സ്വാശ്രയ പ്രവേശനത്തിൽ സർക്കാരിന് ഇരട്ട നീതിയെന്ന് സമസ്ത; മുഖ്യമന്ത്രി ഒരു സമുദായത്തിന്റെ മാത്രമാകുന്നു

കോഴിക്കോട്: സ്വാശ്രയ പ്രവേശനത്തിൽ സംസ്ഥാന സർക്കാരിനെതിരെ സമസ്ത. എംഇഎസിനെതിരെ സർക്കാർ തലത്തിൽ കുപ്രചരണം നടത്തുന്നുവെന്നും സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ഒരു സമുദായത്തിനെതിരെ ഉപജാപം നടത്തുന്നുവെന്നും സമസ്ത മുഖപത്രമായ സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു. മുഖ്യമന്ത്രി ഒരു സമുദായത്തിന്റെ മാത്രം ആളല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

‘ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നടത്തുന്ന സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ഉപയോഗിച്ചു നേടിയെടുത്തതാണ്. എന്നാൽ ആ മാനേജ്‌മെന്റുകളോട് സർക്കാർ കാണിക്കുന്ന ‘അനുഭാവം’ ഇതര മാനേജ്‌മെന്റുകളോട് കാണിക്കാത്തത് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന നാട്ടുവർത്തമാനം സാർഥകമാക്കുകയാണോ? സർക്കാരുമായുള്ള കരാർ ലംഘിച്ചെന്ന പേരിലാണ് എം.ഇ.എസ് മെഡിക്കൽ കോളജിലെ സീറ്റുകൾ റദ്ദാക്കിയതെങ്കിൽ സർക്കാർ കരാർ ലംഘിച്ചു ലക്ഷങ്ങൾ കോഴവാങ്ങുന്ന ക്രിസ്ത്യൻ മാനേജ്‌മെന്റിന് ഇതു ബാധകമല്ലേ? ‘ മുഖപ്രസംഗത്തിൽ പറയുന്നു.

പൂർണ്ണരൂപം താഴെ വായിക്കാം

പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ 61 സീറ്റുകളും ഡെന്റല്‍ കോളജിലെ ആറു സീറ്റുകളും ജെയിംസ് കമ്മിറ്റി റദ്ദാക്കിയതു സംബന്ധിച്ച് ഞങ്ങള്‍ ഈ പംക്തിയില്‍ എഴുതിയിരുന്നു. ന്യൂനപക്ഷ പദവി നേടി നടത്തുന്ന സ്ഥാപനങ്ങള്‍ ആ വിഭാഗത്തില്‍പെടുന്ന നിര്‍ധനരും മിടുക്കരുമായ വിദ്യാര്‍ഥികളോടു കാണിക്കുന്ന ക്രൂരതയെക്കുറിച്ചും അത്തരം സംഭവങ്ങളിലേക്ക് അധികൃത ശ്രദ്ധ ക്ഷണിച്ചും ഞങ്ങളെഴുതി. ഇത്തരം സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി എടുത്തുകളയുന്നതിനെക്കുറിച്ച് ദേശീയ ന്യൂനപക്ഷ കമ്മിഷനെ അറിയിക്കുമെന്നു സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി വെളിപ്പെടുത്തുകയുമുണ്ടായി.അത്രയും നല്ലത്. പക്ഷെ ഒരു സത്യം ന്യൂനപക്ഷ ചെയര്‍മാനും മുഖ്യധാരാ മാധ്യമങ്ങളും അറിയാതെ പോയതോ തമസ്‌കരിച്ചതോ?

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ നടത്തുന്ന സ്വാശ്രയ മെഡിക്കല്‍ സ്ഥാപനങ്ങളും ന്യൂനപക്ഷ പദവി ഉപയോഗിച്ചു നേടിയെടുത്തതാണ്. എന്നാല്‍ ആ മാനേജ്‌മെന്റുകളോട് സര്‍ക്കാര്‍ കാണിക്കുന്ന ‘അനുഭാവം’ ഇതര മാനേജ്‌മെന്റുകളോട് കാണിക്കാത്തത് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നാട്ടുവര്‍ത്തമാനം സാര്‍ഥകമാക്കുകയാണോ? സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ, മതേതര സര്‍ക്കാരിന്റെ തൂവെള്ള വെണ്‍മയ്ക്കു ചേരുന്നതല്ല ഇത്തരം നടപടികള്‍.

സര്‍ക്കാരുമായുള്ള കരാര്‍ ലംഘിച്ചെന്ന പേരിലാണ് എം.ഇ.എസ് മെഡിക്കല്‍ കോളജിലെ സീറ്റുകള്‍ റദ്ദാക്കിയതെങ്കില്‍ സര്‍ക്കാര്‍ കരാര്‍ ലംഘിച്ചു ലക്ഷങ്ങള്‍ കോഴവാങ്ങുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് ഇതു ബാധകമല്ലേ? ആരോടും വിദ്വേഷമില്ലാതെ, ആരോടും പ്രീണനമില്ലാതെ ഭരിക്കുമെന്നു സത്യപ്രതിജ്ഞ ചൊല്ലിയത് വെറും വീണ്‍ വാക്കായിരുന്നോ?
അടുത്ത മൂന്നു വര്‍ഷത്തേക്ക് സ്വന്തം ഇഷ്ടപ്രകാരം ഫീസ് വര്‍ധിപ്പിക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ അനുമതി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? അനുമതിപ്രകാരം ഈ മാനേജ്‌മെന്റുകള്‍ക്ക് വരുന്ന മൂന്നു വര്‍ഷങ്ങളില്‍ തുടക്കത്തില്‍ നാലു ലക്ഷവും പിന്നീടുള്ള ഓരോ വര്‍ഷങ്ങളില്‍ തുക വര്‍ധിപ്പിച്ചും വാങ്ങാവുന്നതുമാണ്. എന്നാല്‍ കഴിഞ്ഞ 13 വര്‍ഷമായി എം.ഇ.എസ് മെഡിക്കല്‍ കോളജ് 50 ശതമാനം സീറ്റില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസാണ് ഈടാക്കുന്നത്. 25,000 മുതല്‍ ഒരു ലക്ഷം വരെ ഫീസ് നിശ്ചയിച്ച് എം.ഇ.എസ്, സര്‍ക്കാരുമായി നേരത്തെ കരാറില്‍ ഏര്‍പ്പെട്ടതുമാണ്.

എന്നാല്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കാവട്ടെ 4.85 ലക്ഷം ഫീസില്‍ മുഴുവന്‍ സീറ്റിലും പ്രവേശനം നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നു. ഇതിനു പുറമെ ജെയിംസ് കമ്മിറ്റി നിര്‍ദേശിച്ച ഫീസും വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മതേതര, ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ മതേതര, ജനാധിപത്യ കക്ഷി ഭരിക്കുന്ന കൊച്ചു സംസ്ഥാനത്താണ് ഇതൊക്കെ നടക്കുന്നത്.

തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, തൃശൂര്‍ അമല മെഡിക്കല്‍ കോളജ്, തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, പുഷ്പഗിരി കോളജ് ഓഫ് ഡെന്റല്‍ സയന്‍സ് എന്നിവയ്ക്കാണ് മനസ്സറിഞ്ഞ് മുഖ്യമന്ത്രി ആനുകൂല്യങ്ങള്‍ വാരിക്കോരിക്കൊടുത്തിരിക്കുന്നത്. ഈ സ്ഥാപനങ്ങളുടെ മാനേജ്‌മെന്റുകളുമായി സര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ഏതു സീറ്റില്‍ പ്രവേശനം ലഭിച്ചാലും വിദ്യാര്‍ഥികള്‍ ഈ വര്‍ഷം നാലു ലക്ഷം നല്‍കണം. എന്നാല്‍ ന്യൂനപക്ഷ പദവിയുള്ള ആറു ക്രിസ്ത്യനിതര കോളജുകള്‍ക്ക് സര്‍ക്കാരിന്റെ ഈ കരുണാകടാക്ഷം ഇല്ലതാനും. അവരെ ഈ കരാറിലും ഉള്‍പ്പെടുത്തിയിട്ടില്ല.

എം.ഇ.എസ് മെഡിക്കല്‍ കോളജ് സര്‍ക്കാരിനു സീറ്റ് വിട്ടുകൊടുക്കുന്നില്ലെന്നും ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ നല്‍കുന്നുമുണ്ടെന്നുമുളള വ്യാജപ്രചാരണം സര്‍ക്കാര്‍ തലത്തില്‍തന്നെ നടത്തുകയാണ്. ന്യൂനപക്ഷ കമ്മിഷനും ചില മാധ്യമങ്ങളും കണ്ണടച്ച് ഇതപ്പാടെ വിഴുങ്ങുകയും ചെയ്തിരിക്കുന്നു. മാത്രവുമല്ല, ‘തൂലിക വാളാക്കി’ ഒരു പത്രം എം.ഇ.എസ് മെഡിക്കല്‍ കോളജിനെതിരേ പടവെട്ടാനും ഇറങ്ങിയിട്ടുണ്ട്. സാമൂഹികനീതി നടപ്പിലാക്കാന്‍ ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ക്കു ബാധ്യതയില്ലേ? മറ്റു പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങളുടെ ശിരസ്സില്‍ മാത്രം ചുമക്കേണ്ടതാണോ ഈ സാമൂഹിക ബാധ്യത?

പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ പ്രവേശന നടപടികള്‍ സുതാര്യമായാണ് നടക്കുന്നതെന്നും സീറ്റുകള്‍ റദ്ദാക്കരുതെന്നുമാവശ്യപ്പെട്ട് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍തന്നെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ കുറേ മാസങ്ങളായി സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ഒരു സമുദായത്തിന്റെ അവകാശ, ആനുകൂല്യങ്ങള്‍ക്കെതിരേ നടക്കുന്ന ഉപജാപങ്ങളും ഗൂഢാലോചനകളും കണ്ടില്ലെന്നുനടിക്കാനാവില്ല. അതിലെ ഏറ്റവും അവസാനത്തേതാണ് എം.ജി സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ഷീനാ ശുക്കൂറിനെതിരേ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗൂഢാലോചനകള്‍. ഇതിന്റെ പിന്നിലും സെക്രട്ടേറിയറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നീരാളിക്കൈകള്‍ ഉണ്ടെന്നുവേണം കരുതാന്‍. ന്യൂനപക്ഷ സ്ഥാപനങ്ങളെ തെരഞ്ഞുപിടിച്ചു നശിപ്പിക്കുന്ന നീരാളിക്കൈകള്‍.

ഫയലുകളില്‍ എഴുതുന്ന കൈവിരലുകളില്‍ മാത്രം ഐ.എ.എസ് മുദ്ര ഉണ്ടായാല്‍പോര, ആത്മാവിലും അതു പതിയണം. എങ്കില്‍ മാത്രമേ നീതിക്കുവേണ്ടിയുള്ള ഒരു ജനതയുടെ നിലവിളി കേള്‍ക്കാനാകൂ. ഉമ്മന്‍ചാണ്ടി കേരളീയരുടെ മുഴുവന്‍ മുഖ്യമന്ത്രിയാണ്, ഒരു വിഭാഗത്തിന്റേതു മാത്രമല്ലെന്നോര്‍ക്കണം. ഒരു തുറന്ന സമരത്തിന് ഇടനല്‍കാതെ സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News