ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്; കൊല്ലം – ചെങ്കോട്ട മീറ്റര്‍ഗേജ് തീവണ്ടിയുടെ ചരിത്രം നാല് ഭാഷകളിലേക്ക്

കൊല്ലം: കൊല്ലം മുതല്‍ ചെങ്കോട്ട വരെയുള്ള മീറ്റര്‍ഗേജ് തീവണ്ടിയുടെ ചൂളംവിളി നിലച്ചിട്ട് കൊല്ലം അഞ്ചായി. പതിമൂന്ന് കണ്ണറപാലവും മലമടക്കുകളും തുരങ്കങ്ങളും കടന്ന് മലയോര മണ്ണിന്റെ മനസിലേക്ക് നൂറ്റാണ്ടിലധികം കാലം ചൂളം വിളിച്ചാണ് മീറ്റര്‍ഗേജ് തീവണ്ടി 2010 സെപ്തംബര്‍ 19ന് യാത്ര അവസാനിപ്പിച്ചത്. പൈതൃക പാത പുനരുദ്ധരിക്കാനുളള പണി ഇഴയുകയാണ്. കൊല്ലത്തിന്റെ മലയോര മേഖലയെ തമിഴകവുമായി ബന്ധിപ്പിച്ച തീവണ്ടിപ്പാതയുടെ ചരിത്രമാണ് ‘ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്’ എന്ന പുസ്തകം. മാധ്യമപ്രവര്‍ത്തകനും യുവ എഴുത്തുകാരനുമായ മുഹമ്മദ് ഷാഫി എഴുതിയ പുസ്തകം കഴിഞ്ഞ വര്‍ഷമാണ് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകം അറബിക് അടക്കം നാലു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും. അഭിമുഖങ്ങളും മീറ്റര്‍ഗേജ് പാതയുടെ വിവരണവും അടങ്ങിയതാണ് പുസ്തകം.

പുനലൂര്‍, തെന്മല, ആര്യങ്കാവ് പ്രദേശവാസികളുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു മീറ്റര്‍ഗേജ് പാതയിലൂടെയുള്ള തീവണ്ടിയുടെ ചൂളംവിളി. ഇപ്പോഴും മലയോരജനത എന്തുകൊണ്ട് മീറ്റര്‍ഗേജ് പാതയെ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവു കൂടിയാണ് പുസ്തകം. തിരുവിതാംകൂര്‍ പ്രദേശം ഭരിച്ച മൂലം തിരുനാള്‍ രാമവര്‍മയുടെ കാലത്ത് 1888ലാണ് തീവണ്ടിപ്പാത പൂര്‍ത്തീകരിച്ചത്. ആര്യങ്കാവ്, തെന്മല പ്രദേശങ്ങളിലെ വനമേഖലകളില്‍നിന്ന് മുറിച്ച തടിയിലാണ് റെയില്‍വെ ട്രാക്ക് പൂര്‍ത്തീകരിച്ചത്. ഇറ്റാലിയന്‍ എഞ്ചിനീയര്‍മാരുടെ സാങ്കേതിക സഹായത്തോടെ ബ്രിട്ടീഷുകാരാണ് തീവണ്ടിപ്പാതയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ഈ ചരിത്രമൊക്കെയും പ്രതിപാദിക്കുന്നതാണ് മുഹമ്മദ് ഷാഫിയുടെ ‘ആ ചൂളംവിളികളില്‍ മുഴങ്ങിക്കേട്ടത്’ എന്ന പുസ്തകം.

100 പേജിലധികം വരുന്ന പുസ്തകത്തില്‍ മീറ്റര്‍ഗേജ് പാതയുടെയും തീവണ്ടിയുടെയും ഒക്കെ 60ല്‍ അധികം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിലേക്കാണ് പുസ്തകം തര്‍ജ്ജിമ ചെയ്യുന്നത്. അധ്യാപകരായ സജയന്‍, ഡോ. രാജേഷ്‌കുമാര്‍ എന്നിവരാണ് പുസ്തകം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. മുഹമ്മദ് ഷാഫിയും ഷെമിയും ചേര്‍ന്ന് പുസ്തകം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തി. അറബിയിലേക്ക് കബീര്‍ മൗലവിയും തമിഴിലേക്ക് പ്രൊഫ. രാജു ശെല്‍വം, ഷെറില്‍ തങ്ങള്‍ എന്നിവരും പരിഭാഷപ്പെടുത്തി. അഞ്ച് വര്‍ഷം പൂര്‍ത്തിയായിട്ടും മീറ്റര്‍ഗേജ് പാതയുടെ നിര്‍മ്മാണം ഇഴയുന്നതിന്റെ പ്രതിഷേധം കൂടിയാണ് പുസ്തകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News