ലാലേട്ടന്റെ മകനും സിനിമയിലേക്ക്; പ്രണവ് എത്തുന്നത് സഹസംവിധായകനായി; ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോ കാണാം

ഊഹാപോഹങ്ങള്‍ക്ക് വിരാമമായി. ലാലേട്ടന്റെ മകനും സിനിമയിലേക്ക് തന്നെ. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലാണ് പ്രണവ് മോഹന്‍ലാലിന്റെ കടന്നുവരവ് എന്നുമാത്രം. ഏറെക്കാലമായി കേട്ടുകൊണ്ടിരിക്കുന്ന വാര്‍ത്തയായിരുന്നു പ്രണവ് മോഹന്‍ലാലും സിനിമയിലേക്ക് എത്തുന്നു എന്നത്. ഒടുവില്‍ അതും സത്യമാകുമ്പോള്‍ സഹസംവിധായകനായാണ് പ്രണവിന്റെ കടന്നുവരവ് എന്നതാണ് വസ്തുത. ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമായ ലൈഫ് ഓഫ് ജോസൂട്ടിയില്‍ ജീത്തുവിന്റെ സഹസംവിധായകനായാണ് പ്രണവ് എത്തുന്നത്.

ദൃശ്യത്തിന്റെ ബംപര്‍ ഹിറ്റ് വിജയത്തിനുശേഷം ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്.  സിനിമ മേഖലയിലെ സംഘടനകള്‍ തമ്മിലുളള തര്‍ക്കമൂലം റിലീസിങ് നീട്ടിവച്ച ലൈഫ് ഓഫ് ജോസൂട്ടിയുടെ മേക്കിംഗ് വീഡിയോയിലെ താരവും പ്രണവ് തന്നെയാണ്. ബസില്‍ യാത്ര ചെയ്യുന്നതും, ദിലീപിനൊപ്പം നില്‍ക്കുന്നതുമായ രംഗങ്ങളാണ് മേക്കിംഗ് വീഡിയോയിലുളളത്.

ബാലതാരമായി വെള്ളിത്തിരയിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ തിരിച്ചുവരവിനായി മലയാളി പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുമ്പോഴാണ് സഹസംവിധായകനായി വീണ്ടും പ്രത്യക്ഷപ്പെട്ടത്. സഹസംവിധായകന്റെയും സംവിധായകന്റെയും കുപ്പായത്തില്‍ തന്നെ തുടരാനാണ് പ്രണവിന്റെ തീരുമാനം. അങ്ങനെയെങ്കില്‍ ഭാവിയില്‍ മലയാളത്തിന് ഒരു മികച്ച സംവിധായകനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News