ദില്ലി: അന്തരിച്ച മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനെയും സമുദായത്തെയും പരാമർശിച്ച കൊണ്ടുള്ള കേന്ദ്രമന്ത്രി മഹേഷ് ശർമ്മയുടെ പ്രസ്താവന വിവാദത്തിൽ. മുസ്ലീമായിരുന്നെങ്കിലും കലാം വലിയ ദേശീയവാദിയായിരുവെന്നാണ് കേന്ദ്ര സാംസ്‌കാരികമന്ത്രിയായ മഹേഷ് ശർമ അഭിപ്രായപ്പെട്ടത്.
ഇന്ത്യാ ടുഡേ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശർമ്മ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ദില്ലിയിലെ ഔറംഗസീബ് റോഡിന് കലാമിന്റെ പേര് നൽകുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കവെയാണ് മഹേഷ് ശർമ്മ ഇക്കാര്യം പറഞ്ഞത്. മുസ്ലീമായിരുന്നിട്ടു കൂടി കലാമിന്റെ പേര് റോഡിനു നൽകാൻ തീരുമാനിച്ചതു ദേശീയവാദി ആയിരുന്നതിനാലാണെന്നാണ് മന്ത്രിയുടെ പ്രതികരണം.
ദില്ലി മുനിസിപ്പൽ കൗൺസിൽ ഈ തീരുമാനം ശരിവച്ചു. സാംസ്‌കാരിക മലിനീകരണത്തിൽനിന്നു രാജ്യത്തെ ശുദ്ധമാക്കാൻ സ്‌കൂൾതലത്തിൽ മഹാഭാരതവും രാമായണവും പാഠ്യവിഷയമാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന വിവാദമായപ്പോൾ കലാമിന്റെ രാജ്യസ്‌നേഹത്തെപ്പറ്റിയായിരുന്നു തന്റെ പ്രസ്താവന എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അധിക്ഷേപത്തിന്റെ ധ്വനിയാണ് മുസ്ലീ പ്രയോഗത്തിലുള്ളതെന്നു വിവിധ സംഘടനകൾ ആരോപിച്ചു. മുസ്ലീം വിരുദ്ധതയാണ് മന്ത്രിയുടെ അഭിപ്രായത്തിലൂടെ വെളിപ്പെട്ടതെന്നും സംഘടനാ പ്രതിനിധകൾ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here