മുതിര്‍ന്നവര്‍ തോറ്റോടിയിടത്ത് കുട്ടികള്‍ എന്തുചെയ്യാന്‍; ഇന്ത്യയുടെ കുട്ടിപ്പട്ടാളത്തെയും ഇറാന്‍ തോല്‍പിച്ചു

ടബ്രിസ് സിറ്റി: മുതിര്‍ന്നവര്‍ തോറ്റു തുന്നം പാടിയിടത്ത് തങ്ങള്‍ കുട്ടികള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഇന്ത്യ അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം തെളിയിച്ചു. ഇന്ത്യ സീനിയര്‍ ടീം തോറ്റ ഇറാന്റെ കുട്ടിപ്പട്ടാളത്തിനു മുന്നില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ടീമും തോറ്റു. ഇറാന്‍ സീനിയര്‍ ടീം ഇന്ത്യയെ തോല്‍പിച്ചതു പോലെ മൂന്നടിച്ചാണ് കുട്ടിപ്പട്ടാളവും ഇന്ത്യന്‍ കുട്ടിപ്പട്ടാളത്തെ തോല്‍പിച്ചത്. ആദ്യ പോരാട്ടത്തില്‍ ബഹ്‌റൈനെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കരുത്തരായ ഇറാനെ നേരിടാന്‍ എത്തിയത്. എന്നാല്‍, രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് ഈ മികവു പോരെന്ന് ഇറാന്റെ കുട്ടികള്‍ തെളിയിച്ചു കൊടുത്തു. എങ്കിലും സീനിയര്‍ ടീമിനെപ്പോലെയല്ല. പൊരുതിയാണ് കീഴടങ്ങിയതെന്ന് ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് ആശ്വസിക്കാം.

ഇറാനെ വെല്ലുവിളിച്ച് മികച്ച തുടക്കത്തോടെ ഇന്ത്യ മുന്നേറിയെങ്കിലും പതുക്കെ ഇറാന്‍ കളംപിടിച്ചതോടെ ഇന്ത്യക്ക് പിന്‍വാങ്ങേണ്ടി വന്നു. 21-ാം മിനിറ്റില്‍ തന്നെ ഇറാന്‍ മുന്നിലെത്തി. ഫ്രീകിക്കില്‍ നിന്നും ഗോള്‍ കണ്ടെത്തിയ ഷരീഫിയാണ് ഇറാനെ മുന്നിലെത്തിച്ചത്. ഗോള്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ഇറാന്‍ പ്രതിരോധം ഇളകാതെ പിടിച്ചുനിന്നു. മത്സരം ഇടവേളയിലേക്ക് നീങ്ങവെ ഇറാന്‍ രണ്ടാം ഗോളും കണ്ടെത്തി. 43-ാം മിനിറ്റില്‍ ഖൊദമോരാടിയുടെ ലോങ് റേഞ്ചര്‍ കടുകിട തെറ്റാതെ ഇന്ത്യന്‍ വലയില്‍ പതിച്ചു. സ്‌കോര്‍ 2-0.

ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഇറാന്‍ താരങ്ങള്‍ ആക്രമണം തുടര്‍ന്നതോടെ മൂന്നാം ഗോളുമെത്തി. 57-ാം മിനിറ്റില്‍ ഗോള്‍മുഖത്തെത്തിയ പന്ത് ഖാദേരി പറന്നുകുത്തി വലയിലിട്ടു. സ്‌കോര്‍ 3-0. ലീഡ് വര്‍ധിപ്പിക്കാന്‍ ഇറാന്‍ താരങ്ങളും തിരിച്ചടിക്കാന്‍ ഇന്ത്യന്‍ താരങ്ങളും പിന്നീട് നടത്തിയ ശ്രമങ്ങള്‍ ഫലം കാണാതെ പോയതോടെ മൂന്നു ഗോളിന്റെ മുന്‍തൂക്കവുമായി ഇറാന്‍ വിജയം കണ്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News