1.9 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി; കായികപ്രതിഭ; ദുബായിയെ കണ്ണീരണിയിച്ച് 34-ാം വയസില്‍ യാത്രയായ ഷെയ്ഖ് റാഷിദ് സര്‍വമുഖപ്രതിഭ

ദുബായ്: ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആ വാര്‍ത്തപുറത്തുവിട്ടതറിഞ്ഞ് അക്ഷരാര്‍ഥത്തില്‍ ദുബായ് ഞെട്ടുകയായിരുന്നു. അത്രമേല്‍ പ്രിയമായിരുന്നു ദുബായിയില്‍ വസിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ രാജകുമാരന്‍ ഷെയ്ഖ് റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ. കൈവച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച യുവ പ്രതിഭയായിരുന്നു അദ്ദേഹം.

1981 നവംബര്‍ 12നായിരുന്നു ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമിന്റെയും ഷെയ്ഖുന്ന ഹിന്ദ് ബിന്ദ് മക്തൂമിന്റെയും മൂത്തമകനായായിരുന്നു ഷെയ്ഖ് റാഷിദിന്റെ ജനനം. ദുബായിലെ റാഷിദ് സ്‌കൂള്‍ ഫോര്‍ ബോയ്‌സില്‍ പഠനം. പിന്നീട് ഇംഗ്ലണ്ടിലെ സാന്‍ഡ്ഹര്‍സ്റ്റ് സൈനിക അക്കാദമിയില്‍ ഉപരിപഠനം. വിദ്യാഭ്യാസത്തിലും സൗന്ദര്യത്തിലും ദുബായിയെയാകെ മോഹിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

2011-ല്‍ ലോകത്തുള്ള രാജകുടുംബങ്ങളിലെ ഏറ്റവും ഹോട്ടായ ചെറുപ്പക്കാരെ ഫോര്‍ബ്‌സ് മാസിക തെരഞ്ഞെടുത്തപ്പോള്‍ അതിലും ഷെയ്ഖ് റാഷിദ് ഇടം നേടി. ഏറ്റവും സെക്‌സിയെസ്റ്റായ ഇരുപത് അറബി പുരുഷന്‍മാരുടെ പട്ടികയിലും ഷെയ്ഖ് റാഷിദ് 2010ല്‍ ഇടംപിടിച്ചു. ഇതേവര്‍ഷം തന്നെ മോസ്റ്റ് എലിജിബിള്‍ റോയല്‍സ് പട്ടികയിലും ഷെയ്ഖ് റാഷിദുണ്ടായിരുന്നു.

കായികരംഗമായിരുന്നു ഷെയ്ഖ് റാഷിദിനെ എന്നും ആകര്‍ഷിച്ച മറ്റൊരു മേഖല. രാജകുമാരനാണെങ്കിലും കായിക മേഖലയില്‍ യാതൊരു തലക്കനവും ഇല്ലാതെ എന്നും സജീവമായിരുന്നു. രാജ്യത്തിന്റെ കായിക രംഗത്തിന്റെ വികസനവും വളര്‍ച്ചയും അദ്ദേഹത്തിന്റെ സ്വപ്‌നവുമായിരുന്നു. എന്‍ഡുറന്‍സ് സ്‌പോര്‍ട് ഇവെന്റുകളായിരുന്നു അദ്ദേഹത്തിന് പ്രിയം. 2006 ദോഹ ഏഷ്യന്‍ ഒളിമ്പിക്‌സില്‍ 120 കിലോമീറ്റര്‍ എന്‍ഡുറന്‍സില്‍ രണ്ടു സ്വര്‍ണം ഷെയ്ഖ് റാഷിദ് നേടി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആരാധകനായിരുന്ന ഷെയ്ഖ് റാഷിദിന് കുതിര സവാരിയായിരുന്നു മറ്റൊരു കമ്പം. രാജ്യാന്തരതലത്തില്‍ പ്രശസ്തമായ സബീര്‍ റേസിംഗ് ഇന്റര്‍നാഷണല്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണുള്ളത്. 428 കുതിരപ്പന്തയങ്ങളില്‍ വിജയക്കൊടി പാറിച്ചിട്ടുമുണ്ട്. കായിക രംഗത്തെന്നപോലെ ബിസിനസിലും മുന്നിലായിരുന്നു ഷെയ്ഖ് റാഷിദ്. 34 വയസിനിടെ 1.9 ബില്യണ്‍ യുഎസ് ഡോളറിന്റെ (ഏകദേശം 12000 കോടി രൂപ) ആസ്തിയാണ് അദ്ദേഹം സ്വന്തമാക്കിയത്. വിവിധ ബിസിനസ് ഗ്രൂപ്പുകള്‍ സ്വന്തം പേരിലുണ്ട്. പലരും സഹോദരന്‍ ഹമദാന്‍ രാജകുമാരനെ അറിയാമെങ്കിലും ഷെയ്ഖ് റാഷിദിന്റെ കഴിവുകളും മികവും ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അദ്ദേഹം ലോകം വിട്ടുപോവുകയും ചെയ്തു.

നാളെ സബില്‍ മോസ്‌കില്‍ മഗ് രിബ് നമസ്‌കാരത്തിന് ശേഷം ബുര്‍ ദുബായിലെ ഉം ഹുറൈര്‍ ഖബര്‍സ്ഥാനിലാണ് ഖബറടക്കം. ഷെയ്ഖ് റാഷിദിനോടുള്ള ആദരസൂചകമായി മൂന്നു ദിവസത്തേക്ക് ദുബായില്‍ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here