രസഗുളയെച്ചൊല്ലി തര്‍ക്കം; ഭൗമസൂചിക പദവിയ്ക്കായി ബംഗാളും ഒഡീഷയും

ഭുവനേശ്വര്‍: മധുരത്തിനപ്പുറം ഒരു രസഗുളയില്‍ എന്തിരിക്കുന്നു എന്ന് ചോദിക്കരുത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന്റെ മൂലകാരണം ഇപ്പോള്‍ രസഗുളയാണ്. രസഗുളയുടെ പിതൃത്വം സംബന്ധിച്ചാണ് ഒഡീഷയും പശ്ചിമ ബംഗാളും തമ്മില്‍ തര്‍ക്കം മുറുകിയത്. രസഗുളയുടെ ഉല്‍പത്തി പശ്ചിമബംഗാള്‍ ഏറ്റെടുക്കാന്‍ ശ്രമിച്ചതാണ് തര്‍ക്കങ്ങളുടെ തുടക്കം. രസഗുളയുടെ ആദ്യ ഉല്‍പാദകര്‍ തങ്ങളാണെന്ന എതിര്‍വാദവുമായി ഒഡീഷ രംഗത്തെത്തി. രസഗുളയുടെ ഭൗമസൂചികാ പദവി സംബന്ധിച്ച തര്‍ക്കമാണ് ദേശീയ തലത്തില്‍ എത്തിയത്.

രസഗുളയുടെ പിതൃത്വം സ്ഥാപിക്കാന്‍ സമിതിയെ നിയമിച്ചതാണ് ബംഗാളിനെ പ്രതിരോധിക്കാന്‍ ഒഡീഷ ഒടുവില്‍ പ്രയോഗിച്ച തന്ത്രം. ഒന്നല്ല, മൂന്ന് സമിതികള്‍. ഒരു സമിതി രസഗുളയുടെ ഉല്‍പത്തി സംബന്ധിച്ച തെളിവ് ശേഖരിക്കും. ബംഗാളിന്റെ വാദങ്ങള്‍ പഠിച്ച് പ്രതിവാദം തയ്യാറാക്കാനാണ് രണ്ടാമത്തെ സമിതി. ഒഡീഷയുടെ വാദങ്ങളെ സാധൂകരിക്കാന്‍ പേപ്പറുകള്‍ തയ്യാറാക്കുക എന്നതാണ് മൂന്നാമത്തെ സമിതിയുടെ ചുമതല. മൂന്ന സമിതികളും ഏഴ്് ദിവസത്തിനകം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഒഡീഷ സര്‍ക്കാരിന്റെ ഉത്തരവ്. സാസ്‌കാരിക, ചെറുകിട വ്യവസായ വകുപ്പുകളിലെ ഉന്നതരടങ്ങുന്നതാണ് മൂന്ന് കമ്മിറ്റികളും.

രസഗുളയ്ക്ക് ഭൗമസൂചിക ആവശ്യപ്പെടാന്‍ ബംഗാള്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് തീരുമാനിച്ചു. സൂചിക ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനുള്ള ബംഗാള്‍ സര്‍ക്കാരിന്റെ ശ്രമം അവസാന ഘട്ടത്തിലാണ്. ഇതിനിടയിലാണ് ബംഗാളിന്റെ ശ്രമങ്ങളെ തോല്‍പ്പിക്കുന്നതിനായി ഒഡീഷയും ശ്രമം തുടങ്ങിയത്.

കുര്‍ദ ജില്ലയിലെ പഹല എന്ന സ്ഥലത്താണ് രസഗുളയുടെ ഉത്ഭവം എന്നാണ് ഒഡീഷയുടെ വാദം. ബ്രിട്ടനിലെ അന്താരാഷ്ട്ര വികസന വകുപ്പുമായി ചേര്‍ന്ന് നേരത്തെതന്നെ ഒഡീഷയുടെ ചെറുകിട – ഇടത്തരം വ്യവസായ വകുപ്പ് പഠനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനിടയിലാണ് ബംഗാളിന്റെ നീക്കം ഒഡീഷയെ പ്രകോപിപ്പിച്ചത്. എന്നാല്‍ രസംഗുളയുടെ ഉത്ഭവം 1868ല്‍ കൊല്‍ക്കത്തയിലാണെന്നാണ് ബംഗാളിന്റെ വാദം.

ആഘോഷ വേളയില്‍ ഉത്തരേന്ത്യക്കാരുടെ പ്രധാന മധുര വിഭവമാണ് രസഗുള. എന്തായാലും മധുര വിഭവമായ രസഗുളയുടെ പേരില്‍ ഒഡീഷയും ബംഗാളും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പുറത്തറിഞ്ഞതോടെ മറ്റേതെങ്കിലും സംസ്ഥാനങ്ങള്‍ ഭൗമ സൂചികയ്ക്കായി ആവശ്യം ഉന്നയിക്കുമോ എന്നാണ് അറിയേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News