ആധാര്‍: യുപിഎയുടെ കാലത്ത് നടന്നത് വന്‍ അഴിമതി; 13,000 കോടിയുടെ കരാര്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ടെണ്ടറില്ലാതെ

ദില്ലി: ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാറിന്റെ കാലത്ത് നടന്നത് വന്‍ അഴിമതി. ഇക്കാര്യം വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. 13,000 കോടിയുടെ കരാറുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ടെണ്ടറില്ലാതെയാണ് നല്‍കിയത്. 25 സ്വകാര്യ കമ്പനികളാണ് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ആധാറുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ആരോപണണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വന്നത്. യുപിഎ സര്‍ക്കാര്‍ വിവിധ ജോലികള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയത് ടെണ്ടറില്ലാതെയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. 25 കമ്പനികളാണ് ആധാറുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നത്. ഈ കമ്പനികളെ ടെണ്ടറില്ലാതെ എംപാനല്‍മെന്റ് വഴിയാണ് കരാറുകള്‍ ഏല്‍പ്പിച്ചത്. 13,663 കോടി രുപയുടെ ജോലികളാണ് 25 കമ്പനികള്‍ക്കായി വീതിച്ചു നല്‍കിയത്. ഇതില്‍ 2015 മെയ് വരെ 6,563 കോടി രുപ ചെലവഴിച്ചു. 90.3 കോടി ആധാര്‍ കാര്‍ഡുകള്‍ ഈ കാലയളവില്‍ വിതരണം ചെയ്തു.

വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗലിക്ക് യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നു ലഭിച്ച വിവരാവകാശ രേഖയിലാണ് ഈ കാര്യങ്ങളുള്ളത്. സ്വകാര്യ കമ്പനികളാണ് ആധാര്‍ ജോലികള്‍ ചെയ്യുന്നതെന്ന കാര്യം വ്യക്തമായതോടെ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയും ശക്തമായി. ആധാര്‍ ജോലികളുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കണമെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗനി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel