അന്നം മുടക്കുന്നവനോ പൊലീസ്? 65കാരന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ലഖ്‌നൗ: വൃദ്ധന്റെ ജീവിതമാർഗമായ ടൈപ്പ് റൈറ്റർ ചവിട്ടി തകർത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നിർദ്ദേശത്തെ തുടർന്നാണ് സബ് ഇൻസ്‌പെക്ടർ പ്രദീപ്കുമാറിനെ സസ്‌പെൻഡ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി വൃദ്ധനെ സന്ദർശിച്ച് പുതിയ ടൈപ്പ്‌റൈറ്റർ കൈമാറുകയും ചെയ്തു. സംഭവത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയ വഴി വൈറലാതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

ലഖ്‌നൗ ജനറൽ പോസ്റ്റ്ഓഫീസിന് സമീപം ടൈപ്പ് റൈറ്ററുമായി ഇരിക്കുന്ന 65കാരനായ കൃഷ്ണകുമാറിന് നേരെയാണ് പ്രദീപ് കുമാർ അതിക്രമം കാണിച്ചത്. 35 വർഷമായി ഹിന്ദി ടൈപ്പ് ചെയ്താണ് വൃദ്ധൻ ജീവിക്കുന്നത്. ദിവസവും പത്ത് മണിക്കൂർ ജോലി ചെയ്താൽ ഇദ്ദേഹത്തിനു ലഭിക്കുക 50 രൂപ മാത്രമാണ്.

റോഡരികിൽ നിന്ന് എഴുന്നേറ്റ് പോകാൻ എസ്‌ഐ പറഞ്ഞെങ്കിലും തന്റെ കഷ്ടപാടുകൾ കൃഷ്ണകുമാർ പറഞ്ഞതോടെ, ക്ഷുഭിതനായ എസ്.ഐ അസഭ്യം പറയുകയും ടൈപ്പ് റൈറ്റർ ചവിട്ടി പൊളിക്കുകയുമായിരുന്നു. ഒരിക്കലും അവിടെ ഇരിക്കില്ല എന്നു പറഞ്ഞ് കാലു പിടിച്ചിട്ടും ടൈപ്പ്‌റൈറ്റർ എസ്‌ഐ ചവിട്ടിപ്പൊളിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാർ പറഞ്ഞു.

അതുവഴി പോയ ഒരു ഫോട്ടോ ജേർണലിസ്റ്റ് സംഭവം ക്യാമറയിൽ പകർത്തി ഫേസ്ബുക്കിലിട്ടതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം വൃദ്ധനെ സന്ദർശിച്ച ഡിഎസ്പി പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിക്കുകയും ചെയ്തു. പുതിയ ടൈപ്പ് റൈറ്റർ കൈമാറുന്ന ചിത്രങ്ങൾ മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here