും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി കേന്ദ്രത്തിനു കത്തയച്ചതുമാത്രമാണ് സര്‍ക്കാര്‍ ചെയ്ത കാര്യം.

PRD-release

പി ആര്‍ ഡിയുടെ വാര്‍ത്താക്കുറിപ്പ്‌

4219 കോടി ചെലവിട്ടാണ് തിരുവനന്തപുരത്തു പദ്ധതി നടപ്പാക്കുക. കോഴിക്കോട് 2509 കോടിയാണ് ചെലവ്. നാറ്റ്പാക് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി തയാറാക്കുന്നത്. ഇരു നഗരങ്ങളിലും എലിവേറ്റഡ് മാസ് റാപ്പിഡ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം വേണമെന്നു പഠനം നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സംയുക്ത പദ്ധതിയായി ലൈറ്റ് മെട്രോ നടപ്പാക്കാനാണ് പദ്ധതി. പദ്ധതി വിഹിതമായി 20ശതമാനം സംസ്ഥാനവും 20ശതമാനം കേന്ദ്രവും വഹിക്കും. ബാക്കി 60 ശതമാനം വായ്പയില്‍നിന്നു കണ്ടെത്തും. നടത്തിപ്പിനായി കേരള റാപിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കല്‍, ഫണ്ട് സമാഹരണം, പ്രാരംഭ നടപടികള്‍, നിര്‍വഹണ സഹായം തുടങ്ങിയവ കോര്‍പറേഷന്റെ ചുമതലയായിരിക്കുമെന്നും തീരുമാനമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News