മരണത്തെ മുഖാമുഖം കണ്ട് 170 മണിക്കൂറുകൾ; ഷിംലയിൽ തുരങ്കത്തിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

Tunnel-shimla

ഷിംല: ഹിമാചൽപ്രദേശിലെ കിരാട്പുർ-മണാലി ദേശീയപാതയിൽ നിർമ്മാണത്തിലിരുന്ന ടണൽ തകർന്ന് അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ സെപ്തംബർ 12 ശനിയാഴ്ച്ചയാണ് അപകടം നടന്നത്. ഹിമാലയൻ കൺസ്ട്രക്ഷൻ കമ്പനിയിലെ തൊഴിലാളികളായ മണി റാം, സതീഷ് തോമർ, ഹൃദയറാം എന്നിവരാണു ടണലിനുള്ളിൽ അകപ്പെട്ടത്. ഒരാഴ്ച തുരങ്കത്തിനുള്ളിൽ കുടുങ്ങിയ ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചിട്ട് ഇതോടെ 170 മണിക്കൂറുകൾ പിന്നിട്ടു.

12ന് രാത്രി ജോലിക്ക് കയറി 95 മീറ്ററെത്തിയപ്പോൾ തുരങ്കത്തിന്റെ മേൽഭാഗം ഇടിഞ്ഞ് താഴേക്ക് താഴ്ന്നു പോകുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അഞ്ചുപേർ രക്ഷപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

45 മീറ്റർ ആഴത്തിൽ കുഴിയെടുക്കാനുള്ള ശ്രമം നടന്നെങ്കിലും വെള്ളിയാഴ്ച പാറയിൽ തട്ടി പണിനിലക്കുകയായിരുന്നു. നിർത്തിവെച്ച രക്ഷാപ്രവർത്തനം ശനിയാഴ്ച വീണ്ടും ആരംഭിച്ചെങ്കിലും മണിക്കൂറിൽ ഒരു മീറ്ററേ കുഴിക്കാൻ കഴിയുന്നുള്ളൂ. രക്ഷാപ്രവർത്തകർ തുരങ്കത്തിനുള്ളിലേക്ക് കടത്തിവിട്ട ചെറുക്യാമറയിലൂടെയാണ് ഇവർ പരസ്പരം ബന്ധപ്പെടുന്നത്. എന്നാൽ രണ്ടു പേർ മാത്രമാണ് ക്യാമറയിൽ പതിഞ്ഞത്. മൂന്നാമനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

നാലിഞ്ച് വ്യാസമുള്ള പൈപ്പിട്ട് ദിവസവും രണ്ടുനേരം ഓക്‌സിജനും ഭക്ഷണവും വെള്ളവും അവശ്യമരുന്നുകളും രക്ഷാപ്രവർത്തകർ തുരങ്കത്തിൽ എത്തിക്കുന്നുണ്ട്. ഇരുവരുടെയും ആരോഗ്യനിലയെ കുറിച്ച് ഡോക്ടർമാരും മനശാസ്ത്രജ്ഞരും ഇവരോട് സംസാരിക്കുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like