സെപ്തംബര്‍ 11 – എ ആര്‍ റഹ് മാനെതിരേ ഫത്‌വ
സെപ്തംബര്‍ 14 ഫത്‌വ റഹ് മാന്‍ തള്ളി
സെപ്തംബര്‍ 16 – ഘര്‍ വാപസിക്ക് റഹ് മാന് വിഎച്ച്പിയുടെ ക്ഷണം.
റഹ്മാന്‍ കഴിഞ്ഞ വെള്ളിയാഴ്ചയിലെ കലബുര്‍ഗി. അല്ലെങ്കില്‍, തസ്ലിമ നസ്‌റീന്‍. അതുമല്ലെങ്കില്‍, പെരുമാള്‍ മുരുഗന്‍. റഹ് മാനെ നമുക്ക് എംഎഫ്. ഹുസൈന്‍ എന്നും വിളിക്കാം. മഹാത്മാഗാന്ധി എന്നും കമല്‍ഹാസന്‍ എന്നും രജനീകാന്ത് എന്നും വിളിക്കാം. കൂവോട് ബാലസംഘം യൂണിറ്റ് എന്നും വിളിക്കാം.
ഈ ഫത്‌വ കഴിഞ്ഞ വെള്ളിയാഴ്ചയിലെ ഭ്രഷ്ട്. അല്ലെങ്കില്‍, മഹറോന്‍ ചൊല്ലല്‍. അതുമല്ലെങ്കില്‍, ഊരുവിലക്ക്. ഈ ഫത്‌വയെ നമുക്ക് തെമ്മാടിക്കുഴി വിധിക്കല്‍ എന്നും വിളിക്കാം. വിഷം കൊടുക്കല്‍ എന്നും ചുട്ടുകൊല്ലല്‍ എന്നും കുരിശിലേറ്റല്‍ എന്നും വിളിക്കാം. ഗുരുനിന്ദാമുറവിളി എന്നും വിളിക്കാം.
മുംബൈ റാസാ അക്കാദമി കഴിഞ്ഞ വെള്ളിയാഴ്ചയിലെ പരീശക്കൂട്ടം. അല്ലെങ്കില്‍, ഗോദ്‌സേസംഘം. അതുമല്ലെങ്കില്‍, കൗരവസഭ. റാസാ അക്കാദമിയെ നമുക്ക് ഹെരോദേസിന്റെ കൊട്ടാരം എന്നും വിളിക്കാം. ഹിറ്റ്‌ലറുടെ അരമന എന്നു വിളിക്കാം. ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ ഭവന്‍ എന്നും വിളിക്കാം.
കാലമേ മാറുന്നുള്ളൂ; കളി പഴയതുതന്നെ. വേദിയേ മാറുന്നുള്ളൂ; വേഷങ്ങള്‍ പഴയവ. നടരേ മാറുന്നുള്ളൂ; നാടകം പഴയത്. നാടകമേ മാറുന്നുള്ളൂ; നാടക അകം പഴയത്. വീഴുന്നോരേ മാറുന്നുള്ളൂ; വാഴുന്നോര്‍ പഴയവര്‍. ആയുധങ്ങളേ മാറുന്നുള്ളൂ; ആഹൂതര്‍ പഴയവര്‍തന്നെ. വീഴുന്ന കണ്ണീരിന് ഒരേ ഓര്. വീഴുന്ന ചോരയ്ക്ക് ഒരേ നിറം.
മതം പറയാന്‍ മതഭ്രാന്തന്‍ ആരാണ്? മതം പ്രാചീനരാഷ്ട്രീയമാണ്. കൊടിയില്ലാത്ത പുരാതന പാര്‍ട്ടി. ഒരു വിശ്വാസം. ഒരു വികാരം. ഒരു സ്വപ്നം. ഒരു വഴി. ഒരു മരം.
ദൈവത്തെപ്പറയാന്‍ ദൈവക്കിറുക്കന്‍ ആരാണ്? ദൈവം മനുഷ്യന്റെ നീതിബോധം; അഭയാഭിവാഞ്ഛ; ആത്മസത്ത. ദൈവം മനുഷ്യന്‍തന്നെ; മനുഷ്യചേതനയുടെ അരൂപി.
മതഭ്രാന്തന്‍ ദൈവഭക്തനല്ല; ചെകുത്താന്‍ഭക്തനാണ്. ദൈവക്കിറുക്കന്‍ ദൈവപുത്രനല്ല; പിശാചുപുത്രനാണ്.
ദൈവം നമുക്കൊപ്പമാണ്. നീതിയ്ക്കു വിശക്കുന്ന മനുഷ്യര്‍ക്കൊപ്പം. മതം നമ്മുടേതാണ്. അന്നന്നത്തെ അപ്പത്തിനായി പണിയെടുക്കുവോരുടെ വിചാരമാണ്.
ഫത്‌വ കിട്ടിയ റഹ് മാനു വേണ്ടി നമുക്കു പാടാം. ‘അല്ലാഹു അക്ബര്‍’. ദൈവമാണ് വലിയവന്‍. മനുഷ്യനാണ് വലിയവന്‍ എന്നാണതിന്റെ സാരം. മനുഷ്യശത്രു നീചനാണ് എന്നാണ് അതിന്റെ മറുസാരം.
നമുക്ക് മതത്തെ മതഭ്രാന്തന്മാരില്‍നിന്നു വീണ്ടെടുക്കാം. ദൈവത്തെ ദൈവക്കിറുക്കന്മാരില്‍നിന്നു വീണ്ടെടുക്കാം. നമ്മളാണ് മതം. നമ്മുടേതാണ് ദൈവം. അഹം ബ്രഹ്മാസ്മി. ഞാനാണ് ദൈവം. ഞാന്‍ എന്നു പറയാവുന്ന എല്ലാവരുമാണ്, ആത്മാവുള്ള മനുഷ്യനാണ് ദൈവം. മനുഷ്യസംഘാതമാണ്, നരരാശിയാണ് ദൈവം. ജനങ്ങളാണ് ദൈവം. ജനതയാണ് ദൈവം.
മതഭീകരന്‍ റഹ് മാനെ തേടിവരുമ്പോള്‍ ഞാന്‍ പറയുന്നു: ‘ഞാനാണ് എ.ആര്‍. റഹ് മാന്‍’.
ലോകത്ത് എത്ര ഭീകരരുണ്ട്. ആയിരങ്ങള്‍? പതിനായിരങ്ങള്‍? ലക്ഷങ്ങള്‍? ശരി, പിന്നെയുള്ളത് നമ്മളാണ്. 700 കോടി മനുഷ്യര്‍. ഒന്നിച്ചുനിന്ന് നമുക്ക് ഓരോരുത്തര്‍ക്കും പറയാം. ‘ഞാനാണ് എ. ആര്‍. റഹ്മാന്‍’. ‘ഞാനാണ് എ. ആര്‍. റഹ് മാന്‍’. ആലിബാബയുടെ വീടു തേടി രാക്കൂരിരുട്ടില്‍ വന്ന കള്ളന്മാര്‍ക്കുമുന്നില്‍ മാര്‍ജിയാന വരച്ച അടയാളവും പേറി നിന്ന ഒരു കൂട്ടം വീടുകളെപ്പോലെ നമുക്ക് ഒരുമിച്ചു പറഞ്ഞുകൊണ്ടേയിരിക്കാം: ‘ഞങ്ങളാണ് എ. ആര്‍. റഹ് മാന്‍. ഞങ്ങളാണ് എ. ആര്‍. റഹ് മാന്‍. ഞങ്ങളാണ് എ. ആര്‍. റഹ് മാന്‍’
അര്‍ത്ഥാപത്തി:
അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍
– ദൈവദശകം- ശ്രീനാരായണഗുരു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here