സ്മൃതി ഇറാനി അറിയുന്നുണ്ടോ ഇതൊക്കെ? സ്ത്രീയായാല്‍ രാത്രി പുറത്തിറങ്ങരുതെന്ന് കേന്ദ്രമന്ത്രി മഹേഷ് ശര്‍മ; സംസ്‌കാരവിരുദ്ധമെന്ന് വിശദീകരണം

ദില്ലി: സ്ത്രീയാണെങ്കില്‍ രാത്രി പുറത്തിറങ്ങുന്നതു ഭാരതീയ സംസ്‌കാരത്തിനു വിരുദ്ധമാണെന്നു കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ. പെണ്‍കുട്ടികളും മുതിര്‍ന്ന സ്ത്രീകളും രാത്രി പുറത്തിറങ്ങുന്നത് ഇന്ത്യയില്‍ അംഗീകരിക്കാനാവില്ലെന്നും ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍ രാത്രി പുറത്തുപോകുന്നുണ്ട്. പക്ഷേ, അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. സംസ്‌കാരത്തിന്റെ പേരിലും ആര്‍എസ്എസ് ബന്ധത്തിന്റെ പേരിലും നടത്തിയ പരാമര്‍ശങ്ങളില്‍ മഹേഷ് ശര്‍മ മുമ്പും പ്രതിയോഗികളുടെ വിമര്‍ശനം വിളിച്ചുവരുത്തിയിട്ടുണ്ട്.

ആര്‍എസ്എസ് രാഷ്ട്ര താല്‍പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും ചെയ്യാറില്ലെന്നും പിന്നെന്തിനാണ് ആര്‍എസ്എസിനെ വിമര്‍ശിക്കുന്നതെന്നും ദേശീയ നയം ആര്‍എസ്എസുമായി കൂടിയാലോചിക്കുന്നതില്‍ എന്താണു പ്രശ്‌നമെന്നും മഹേഷ് ശര്‍മ ചോദിച്ചു. ഒരു സമുദായത്തെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളില്‍ ഇറച്ചിവില്‍പനയ്ക്കു നിരോധനം ഏര്‍പ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്. രണ്ടു ദിവസത്തേക്കുള്ള ചെറിയ ത്യാഗം മാത്രമാണ് അത്.

ബൈബിളിനെയും ഖുറാനെയും താന്‍ ബഹുമാനിക്കുന്നുണ്ട്. എന്നാല്‍ അതു രണ്ടും ഭഗവദ് ഗീതയെയോ രാമായണത്തെയോ പോലെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധാരശിലകളല്ല. സാംസ്‌കാരിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ഭാരതീയ സംസ്‌കാരത്തിന് അനപേക്ഷണീയമായി ഉടച്ചുവാര്‍ക്കുമെന്നും മഹേഷ് ശര്‍മ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here