കളളൻ അകത്തോ പുറത്തോ? ബാങ്ക് കവർച്ചകൾക്ക് പിന്നിലെ പഴുതുകൾ; വീടു കുത്തിത്തുറന്നാലും ബാങ്ക് കൊള്ളയടിച്ചാലും ശിക്ഷ ഒന്നുതന്നെ

കഴിഞ്ഞ ആഴ്ച കേരളം കേട്ട പ്രധാന കവർച്ചകളാണ് കാസർകോഡ് കുഡ്‌ലു സഹകരണ ബാങ്ക് കവർച്ചയും തൃശൂരിലെ എടിഎം പണാപഹരണവും. പുറംമോടിക്കപ്പുറം ഇത്തരം സ്ഥാപനങ്ങൾ വേണ്ടത്ര സുരക്ഷിതത്വമില്ലാതെ പ്രവർത്തിക്കുന്നതിന് ഉത്തമ ഉദാഹരണമാണ് രണ്ടു കവർച്ചകളും. പട്ടാപ്പകലാണ് കാസർഗോഡ്‌നിന്ന് മുഖംമൂടി സംഘം 21 കിലോ സ്വർണവും 12 ലക്ഷവും കവർന്നത്. സുരക്ഷാ ജീവനക്കാരനേയും സിസിടിവി സംവിധാനങ്ങളും വെട്ടിച്ച് തൃശൂരിലെ എടിഎമ്മിൽ നിന്ന് കടത്തിയത് 26 ലക്ഷവും. രണ്ട് കവർച്ചകളിലും പ്രതികൾ പിടിയിലായതോടെ ചില യാഥാർഥ്യങ്ങൾ വ്യക്തമാകുന്നു.

robbery 2പ്രൊഫഷണൽ സംഘങ്ങൾ ആയിരുന്നില്ല ഇരു കവർച്ചകളും നടത്തിയത്. കാസർകോട് പ്രദേശവാസികളായ ചിലർ നടത്തിയ ആസൂത്രിതനീക്കമാണ് പട്ടാപ്പകൽ നടന്ന കൊളള. എടിഎമ്മിൽ പണം നിറക്കുന്ന ഏജൻസിയിലെ ജീവനക്കാരനാണ് തൃശൂർ കവർച്ചയിലെ മുഖ്യപ്രതി. പരിചയസമ്പന്നരല്ലെങ്കിലും ലക്ഷങ്ങളുമായി കടന്നുകളയാൻ പ്രതികൾക്കായി. വീട് കുത്തിത്തുറന്നാലും ബാങ്ക് തുരന്നാലും കിട്ടുന്ന ശിക്ഷ ഒന്നു തന്നെയെന്നത് പ്രതികൾക്ക് പ്രചോദനമായേക്കാം.

robbery 3

പിടിക്കപ്പെട്ടാൽ കേസ് നടത്തുന്നതിനാവശ്യമായ തുക പ്രതികൾ മോഷണമുതലിൽനിന്ന് മാറ്റി വെച്ചിരുന്നെന്ന് പോലീസ് കണ്ടെത്തി. കൊളളമുതലുകൊണ്ട് ആഡംബര ജീവിതം നയിക്കാമെന്ന് മോഹിച്ച യുവാക്കളാണ് പ്രതികൾ. വൻ മോഷണംവഴി സഹകരണ ബാങ്ക് ഭരണസമിതിയെ താറടിച്ചു കാട്ടാമെന്നുളള കുബുദ്ധിയും കുഡ്‌ലു കവർച്ചക്ക് പിന്നിലുണ്ട്. എന്നാൽ എടിഎം കവർച്ച ബാങ്കിനുളളിലെ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എടിഎമ്മിൽ പണം നിറയ്ക്കാൻ കരാർ നൽകുന്ന ഏജൻസികളേയും ഇത്തരം ഏജൻസികൾ ജീവനക്കാരേ തെരഞ്ഞെടുക്കുന്ന മാനദണ്ഡവും ചോദ്യം ചെയ്യപ്പെടുന്നു.

രഹസ്യകോഡുകളും പാസ്‌വേഡുകളും മറ്റും ചോരുന്ന സാഹചര്യത്തിൽ പുറം കളളൻമാരേക്കാൾ അകത്തുളളവരുടെ വിശ്വാസ്യത ഉപഭോക്താക്കളിൽ ഭീതിയുണർത്തുന്നത് തന്നെയാണ്. ബാങ്കുകൾ പുറം കരാർ ജീവനക്കാരെ നിയമിക്കുമ്പോൾ തട്ടിപ്പുകൾ ഒഴിവാക്കാൻ കർശന നടപടികൾ സ്വീകരിക്കുകയും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുകയും വേണം. തൃശൂരിലെ എടിഎം കവർച്ചാകേസിൽ പൊലീസിനെ ഞെട്ടിച്ചത് രണ്ടോ മൂന്നോപേർ മാത്രം അതീവ രഹസ്യമായി സൂക്ഷിക്കേണ്ട രഹസ്യ പാസ് വേഡ് പന്ത്രണ്ടിലധികം പേർക്ക് അറിയാമായിരുന്നു എന്നതാണ്.

robbery 4

നിരന്തരം എടിഎം മിഷൻ കൈകാര്യം ചെയ്യുന്നവരെ സുരക്ഷാ ജീവനക്കാർ സംശയിക്കാൻ വകയില്ലെങ്കിലും പണംതരംതിരിച്ച് വയ്ക്കുന്ന ട്രേ ഉൾപ്പടെ കാണാതാകുമ്പോൾ സ്വാഭാവികമായും പൊലീസ് അന്വേഷണം ആദ്യം ചെന്നെത്തുന്നത് പാസ്‌വേഡ് ഉപയോഗിക്കുന്നവരിലേക്കാണ്. അതുപോലും തിരിച്ചറിയാത്തവല്ല ജീവനക്കാരായ മോഷ്ടാക്കൾ. കേസിൽ പ്രതികൾ പിടിയിലായെങ്കിലും ഉയരുന്ന ദുരൂഹതകൾ ഏറെയാണ്. ആവശ്യമായ പണം നിറക്കാതെ പണം വകമാറ്റി ഉപയോഗിച്ച ഏജൻസികളും അടുത്തകാലത്ത് കേരളത്തിൽ പിടിയിലായിട്ടുണ്ട്.

സിസി ടിവികൾക്ക് പുറമേ അടിയന്തിര സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ട അലാറം സംവിധാനങ്ങൾ പോലും ഇത്തരം സന്ദർഭങ്ങളിൽ പ്രവർത്തന രഹിതമാകുന്നത് ഗുരുതര സുരക്ഷാവീഴ്ച ഓർമ്മിപ്പിക്കുന്നു. എടിഎം മിഷൻ ഇളക്കിക്കൊണ്ട് പോകാൻ ശ്രമിച്ചാൽ പോലും അലാറം നിശബ്ദമാകുന്നത് മോഷ്ടാക്കൾക്ക് തുണയാകുന്നു. ബാങ്കിനുളളിലേയും ലോക്കറിലേയും അവസ്ഥകൾ വ്യത്യസ്തമല്ല. ഉയർന്ന നിലയിൽ പണമിടപാട് നടക്കുന്ന ബാങ്കുകളിൽ ഇത്തരം ആധുനിക സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാണെന്നിരിക്കേ കള്ളൻമാർക്ക് സഹായമെത്തുന്ന വഴിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ബാങ്കിനുളളിലെ തിരിമറികൾ പുറംലോകമറിയാൻ കാലതാമസം എടുക്കും എന്നത് കൊണ്ടുതന്നെ കുറ്റവാളികൾക്ക് തട്ടിപ്പിന് സാവകാശങ്ങളൊരുങ്ങും. 2010ൽ പത്തനംതിട്ട എസ്ബിടി ബാങ്കിലെ കരാർ ജീവനക്കാരി ഒന്നരക്കോടി തട്ടിയെടുത്ത സംഭവവും പഴംകഥയായിട്ടില്ല. ചേലാമ്പ്ര ബാങ്കുകവർച്ചക്കു സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുകയും ഗ്രാമങ്ങളിൽപോലും ബാങ്കുശാഖകൾ മുളച്ചുപൊന്തുകയും ചെയ്യുമ്പോൾ കളളൻമാർക്ക് കതക് തുറന്നുകൊടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്താതിരുന്നേ തീരൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News