അസ്വാരസ്യങ്ങള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ന് ഫ്ളാഗ് മീറ്റിംഗ്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യാ-പാക് കരസേനകളുടെ ഫ്ളാഗ് മീറ്റിംഗ് ഇന്ന് ചേരും. നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഫ്ളാഗ് മീറ്റിംഗില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും. അതിര്‍ത്തിയിലെ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഇരുരാജ്യങ്ങളും മുന്നോട്ട് വയ്ക്കുമെന്നാണ് സൂചന.

നിയന്ത്രണരേഖയിലെ പ്രശനങ്ങള്‍ പരിഹരിക്കുന്നതിന് അതിര്‍ത്തി രക്ഷാസേനാ തലവന്‍മാരുടെ അഞ്ചു ദിവസത്തെ യോഗം ഈ മാസം ആദ്യം ദില്ലിയില്‍ ചേര്‍ന്നിരുന്നു. സംയുക്ത സമാധാന നടപടികള്‍ക്കുള്ള കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കുകയും ചെയ്തു. ഇതിനു ശേഷവും പൂഞ്ച്, ബലാകോട്ട, അംഗോര മേഖലകളില്‍ അടക്കം പാകിസ്താന്‍ വെടിവയ്പ്പ് തുടര്‍ന്നു. സെപ്തംബറില്‍ മാത്രം 23 തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ബിഎസ്എഫ് ഓഫീസറടക്കം കൊല്ലപ്പെടുകയും നിരവധി ഗ്രാമീണര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അത്യാധുനിക ആയുധങ്ങളുമായി നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ഈ സാഹചര്യത്തിലാണ് പൂഞ്ച് ജില്ലയിലെ ചക്കാന്‍ ഡ ബാഗ് സൈനിക കേന്ദ്രത്തില്‍ ഇരുരാജ്യങ്ങളുടേയും കരസേനാ ഫ്ളാഗ് മീറ്റിങ്ങ് നടക്കുന്നത്.

കരസേന ബ്രിഗേഡ് കമാന്‍ഡര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. നിയന്ത്രണരേഖയില്‍ പാകിസ്താന്‍ നടത്തിയ കരാര്‍ ലംഘനങ്ങളുടെ വിശദാംശങ്ങള്‍ ഇന്ത്യ യോഗത്തില്‍ കൈമാറും. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം എന്നാണ് പാക് വാദം. പാക്
കര്‍ഷകര്‍ അടക്കം കൊല്ലപ്പെട്ടെന്ന ആരോപണം പാകിസ്താന്‍ ഫ്ളാഗ് മീറ്റിങ്ങില്‍ ഉന്നയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News