ഇത്രനേരത്തെ കുട്ടികളെ സ്‌കൂളില്‍ വിടണ്ട; കുട്ടികളെ കൂടുതല്‍ ഉറങ്ങാന്‍ അനുവദിക്കൂ; ബുദ്ധി വര്‍ധിക്കുമെന്ന് പഠനം

ഇന്ത്യന്‍ സ്‌കൂളുകള്‍ നേരത്തെ തുടങ്ങുന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര ഉറങ്ങാന്‍ സാധിക്കുന്നില്ലെന്ന് ലോകത്തെ ഉറക്ക വിദഗ്ധരുടെ പഠനം. രാവിലെ ഏഴു മണിക്ക് തുടങ്ങുന്ന സ്‌കൂളുകള്‍ ഇന്ത്യയിലുണ്ട്. അതിനു മുമ്പായി സ്‌കൂളിലെത്താന്‍ കുട്ടികള്‍ അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വരുകയും ഇത് ഏറെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കുട്ടികള്‍ക്കുണ്ടാകുന്നതിനും കാരണമാകുന്നെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ സ്‌കൂളുകള്‍ വൈകി തുടങ്ങുന്നതും കുട്ടികളെ കൂടുതല്‍ സമയം ഉറങ്ങാന്‍ അനുവദിക്കുന്നതും അവരുടെ ബുദ്ധിവളര്‍ച്ചയെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ പോള്‍ കെല്ലി നല്‍കുന്ന നിര്‍ദേശം ഇങ്ങനെ. എട്ടുമുതല്‍ പത്തുവരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ സമയം ആരംഭിക്കേണ്ടത് 8.30നോ അതുകഴിഞ്ഞോ ആയിരിക്കണം. 16 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്ക് 10 മണിക്ക് ശേഷവും 18 വയസ്സുവരെ 11 മണിക്ക് ശേഷവും സ്‌കൂള്‍ തുടങ്ങുക എന്നതാണ് ആ നിര്‍ദേശം. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ കുട്ടികള്‍ക്ക് പത്തുമണിക്കൂറോളം ഉറക്കം നഷ്ടപ്പെടുന്നതായാണ് പറയപ്പെടുന്നത്.

ലോകത്താകമാനം ഇപ്പോള്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ക്ക് കീഴടങ്ങിയിരിക്കുകയാണ്. ഇതും കുട്ടികളുടെ ഉറക്കത്തെ ബാധിക്കുന്നുണ്ട്. ഈ പ്രവണതയില്‍ നിന്ന് ഇന്ത്യയിലെ കുട്ടികളും ഒഴിവല്ല. ഉറക്കനഷ്ടം കുട്ടികളില്‍ ഡയബറ്റിസ്, അമിതവണ്ണം, വിഷാദരോഗം എന്നീ രോഗങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. ഇന്ത്യയില്‍ പലകുട്ടികളും സൂര്യനുദിക്കുന്നതിനു മുമ്പേ സ്‌കൂളിലേക്ക് പുറപ്പെടേണ്ടി വരുന്നു. ഇന്ത്യയിലെ സ്‌കൂള്‍ ടൈമിംഗാണ് ഇതിനു കാരണം. ഡോക്ടര്‍മാരും സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാരും ഇക്കാര്യം സമ്മതിക്കുന്നുമുണ്ട്. ഉറക്കം നഷ്ടപ്പെടുന്നുണ്ടെങ്കിലും സ്‌കൂള്‍ ടൈം മാറ്റുക എളുപ്പമാകില്ലെന്നാണ് പ്രിന്‍സിപ്പള്‍മാര്‍ അടക്കമുള്ളവര്‍ പറയുന്നത്.

ചില വിദഗ്ധരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാം. സ്‌കൂള്‍ ടൈമിംഗ് കുട്ടികളിലെ ഉറക്കത്തെ ബാധിക്കുന്നുണ്ടെന്ന് ഏതാനും വര്‍ഷം മുമ്പുതന്നെ താന്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായി ഡോ. രാമനാഥന്‍ അയ്യര്‍ പറയുന്നു. എന്നാല്‍, അപ്പോള്‍ ആരും ചെവിക്കൊണ്ടില്ല. മുംബൈ ദാദറിലെ വിഎന്‍ സ്യൂള്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മീനാക്ഷി വാള്‍കെ പറയുന്നത് നന്നായി ഉറങ്ങിയ ശേഷമാണ് കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നതെങ്കില്‍ അത് അവരുടെ ബുദ്ധിശക്തിയെയും പഠനത്തെയും സഹായിക്കുമെന്നാണ്. എന്നാല്‍, മുംബൈയിലെ ഗതാഗതം, സ്ഥലപരിമിതി, പീക് സമയങ്ങളിലെ തിരക്ക് എന്നിവ കണക്കിലെടുത്ത് സ്‌കൂള്‍ സമയങ്ങളില്‍ മാറ്റം വരുത്താനാവാത്ത സ്ഥിതിയാണെന്നും പ്രിന്‍സിപ്പള്‍ പറയുന്നു.
മാത്രവുമല്ല, കുട്ടികള്‍ രാവിലെ സ്‌കൂളില്‍ എത്തി ഉച്ചകഴിയുമ്പോഴേക്കും സ്‌കൂള്‍ സമയം കഴിഞ്ഞാല്‍ മറ്റു വിനോദ പരിപാടികളില്‍ ഏര്‍പ്പെടാമെന്നും പ്രിന്‍സിപ്പാള്‍ മീനാക്ഷി വാള്‍ക്കെ പറയുന്നു. പഠനഭാരവും കുട്ടികളില്‍ വര്‍ധിക്കുന്നുണ്ട്. സ്‌കൂള്‍ കഴിഞ്ഞാലും സമാന്തര ക്ലാസുകള്‍ക്ക് കുട്ടികള്‍ക്ക് പോകേണ്ടി വരുന്നതായി ബാന്ദ്രയിലെ ഡോ. ശശാങ്ക് ജോഷി പറയുന്നു. ഇത് അവരുടെ വിശ്രമത്തിനുള്ള സമയം കുറയ്ക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ മൊബൈല്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്ക് അടിമയാകുന്നതായും ഡോക്ടര്‍ പറഞ്ഞു.
അതുകൊണ്ട് കുട്ടികളിലെ ഉറക്കശീലം വര്‍ധിപ്പിക്കേണ്ടത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ടിവി കാണുക, മൊബൈലില്‍ കളിക്കുക എന്നിവയ്ക്ക് പകരം 9 മണിക്ക് മുമ്പായി ഉറങ്ങാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. മാത്രവുമല്ല, രാത്രിവൈകി ടിവി കാണുന്നത് കണ്ണിന്റെ റെറ്റിനയില്‍ ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലാറ്റോണിന്‍ ഉണ്ടാകുന്നതിനെ ബാധിക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News