എയര്‍ബാഗിലെ തകരാര്‍; ഹോണ്ട രണ്ടേകാല്‍ ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കുന്നു

ദില്ലി: തകരാറുള്ള എയബാഗുകള്‍ മാറ്റുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ഹോണ്ട രണ്ടേകാല്‍ ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാന്‍ തീരുമാനിച്ചു. ഹോണ്ടയുടെ എസ്‌യുവി, ഹാച്ച്ബാക്ക് മോഡലുകളിലാണ് ഇത്രയും വാഹനങ്ങള്‍ തിരിച്ചു വിൡക്കാന്‍ തീരുമാനിച്ചത്. ഹോണ്ടയുടെ പ്രമുഖ സ്‌പോര്‍ട്‌സ് കാറായ സിആര്‍-വി, സെഡാന്‍ കാറുകളായ ഹോണ്ട സിവിക്, സിറ്റി, ഹാച്ച്ബാക്ക് മോഡല്‍ ജാസ് എന്നീ കാറുകളാണ് തിരിച്ചു വിളിക്കുന്നത്. 2003-നും 2012നും ഇടയ്ക്ക് നിര്‍മ്മിക്കപ്പെട്ട കാറുകളാണ് ഇവ. 2,23,578 കാറുകളാണ് തിരിച്ചു വിൡക്കാന്‍ കമ്പനി തീരുമാനിച്ചത്.

സിആര്‍-വിയുടെ 13,073 കാറുകള്‍ തിരിച്ചു വിളിക്കുന്നവയില്‍ ഉള്‍പ്പെടും. 2004 മുതല്‍ 2011 വരെയുള്ള കാലയളവില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് കാറുകള്‍. 2003 മുതല്‍ 2012 വരെ നിര്‍മ്മിക്കപ്പെട്ട സിവിക് സെഡാന്റെ 54,290 കാറുകള്‍ തിരിച്ചു വിളിക്കപ്പെടും. ഹോണ്ട സിറ്റിയാണ് തിരികെ വിളിക്കപ്പെടുന്ന എണ്ണത്തില്‍ മുന്‍പന്തിയില്‍. 1,40,508 സിറ്റി കാറുകളിലാണ് എയര്‍ബാഗ് പ്രശ്‌നം കണ്ടെത്തിയിട്ടുള്ളത്. 2007-2012 കാലയളവിലാണ് ഈ കാറുകള്‍ നിര്‍മ്മിക്കപ്പെട്ടത്. 2009-2011 കാലയളവില്‍ നിര്‍മ്മിക്കപ്പെട്ട ഹാച്ച്ബാക്ക് മോഡല്‍ ജാസും തിരിച്ചുവിളിക്കും.

എയര്‍ബാഗുകള്‍ പുനഃസ്ഥാപിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കില്ലെന്ന് ഹോണ്ട അറിയിച്ചു. അടുത്തമാസം 12 മുതല്‍ തിരിച്ചുവിളിക്കാന്‍ തുടങ്ങും. ലോകത്താകെ 20 ലക്ഷം കാറുകള്‍ ഇതേപ്രശ്‌നത്തിന്റെ പേരില്‍ തിരികെ വിളിക്കാന്‍ ഹോണ്ട തീരുമാനിച്ചിട്ടുണ്ട്. 2012 ജൂലൈയില്‍ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് സുരക്ഷ സംബന്ധിച്ച് പുറത്തിറക്കിയ പോളിസിക്ക് ശേഷമാണ് ഹോണ്ട കാറുകള്‍ തിരിച്ചുവിളിക്കാന്‍ തുടങ്ങിയത്. ഇന്ത്യയില്‍ ഇതുവരെ ഹോണ്ടയുടെ പത്തുലക്ഷത്തിലധികം കാറുകള്‍ തിരിച്ചു വിളിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here