ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടാന്‍ ഗുണ്ടൂരിലെ രാഘവാചാരി മക്കള്‍ക്ക് പേരിട്ടതിങ്ങനെ

ഗുണ്ടൂര്‍: ജാതിവ്യവസ്ഥ കൊടികുത്തി വാണിരുന്ന കാലം. ഗുണ്ടൂര്‍ ജില്ലയിലെ ദേശപള്ളി പ്രദേശത്തെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ക്രോസരി വീരരാഘവാചാരി ജാതീയതയ്‌ക്കെതിരായി ശക്തമായി പോരാടാന്‍ തീരുമാനിച്ചു. സ്വന്തം മക്കള്‍ക്ക് ജാതിയുമായി യാതൊരു ബന്ധവുമില്ലാത്ത പേരിട്ടു കൊണ്ടാണ് രാഘവാചാരി ജാതീയതയ്‌ക്കെതിരായ തന്റെ പോരാട്ടം തുടങ്ങിയത്. അദ്ദേഹം മക്കള്‍ക്ക് പേരിട്ടത് എന്തായിരുന്നെന്നറിയണ്ടേ. സ്‌പേസ്ഷിപ്പ്, വികിംഗ് ടു, ഫ്യൂഷന്‍, സ്‌പേസ് ഷട്ടില്‍, സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍ എന്നിങ്ങനെയാണ് രാഘവാചാരി മക്കള്‍ക്ക് പേരിട്ടത്. പേരിലൂടെ പോലും ജാതിയോ മതമോ തിരിച്ചറിയാതിരിക്കാനാണ് അദ്ദേഹം ബഹിരാകാശവുമായി ബന്ധപ്പെട്ട പേരുകള്‍ മക്കള്‍ക്കായി തെരഞ്ഞെടുത്തത്.

സംഭവം ഇങ്ങനെ. സോവിയറ്റ് യൂണിയന്റെ ആദ്യ ആളില്ലാ ബഹിരാകാശവാഹനം സോയൂസ് വിക്ഷേപിച്ചതിന്റെ തൊട്ടടുത്ത വര്‍ഷമാണ് ആദ്യ പുത്രന്‍ ജനിച്ചത്. സോവിയറ്റ് യൂണിയന്റെ ആരാധകന്‍ കൂടിയായ രാഘവാചാരിക്ക് കുട്ടിക്ക് പേരിടാന്‍ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മറ്റുള്ളവര്‍ക്ക് കൂടുതല്‍ മനസ്സിലാകുന്ന പേര് എന്ന നിലയില്‍ സോയൂസിന് പകരം സ്‌പേസ്ഷിപ് എന്ന പേര് തെരഞ്ഞെടുത്തു. ഏകമകള്‍ക്ക് നാസയുടെ ബഹിരാകാശ വാഹനമായ വികിംഗിന്റെ പേരു നല്‍കി. ആണവസംയോജനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്ന കാലത്ത് ജനിച്ച മകന് ഫ്യൂഷന്‍ എന്ന് പേര്. 1981ലെ നാസയുടെ ബഹിരാകാശ വാഹനമായ സ്‌പേസ് ഷട്ടിലിന്റെ പേര് നാലാമത് ജനിച്ച പുത്രനും നല്‍കി. 28കാരനായ ഇളയ പുത്രനാണ് സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍. 1986ല്‍ വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ച നാസയുടെ ബഹിരാകാശവാഹനമാണ് സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍. രണ്ട് പേരക്കുട്ടികള്‍ക്കും പേരിട്ടതും ആചാരി തന്നെ. ക്വാസര്‍, സാഗന്‍.

കടുത്ത ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് ദളിത് സ്ത്രീയായ മാരിയമ്മയെ വിവാഹം ചെയ്യാന്‍ ധൈര്യം കാണിച്ച വ്യക്തി കൂടിയാണ് രാഘവാചാരി. മാത്രവുമല്ല മക്കളുടെ എല്ലാവരുടെയും പേരിന്റെ ബാക്കിയായി മാരിയമ്മയുടെ രണ്ടാം പേരായ ബന്ദ്‌ല എന്ന് ചേര്‍ക്കുകയും ചെയ്തു. ആന്ധ്രയിലെ സിപിഐ നേതാവായിരുന്ന മന്ദപതി നാഗിറെഡ്ഡി എംഎല്‍എയാണ് ആചാരിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്.
തെലുഗു ദേശീയഗാനത്തിനെതിരെ നിലപാടെടുത്ത് അക്കാലത്തെ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതിബസുവുമായി അദ്ദേഹം അടുത്തു. ഏതെങ്കിലും പ്രദേശത്തിനോ, സ്ഥലത്തിനോ വേണ്ടി വാദിക്കുന്നവരാകരുത് കമ്മ്യൂണിസ്റ്റുകള്‍ എന്നായിരുന്നു ആചാരിയുടെ വാക്കുകള്‍.

അക്കാലത്തെ ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന കസു ബ്രഹ്മാനന്ദറെഡ്ഡിയുടെ നിര്‍ബന്ധത്തില്‍ അദ്ദേഹം ഇസഡ്പി ഹൈസ്‌കൂളില്‍ സയന്‍സ് ലാബ് അസിസ്റ്റന്‍ഡ് ആയി ജോലിക്ക് കയറി.
1994ല്‍ ജൂനിയര്‍ അസിസ്റ്റന്റായി വിരമിച്ച രാഘവാചാരി 2004ല്‍ അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News