ജേക്കബ് തോമസിനെ തെറിപ്പിച്ചത് ഫ്ളാറ്റ് ലോബി തന്നെ; നിയമം പാലിക്കണമെന്ന് ഡിജിപി കര്‍ശന നിലപാടെടുത്തപ്പോള്‍ മാറ്റിയേ അടങ്ങുവെന്ന് ശപഥം ചെയ്തു

തിരുവനന്തപുരം: ജേക്കബ് തോമസിന്റെ സ്ഥാനം തെറിപ്പിച്ചത് ഫ്ളാറ്റ് ലോബിയുടെ അനിഷ്ടം തന്നെ. ചട്ടം ലംഘിച്ചുള്ള ഫ്ളാറ്റ് നിര്‍മാണത്തിനു തടയിടുന്നരീതിയില്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലറിനെത്തുടര്‍ന്നാണ് സ്ഥാനചലനമുണ്ടായതെന്നു വ്യക്തമാക്കുന്ന തെളിവു കൈരളി ന്യൂസ് ഓണ്‍ലൈനിനു ലഭിച്ചു. ഈ സര്‍ക്കുലര്‍ നടപ്പാക്കുകയായിരുന്നെങ്കില്‍ സംസ്ഥാനത്തെ ഫഌറ്റുകള്‍ക്കു ലൈസന്‍സ് നല്‍കാന്‍ കഴിയുമായിരുന്നില്ല. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ക്കാണ് സര്‍ക്കുലറില്‍ ജേക്കബ് തോമസ് പ്രാമുഖ്യം നല്‍കിയതെന്നും ഇക്കാരണത്താലാണ് അദ്ദേഹം സമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതിരുന്നതെന്നും ഇതോടെ വ്യക്തമായി.

DGP--CIRCULAR-3

2015 ജൂണ്‍ മാസം 23നാണ് ജേക്കബ് തോമസിന്റെ കസേര തെറിക്കാന്‍ കാരണമായ വിവാദ സര്‍ക്കുലര്‍ പുറത്തിറക്കിയത്. മിഠായിത്തെരുവിലും, എറണാകുളത്തും, മുബൈയിലും ഉണ്ടായ തീ പിടുത്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയത്. കേരളത്തില്‍ 100 മീറ്ററിലേറെ ഉയരമുളള കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. നിലവില്‍ ഉളള സൗകര്യങ്ങള്‍ വെച്ച് 12 മീറ്ററില്‍ കൂടുതല്‍ ഉയരം ഉളള കെട്ടിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ അഗ്നിശമന സേനയ്ക്കു കഴിയില്ല. അതിനാല്‍ 12 മീറ്ററിലേറെ ഉയരമുളള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ദേശീയ കെട്ടിട നിര്‍മാണച്ചട്ടത്തിലെ രണ്ടാം പാര്‍ട്ട് കര്‍ശനമായി പാലിക്കണം. പ്രത്യേകിച്ച് പാര്‍ട്ട് രണ്ടിലെ 12.2.5.1 അനുച്ഛേദത്തിലെ പാര്‍ട്ട് എയും ടിയും പൂര്‍ണ്ണമായും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. നിലവില്‍ ആളുകള്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ ഫയര്‍ ഫോഴ്‌സ് പരിശോധന നടത്തണമെന്നും ജേക്കബ് തോമസ് നിര്‍ദ്ദേശിച്ചു.

DGP--CIRCULAR

ഈ സര്‍ക്കുലര്‍ പുറത്ത് വന്നതോടെ സംസ്ഥാനത്തെ ഫ്‌ളാറ്റ് നിര്‍മ്മാണം ഏതാണ്ട്‌ തടസപ്പെട്ട അവസ്ഥയിലായി. ദേശിയ കെട്ടിട നിര്‍മാണച്ചട്ടം പാലിക്കണമെന്ന് ജേക്കബ് തോമസും, കേരള കെട്ടിട നിര്‍മാണച്ചട്ടം മാത്രമേ പാലിക്കാന്‍ കഴിയൂ എന്ന് ഫ്‌ളാറ്റ് ഉടമകളും വാശി പിടിച്ചു. മുഖ്യമന്ത്രിയും, ആഭ്യന്തരമന്തിയും പലയാവര്‍ത്തി ആവശ്യപ്പെട്ടിട്ടും ജനതാല്‍പര്യവും, സുരക്ഷയും ചൂണ്ടിക്കാട്ടി ജേക്കബ് തേമസ് ഇവയൊക്കെ നിരസിക്കുകയായിരുന്നു.

തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിന് മുന്‍പ് ഫയര്‍ ഫോഴ്‌സ് കമാന്‍ഡന്റ് ജനറല്‍ സ്ഥാനത്ത് നിന്ന് ജേക്കബ് തോമസിനെ മാറ്റിയിരിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ പരസ്യ നിലപാടും എടുത്തു. ഒടുവില്‍ അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചീനിയറിംഗ് കോളേജിലെ ഓണാഘോഷ ചടങ്ങുകള്‍ക്ക് ഫയര്‍ എഞ്ചിന്‍ വിട്ടുനല്‍കിയ സംഭവത്തെത്തുടര്‍ന്ന് ഫയര്‍ എഞ്ചിനുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗരേഖ ജേക്കബ് തോമസ് ഇറക്കി. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പല സ്ഥലത്തും ഫയര്‍ എഞ്ചിന്‍ സേവനങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് കാട്ടി സര്‍ക്കാര്‍ ജേക്കബ് തേമസ് അവധിയില്‍ പോയ സാഹചര്യം മുതലെടുത്ത് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here