റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണു ഭാര്യ മരിച്ചു; കുഴിയല്ല കുറ്റം, ശ്രദ്ധയില്ലാതെ ഓടിച്ചതാണെന്ന് പൊലീസ്; ഭര്‍ത്താവിനെതിരെ കേസ്

ബംഗളുരു: ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീണുണ്ടായ അപകടത്തില്‍ മരിച്ചു. റോഡിലെ കുഴിയുടെ കുഴപ്പം കൊണ്ടല്ല ഓടിച്ചയാളുടെ കുഴപ്പം കൊണ്ടാണ് അപകടമെന്നു കാട്ടി പൊലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി ബംഗളുരു ബാണശങ്കരിയിലുണ്ടായ അപകടത്തിലാണ് മധ്യപ്രദേശ് സ്വദേശിനിയായ സ്തുതി പാണ്ഡേ(25) മരിച്ചത്. ഇന്നാണ് സ്തുതിയുടെ ഭര്‍ത്താവ് ഓംപ്രകാശിനെതിരെ ബംഗളുരു പൊലീസ് കേസെടുത്തത്.

ഇന്നലെ രാത്രി ഇരുവരും ജോലി കഴിഞ്ഞു രാത്രി ഒമ്പതരയോടെ വീട്ടിലേക്കു ഹോണ്ട ആക്ടീവ സ്‌കൂട്ടറില്‍ പോകുമ്പോഴായിരുന്നു അപകടം. റോഡിലെ കുഴിയില്‍ സ്‌കൂട്ടര്‍ വീഴാതിരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നു സ്‌കൂട്ടര്‍ മറിയുകയും തലയിടിച്ചു റോഡില്‍ വീണ സ്തുതി തല്‍ക്ഷണം മരിക്കുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ രക്തസ്രാവമാണ് സ്തുതിയുടെ മരണകാരണമായത്.

റോഡിന്റെ നടുവില്‍ തന്നെ കുഴിയുണ്ടായിട്ടും നാളുകളായിട്ടും അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതു കാണാതെയാണ് ഇന്നലെ ഇരുവരും അപകടത്തില്‍പെട്ടത്. എന്നാല്‍, ഭര്‍ത്താവ് ശ്രദ്ധയില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചതു മൂലമാണ് അപകടമുണ്ടായതെന്നു കാട്ടിയാണ് ബംഗളുരു പൊലീസ് കേസെടുത്തത്. ബംഗളുരു നഗരത്തില്‍ റോഡിലുള്ള കുഴിയില്‍ വീണ് ഈ മാസം മരിക്കുന്ന മൂന്നാമത്തെയാളാണ് സ്തുതി പാണ്ഡേ.

മധ്യപ്രദേശ് സ്വദേശികളായ രണ്ടു പേരും രണ്ടു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഓം പ്രകാശും സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News